രചന : ഒ.കെ.ശൈലജ ടീച്ചർ✍

മനസ്സിന്റെ ആമാടപ്പെട്ടിയിൽ സൂക്ഷിച്ചു വെച്ച ഓർമ്മകളെ ഒന്ന് പുറത്തെടുക്കാൻ തോന്നിയതായിരുന്നു അവൾക്
ഉച്ചയൂണിന് ശേഷം ഗിരിയേട്ടൻ ഒന്ന് മയങ്ങാൻ കിടക്കും.. അവൾക് ആ ശീലം ഇല്ലായിരുന്നു. അതിന് സമയം ഉണ്ടായിരുന്നില്ല മുൻപ്പൊന്നും..
ഇപ്പോൾ അതൊക്കെ ഓർക്കുമ്പോൾ…
കഷ്ടപ്പെട്ട് പഠിച്ചു ഒരു ജോലി നേടിയപ്പോൾ ജീവിതത്തിനൊരു സമാധാനം കിട്ടുമെന്ന് ആശ്വസിച്ചു. ഒരാളും ഉണ്ടായിരുന്നില്ല സഹായിക്കാനോ, പ്രോത്സാഹിപ്പിക്കാനോ. മറിച്ച് കുറ്റപ്പെടുത്താനും, നിരുത്സാഹപ്പെടുത്താനും, പുച്ഛിക്കാനും അല്ലാതെ.
“ഓ… പഠിച്ചിട്ട് കളക്ടർ ആകാൻ പോകുകയല്ലേ?”
“കുഞ്ഞിനെ നോക്കാതെ പഠിക്കാൻ ഇരുന്നാൽ, നേരാവുമ്പോൾ എന്താ വായിലേക്കിടുക?”
“ചോറും കറികളും താനെ ആവുമോ?”
അമ്മായിയുടെ കുറ്റപ്പെടുത്തിയുള്ള കടുത്ത സ്വരം കേൾക്കാൻ പറ്റിയിരുന്നില്ല.
അമ്മാവൻ വന്നാൽ പലതും പറഞ്ഞു കൊടുത്തു വഴക്ക് കേൾക്കേണ്ടി വരും. അതിലും നല്ലത് കുഞ്ഞിനെ നോക്കിയിരിക്കുന്നതാണ്.
പുസ്തകം എടുത്തു മാറ്റി വെച്ചു കുഞ്ഞിനേയും എടുത്തു പറമ്പിന്റെ അങ്ങേ മൂലയിൽ പോയിരുന്നു ആരും കാണാതെ എത്ര ദിവസം കരഞ്ഞിട്ടുണ്ട്!
ഉയർന്ന മാർക്കോടെ പത്താം ക്ലാസ്സ്‌ പാസ്സായിട്ട് ആ സന്തോഷം പങ്കു വെച്ചു അഭിനന്ദിക്കുന്നതിനു പകരം പുച്ഛവും, പരിഹാസവും കേട്ടതിനേക്കാൾ സങ്കടം വന്നത് തുടർന്ന് പഠിക്കാൻ ആവുകയില്ലല്ലോ എന്നതായിരുന്നില്ലേ!
സ്വപ്നങ്ങൾ ഉള്ളിലൊതുക്കി ഒരു വർഷം പഠിക്കാൻ കഴിയാതെ നഷ്ടമായപ്പോൾ ഉള്ളിലുള്ള വിങ്ങൽ പുറത്തു കാണിക്കാതെ, കൊച്ചു കുട്ടികൾക്കു ട്യൂഷൻ കൊടുത്തു.
തുടർന്ന് പഠിക്കാൻ ഒരു വഴി കണ്ടെത്തുകയായിരുന്നു.
എല്ലാത്തിനും ദൈവം ഒരു വഴി കാണിച്ചു തരാതിരിക്കില്ല എന്ന് അമ്മ പറഞ്ഞു സ്വയം ആശ്വസിക്കുമ്പോൾ അവളും അമ്മയെ സമാധാനിപ്പിക്കുമായിരുന്നു.
അപ്രതീക്ഷിതമായി വഴിയിൽ വെച്ചു സുധിയേട്ടനെ കണ്ടുമുട്ടിയതും, സംസാരത്തിനിടയിൽ തന്റെ പഠനത്തെ പറ്റി ചോദിച്ചതും വീണു കിട്ടിയ ഭാഗ്യം പോലെ തോന്നി.
