രചന : മനോജ് മുല്ലശ്ശേരി നൂറനാട്✍
കണ്ണേറ് തട്ടരുത് പെണ്ണെ നിനക്ക്
കാലം കൊതിക്കും കവിതയാണ് നീ
കടംകൊണ്ടൊരു ഉശിരല്ല നിനക്കിന്ന്
കടൽപോലെയിളകിമറിയും കരളുറ
പ്പുണ്ട് പെണ്ണെ നിനക്കിന്ന് .
ഉച്ചനീചത്വങ്ങളുടെ കലവറയിൽ
പെറ്റുപ്പെരുകിയ അന്ധവിശ്വങ്ങൾ
കരിനീയമങ്ങളായി നിൻ കരങ്ങളെ
വരിഞ്ഞ് മുറുക്കുമ്പോളാ ബന്ധന
കുരുക്കറുത്ത് മാറ്റി തീപ്പന്തമായി
ജ്വലിച്ച് മുന്നെ നടന്ന് പിൻപെ നടക്കു
ന്നോർക്ക് വഴികാട്ടിയായിടേണം .
ഉൺമകളും ഹൃദയോന്നതിയേറിയ –
വരെയും കുലപാസനന്മാർ
ധർമ്മംവെടിഞ്ഞ് കാലനൂരയിക്കുന്നു
മാർജാരം മൂഷികനെ തട്ടി തട്ടി
കളിക്കും പോൽ നീതിന്യായങ്ങൾ
പൊയ്മുഖങ്ങളണിഞ്ഞ് അപലനെ
വലച്ചീടുന്നു.
ഭോഷന്മാർ പരിവാദകന്മാരായി
മാറീടും നേരം ഭൂരിബാഷ്പം പൊഴി –
ച്ചാകുലയായി മാൺപേറിയ നിൻ
ജീവിതം തല്ലിയുടച്ചീടാതെ മാറ്റത്തിൻ
ശംഖൊലി കേട്ടുണർന്ന് പരിത്യാഗം
ചെയ്തീടുക ഭയത്തെ .
കരുണ വറ്റിയകതാരിൽ സ്നേഹ –
ത്തിനുറവിടം തിരഞ്ഞീടാതെ
ഖലന്മാർ പൂത്ത് നിൽക്കുമാ മരം
ഇനിയും മുളച്ച് പൊന്തിയിടാതെ
വേരോടെ പിഴുതെറിയണം പെണ്ണെ .
മിന്നുന്നതെല്ലാം പോന്നല്ല പെണ്ണെ
മിന്നാമിനുങ്ങും പൊന്നല്ല കണ്ടറി –
ഞ്ഞും കൊണ്ടറിഞ്ഞും പഴമക്കാരുര
ചെയ്തീടുന്നതെല്ലാം പാടെ മറന്നീട-
രുതെ .