രചന : ജിബിൽ പെരേര✍
തിളച്ച മുജ്ജന്മ വൈരാഗ്യബീജത്താൽ
ശാപമെന്നോണം പിറന്നവളേ,
ആരും ഭയക്കുന്ന പനമരചോട്ടിൽ
നിന്നെയും തേടിയലയുന്നു ഞാൻ
ഉച്ചാടനം ചെയ്ത മന്ത്രവാദിയെ കൊന്ന്
ഉമ്മകൾ കൊണ്ടാ മനം ശാന്തമാക്കും
പകപൊള്ളി വെളുത്ത സാരിയഴിച്ച്
മന്ത്രകോടിയിൽ നിന്നെയെൻ പാതിയാക്കും
അരുണിമ പടർന്ന നിൻ കവിൾത്തടങ്ങളിൽ
മോഹത്തിൻ താമരത്തടാകങ്ങൾ തീർക്കും
എൻ വിരൽ ചീർപ്പിൻ സ്നേഹത്തലോടലാൽ
ജടമുടിയിഴകളെ മൃദുലമാക്കും
ആ ചോരക്കണ്ണുകൾ തെളിഞ്ഞുകാണാൻ
അരയന്നങ്ങളോടിച്ചിരി വെണ്മ തേടും
ദേവതമാരെ കൊതിപ്പിക്കുംവിധം
നീലാഞ്ജനം കൊണ്ടാ മിഴിയെഴുതും
നിന്റെ ശബ്ദഗാംഭീര്യം കുറയ്ക്കാൻ
കുയിലിനോടൽപം ശ്രുതിയിരക്കും
നിനക്കൊരു മനുഷ്യസ്ത്രീ ജൻമത്തിനായ്
ബ്രഹ്‌മാവിൻ മുമ്പിൽ തപസ്സിരിക്കും
നിനക്ക് രക്തം കുടിക്കുവാനെന്റെ
ഹൃദയധമനികൾ തുറന്ന് വെക്കും
നിനക്ക് മാന്തിക്കീറുവാനായ്
ഈ കരളിന്റെ ഭിത്തികൾ പതിച്ച് നൽകും
രക്തം കൊതിക്കുമാ ചുണ്ടിന്റെ ദാഹം
ഇനിയെന്റെ ചുംബനത്തിനായ് മാത്രമാകും
ഇനി നീ സന്ധ്യയിൽ തേടിയിറങ്ങുക
എന്നിലെ പ്രണയം തിരഞ്ഞു മാത്രം
നീ ചിരിച്ചാൽ വിറയ്ക്കുന്ന കാടുകൾ
ഇനിമുതൽ പ്രണയത്തിൽ പൂത്തുലയും
നിന്റെ കാഴ്ചയിൽ കൂവുന്ന കുറുനരിയും
നിന്റെ വരവിൽ കുറുകുന്ന മൂങ്ങയും
നിന്നെ കാണുമ്പോൾ പാറുന്ന വവ്വാലും
ഈ അനുരാഗത്തീയിൽ വെന്തുരുകും
വരൂ..വരൂ.. നമുക്കിനിയൊന്നിച്ച് ചവയ്ക്കാം,
ജീവിതത്തിന്റെ ചുണ്ണാമ്പും വെറ്റിലയും
വരൂ,..വരൂ..നമുക്കിനിയൊന്നിച്ച് നുകരാം
ജീവന്റെ സുഖദുഃഖ സ്വർഗ്ഗതാംബൂലങ്ങൾ.