ഒരു കൈത്തിരി വെട്ടമായി അവളുടെ മുന്നോട്ടുള്ള പഠനകാര്യത്തിൽ. സുധിയേട്ടന്റെ മാർഗനിർദേശവും, സഹായവും.
അകന്നബന്ധുവാണെങ്കിലും കൂടപ്പിറപ്പിന്റെ സ്നേഹവും, കരുതലും, പ്രോത്സാഹനവും തന്നു.
എന്നിട്ടും പഠനം തുടർന്നു കൊണ്ടു പോകാനും, ഒരു ജോലി നേടാനും എന്തെല്ലാം സഹിച്ചു!.
അന്ന് അതൊക്കെ നേരിടാനുള്ള ആരോഗ്യം മനസ്സിനും, ശരീരത്തിനും ഉണ്ടായിരുന്നു.
നിരന്തരമായ പ്രതിസന്ധികൾ, മാനസികാഘാതം ഏൽപ്പിക്കുമ്പോഴും പ്രതീക്ഷ കൈ വിട്ടില്ല.
എന്നെങ്കിലും ഒരു ആശ്വാസം ഉണ്ടാകുമെന്നു ഉറച്ചു വിശ്വസിച്ചു. പക്ഷേ?
ആരോഗ്യം നഷ്ടമായാൽ സ്വാതന്ത്ര്യം കുറഞ്ഞു.. ആഗ്രഹങ്ങൾ, നടപ്പിലാക്കാൻ വിഷമം ഉണ്ടാകും, മറ്റുള്ളവരെ ബുദ്ധിമുട്ടിക്കുബോൾ അവരുടെ സ്നേഹം നഷ്ടപ്പെടും എന്ന യാഥാർഥ്യം മനസ്സിലായി തുടങ്ങി.
മനസ്സ് കടിഞ്ഞാൺ ഇല്ലാതെ പായുകയാണ്. ഓർമകളിലൂടെ അതിവേഗം കുതിച്ചു കൊണ്ടു പായുമ്പോൾ ചിന്തിച്ചു പോകുന്നു
വലിയൊരു സത്യം!
അസ്തമയസൂര്യന്റെ ചൂടും, ശോഭയും കുറഞ്ഞു വരുന്നത് പോലെ… ജീവിത സായാഹ്നത്തിൽ സ്വപ്‌നങ്ങൾക്ക് മങ്ങൽ ഏൽക്കുന്നത് സ്വാഭാവികം..
പക്ഷേ… ഈ എഴുത്ത് ജീവിതസായാഹ്നത്തിലൊരു കൂട്ടായി വന്നത് ഒരു അനുഗ്രഹം തന്നെ!
കൈവിട്ടു പോയെന്നു കരുതിയ മോഹങ്ങളെ തുടച്ചു മിനുക്കിയെടുത്തു തുടങ്ങിയത് അപ്പോഴാണല്ലോ…
പ്രാണൻ കൊഴിഞ്ഞു പോകും വരെ അക്ഷരങ്ങളെ ചേർത്ത് പിടിക്കണം. തൂലികയിലൂടെ എഴുത്തിന്റെ ലോകത്തു സഞ്ചാരം നടത്തി സൗഹൃദങ്ങളുടെ സ്നേഹത്തലോടൽ അനുഭവിക്കണം. ഇനിയുള്ള ഓരോ ചുവടു വെയ്പ്പും അതാകട്ടെ!
ഫോൺ റിംഗ് ചെയ്യുന്നുണ്ടല്ലോ… ആരാണെന്നു നോക്കട്ടെ… അവൾ എഴുന്നേറ്റു.. ഫോൺ എടുത്തു.. നോക്കിയപ്പോൾ അവളുടെ ആത്മമിത്രം!!
അവൾ തന്നെ വിളിക്കുന്നത്… അവളുടെ പുസ്തകപ്രകാശനചടങ്ങിൽ പങ്കെടുക്കാൻ വേണ്ടി ആണ്…
ആ കാര്യം ഒന്ന് കൂടി ഓർമ്മിപ്പിക്കാൻ!
ഡിസംബർ 19!!!
ആ സുദിനം….

ഒ.കെ.ശൈലജ ടീച്ചർ

By ivayana