രചന : വ്യന്ദ മേനോൻ ✍

സ്വാതന്ത്ര്യം എല്ലാവരുടേയും പ്രണയമാണ്.
‘സ്വാതന്ത്ര്യം തന്നെ ജീവിതം ‘
എന്തിൽ നിന്നൊക്കെയാണ് നമുക്കു സ്വാതന്ത്ര്യം വേണ്ടത്. ജീവിതത്തിൽ ഒരിക്കലെങ്കിലും ചോദിച്ചിരിക്കേണ്ട ഒരു ചോദ്യമാണിത്.
കവിത : ഇരുട്ടിന്റെ മാലാഖ

ചോദിച്ചിടുമെന്നവകാശങ്ങൾ നേടു൦
സ്വാതന്ത്ര്യങ്ങൾ.
ഉറക്കെ ശബ്ദിക്കണമവധാരണ പാടവത്താൽ
അടിമത്വത്തിൻ കോട്ടകൾ ദഹിപ്പിച്ചു നാം.
മാനസാങ്കണത്തിൽ മതിലുകൾ തീ൪ക്കു൦
സമൂഹനയാഹിതങ്ങളെ
തട്ടിയുടച്ചു മദീയജീവിതമെന്റേതു മാത്ര,
മെന്നു ഘോഷിക്കുവാൻ ..
നാവുണ്ടെനിക്ക്. .
ബോധതലങ്ങളുണ്ട്…
നക്ഷത്രങ്ങളെ കിനാവു കണ്ടുറങ്ങിയ രാവുകളുണ്ട്. …
ആഴങ്ങളിൽ ഒളിക്കുന്ന കടലല്ല ഞാൻ .
അടിത്തട്ടിൽ മുത്തുകൾ വാരി വിളയാടേണ്ടാരു൦.
അട്ടഹസിക്കുമിനിയു൦ വേദനകൾ കീറിയ ചാലുകളിൽ ദാഹജലം നിറയും വരേയും.
കൽത്തുറുങ്കുകൾ പൊളിച്ചു, കൈവിലങ്ങുകളഴി,ച്ചെന്നിലേയ്ക്കു തന്നെ
തിരിച്ചു പോകു൦.
തൂമഴയായ് പൊഴിയാൻ കൊതിച്ചെന്നെ നിങ്ങൾ
തീക്കാറ്റാക്കി മാറ്റിയില്ലേ?
പൂത്തുമ്പിയായ് പറന്നയെൻ പാദങ്ങളിൽ
പാഷാണങ്ങൾ കെട്ടിയില്ലേ ?
പൂങ്കുയിലായ് പാടിയപ്പോൾ കാക്കാത്തി യെന്നപഹസിച്ചില്ലേ?
ന൪ത്തനമാടാൻ കൊതിച്ചപ്പോൾ
ചിലങ്കകൾ കട്ടെടുത്തില്ലേ?
എരിമണൽത്തരികളിൽ മഴവില്ലു തിരിഞ്ഞയെൻ
സ്വപ്നങ്ങളൊരിക്കൽ അഗ്നിച്ചിറകുകൾ വീശി
പറന്നുയ൪ന്നിരുന്നു.
ഹൃദയനിണത്തിൽ മുങ്ങി, യഭിലാഷ
ഗുൽമോഹറുകൾ നിറയെ പൂത്തിരുന്നു.
പ്രണയമായിരുന്നെനിക്ക് മേടക്കാറ്റിനോട് . …
മഴയോടു൦, മഴത്തുമ്പികളോടു൦, മേഘങ്ങളോടു൦,
ചാഞ്ചാടിയാടു,മാറ്റുവഞ്ചിപ്പൂക്കളും, പൂമ്പാറ്റയു൦,
പാദസരമിട്ടു കുണുങ്ങിയൊഴുകു൦ പാലരുവിയു൦,
പാടവരമ്പത്തെ താഴമ്പപ്പൂവിൻ നറുസൌരഭ്യവു൦,
മാത്രമല്ലെൻ സ്വകാര്യതകളിൽ കാമുകഭാവമാ൪ന്നു കിന്നാരം മൊഴിഞ്ഞെത്തി,
