രചന : പുഷ്പ ബേബി തോമസ്✍
പ്രണയം ……
ഒരു അനുഭവമാണ് ; തിരികെ നടക്കാൻ പ്രേരിപ്പിക്കുന്ന… സുഖമുള്ള നൊമ്പരത്തിന്റെ ……ഏകാന്തതയെ സഖിയാക്കിയ …. പ്രതീക്ഷകൾ നിറയുന്ന കിനാക്കാലം ….
പെണ്ണിന്റെ ലാവണ്യം വിടരുന്നത് അവൾ പ്രണയിക്കുമ്പോഴാണ്; പ്രണയിക്കപ്പെടുമ്പോഴാണ് ,ഏത് പ്രായത്തിലും . മിഴികളുടെ തിളക്കം … കവിളുകടെ തുടുപ്പ് …. ചുണ്ടുകളുടെ ചുവപ്പ് …. ചിരിയുടെ പ്രസരിപ്പ് …..
ഇന്നലെ വരെ ഭദ്രകാളിയായി കലി കൊണ്ടവൾ ഇന്ന് ഒരു പൂച്ചക്കുഞ്ഞിനെ പോലെ …
അവളിൽ ഒരു ശക്തി ഉണ്ടാവും ; തന്റെ അരികിലെത്തുവരിലേക്ക് അനുസ്യൂതമായി ഒഴുകുന്ന ഒരു പോസിറ്റീവായ ഊർജ്ജം . പ്രതീക്ഷയുടെ വാക്കുകളാണ് അവളുടേത്. പ്രണയം കസ്തൂരി പോലെ അവളിൽ നിന്ന് പരക്കുന്നുണ്ടാവും ; ചുറ്റുപാടുകളിലേക്ക് സുഗന്ധം പകർന്ന് ….
പ്രണയം അപൂർവ്വമാണ് .അല്ല അത്യപൂർവ്വമാണ് . അനുഭവിക്കാനാവുക ; ജന്മസാഫല്യവും .
രണ്ട് മനസ്സുകൾ ഒന്നാവുകയാണ് പ്രണയം .ഒരേ പാതയിലൂടെ, കൈ ചേർത്ത് പിടിച്ച് നടക്കുന്ന ….. ഒരേ സ്വപ്നങ്ങളുള്ള ,ആശകളുള്ള ,ഇഷ്ടങ്ങളുള്ള ,ചിന്തകളുള്ള രണ്ടാളുകൾ … ജന്മാന്തര ബന്ധമാവാം അത് .ജീവിതയാത്രയിൽ എവിടെയെങ്കിലും വച്ച് ഈ തിരിച്ചറിവ് ഉണ്ടാവാം .കാന്തശക്തിയിലെന്നോണം ഇരുവരും ആകർഷിക്കപ്പെടും ; പറിച്ചെറിയാൻ ആ വാത്ത വിധം.
ആണിന്റെ ശരീര സൗന്ദര്യമോ ,സമ്പത്തോ ,കഴിവുകളോ ഒന്നും അല്ല പെണ്ണിനെ പ്രണയത്തിൽ ഉറപ്പിച്ചു നിർത്തുന്നത് .തന്നെ അറിയുന്നവൻ … തന്റെ മനസ്സും ,ശരീരവും ,വികാരങ്ങളുമൊക്കെ ….
തന്റെ പുഞ്ചിരിയുടെ പിന്നിൽ ഒളിച്ചു വച്ചിരിക്കുന്ന കണ്ണീര് കാണുന്നവൻ …. നെഞ്ചിൽ ഒതുക്കാൻ ശ്രമിക്കുന്ന വിങ്ങലുകൾ അറിയുന്നവൻ…..പറയാത്ത വാക്കുകൾ കേൾക്കുന്നവൻ….പറയുന്ന വാക്കിലെ സത്യം തിരിച്ചറിയുന്നവൻ ……പരാജയങ്ങളിൽ കുറ്റപ്പെടുത്തലിനപ്പുറംജയത്തിന്റെ പാത കാട്ടിത്തരുന്നവൻ … ലോകം മുഴുവൻ വിരൽ ചൂണ്ടുമ്പോൾ; നിന്നെ എനിക്കറിയാം എന്നു പറഞ്ഞ് ചേർത്ത് പിടിക്കുന്നവൻ …. നീയാണ് എന്റെ പെണ്ണ് എന്ന് അവകാശത്തോടെ അവളോട് പറയുന്നവൻ ….. താനണിയുന്ന മുഖം മൂടികളൊക്കെ വലിച്ചെറിഞ്ഞ് അവനോടൊത്തുള്ള നിമിഷങ്ങളിൽ ,താനായി ;താനായി മാത്രം .. ജിവിക്കുക. …… പെണ്ണിന്റെ മോഹം അതാണ്.
ഇങ്ങനെ അവളെ ,അവളായി അറിയുന്നവനെ .. കരുതുന്നവനെ …. അംഗീകരിക്കുന്നവനെ …. പ്രണയിക്കാതിരിക്കാൻ ഒരു പെണ്ണിനും ആവില്ല.
അവൾ അവനെ പ്രണയിക്കും …. ജന്മാന്തരങ്ങളിലൂടെ …..