രചന : ഫബിലു റെജീബ്ചെറുവല്ലൂർ ✍
പ്രണയമെന്താണെന്നറിയുവാൻ വളരെയേറെ
വൈകിപ്പോയി ഞാൻ.
കുട്ടിത്തംതുളുമ്പുന്ന
കുഞ്ഞുപ്രായത്തിലൊന്നും
പ്രണയത്തെ
ഞാൻ തിരഞ്ഞതേയില്ല.
ഇന്ന് ….
പ്രണയത്തെക്കുറിച്ച്
ഞാൻ പഠിച്ചിരിക്കുന്നു.
സർവ്വം പ്രണയമയമാണ്.
പിഞ്ചുകുഞ്ഞിന്റെ മിഴിയിലും
കവിൾ നനഞ്ഞുനിൽക്കുന്ന
വാടിയ മുഖത്തിലും
സ്നേഹത്തഴുകലേറ്റ
കനൽക്കിനാവുകളിലുമൊക്കെ
ഒളിഞ്ഞിരിക്കുന്ന
പ്രണയമുണ്ടായിരുന്നു.
വേനൽച്ചൂടിൽ
കുളിരേകിയെത്തുന്ന
മഴത്തുള്ളിയിലും
കാറ്റും തണുപ്പും
മാറിമാറി തലോടുന്നതിലും
പ്രണയമുണ്ടായിരുന്നു.
മഞ്ഞുപൊഴിയുന്ന രാവിൽ
കിളികൾ കിന്നാരം പറയുമ്പോഴും
വിരിയുവാൻ വെമ്പിനിൽക്കുന്ന
ആമ്പൽപ്പൂമൊട്ടിനെ
നിലാവ് എത്തിനോക്കുന്നതിലും
പ്രണയമുണ്ടായിരുന്നു.
താരകക്കൂട്ടങ്ങൾ
കൺചിമ്മി പറയുന്നതും,
ഇരുട്ടുപരത്തി പടികടന്നുപോയ
സൂര്യമാനസം മന്ത്രിച്ചതും
പ്രണയത്തെക്കുറിച്ചുതന്നെയാകാം…
മിഴികളിൽനിന്നുതീർന്നുവീഴുന്ന
നീർക്കണത്തിലെ
നേർത്ത നനവിലും
വിടരാൻ മടിക്കുന്നോരോർമ്മകളിലും
ഒരു കാമുകനെപ്പോലെയോ, കാമുകിയെപ്പോലെയോ
പ്രണയം മറഞ്ഞുനിൽക്കുന്നുണ്ട്.
പാതിവഴിയിലെവിടെയോ
വീണുപോയ ഒരു പ്രണയം
ആർക്കുമുണ്ടാകാം….
തിരിച്ചൊരു
നേർത്ത പുഞ്ചിരിയെങ്കിലും കൊതിച്ച്
ആരെങ്കിലും ചേർത്തുനിർത്തുമെന്ന പ്രതീക്ഷയിൽ
വഴിവക്കിലങ്ങനെ……
ചിലപ്പോഴൊക്കെ
പ്രണയവും
തനിച്ചാകാറുണ്ടെന്ന്
പിന്നീടാണ്
ഞാൻ തിരിച്ചറിഞ്ഞതും.