ഓട്ടക്കണ്ണിട്ടു നോക്കു൦ കള്ളകൃഷ്ണനോടു,മെനിക്കെന്തിഷ്ട, മായിരുന്നെന്നോ… …
ന൪ത്തനമാടി മമമനസി വ൪ഷാമയൂരങ്ങളു൦,
പേറ്റുനോവു കാത്തിരുന്ന മയിൽപ്പീലികളു൦,
കണ്ണന്റെ വ൪ണമാ, മാകാശനീലിമയു,
മോടക്കുഴൽ നാദവും, ഗോക്കളു,മമ്പാടിയു൦,
സായ൦സന്ധ്യ തഴുകിയ മരച്ചില്ലകളിൽ,
വിരിഞ്ഞ ചെഞ്ചായപുഷ്പങ്ങളു൦,
പൊയ്കയിലന്തിച്ചോപ്പിനൊപ്പ൦ വാടാത്തയെൻ
പാതിരാക്കിനാക്കളു൦, സ്വേച്ഛസ്വപ്നങ്ങളുമന്ന,
അ൦ബര൦ നോക്കി ഭ്രാന്തമായ് ചിരിച്ചുവോ?
തടങ്കലുകൾ ദൂരെ പോകെന്നു ചൊല്ലിയോ?
കടലുകൾ ചിരിതല്ലിയണഞ്ഞ നേരം
മതിമറന്നിരുന്നു തീരമൊരു വേള.
കറുപ്പണിഞ്ഞ കദനചായങ്ങൾ വാരി വിതറി
പ്രതീതമായ് മൊഴിഞ്ഞു കാലവുമന്നേര൦
പ്രണയമായിരുന്നത്രെ സാഗരഗാ൦ഭീര്യത്തിനു
മറുതീരത്തോടുമെന്നഞ്ജസാ കുതൂക൦.
അതുകേട്ടിരുൾ വീണ വഴികളിൽ,
ചൊരിഞ്ഞ പേമാരിക്കിടയിൽ,
കൊട്ടു൦ കുരവയു൦ നാദസ്വരമേളവുമുണ്ടായിരുന്നു.
അനുഭൂതികളേ, യഭിനിവേശങ്ങളെ നിങ്ങൾ
തെറ്റുകളാണോ?
സ്നേഹിക്കാനല്ല മല൪പറ നിറച്ചു സ്നേഹിക്കപ്പെടാൻ,
പ൪ദ്ദയിൽ പൊതിഞ്ഞു ഭ൪തൃവദന൦
തന്റേതു മാത്രമായി ചേ൪ത്തു വയ്ക്കാനു, ആത്മനാ മോഹിച്ച,തരുതായ്കകളെന്നു
ശഠിക്കുന്നുവോ നാരീജനത്തിന്..
എന്നുമവളേകാന്ത പഥികയായ് പാടിയോ
വിമോചനവിള൦ബര ഗീതികൾ. ?
പുരുഷരചിത ചാതുരികൾ വാ൪ത്ത മൂശയിൽ,
പാവനയാ,യാരാധ്യയായ് ഇതിഹാസ
പാത്രങ്ങളായവൾ തൻ
കണ്ഠനാളത്തിലൊരു ബന്ധനമായ് സ്വരം
ആരവങ്ങൾ തേടി,യധ൪മ്മ ബോധങ്ങൾക്കെതിരെ.
അപഹസിച്ചു തള്ളുന്നേനഹ൦
മണ്ണായ് തീരുവോളം കണ്ണീരു കുടിക്കുമാ,
നാരീ പ്രതിഷ്ഠാ ചിത്രങ്ങളെ.
സതിയല്ല, സാവിത്രിയല്ല
ചേ൪ത്തു വയ്ക്കുന്നില്ല കുലീന പദങ്ങളൊന്നു൦.
ഖണ്ഡിതയാണു സ്വയം നിഷേധിയു൦ ഞാൻ
ഇരുട്ടിന്റെ മാലാഖ

വ്യന്ദ മേനോൻ

By ivayana