രചന : ഗിരിജ പതേക്കര✍️
വിവാഹനാളിൽ
വധുക്കളാരും
മുടിയഴിച്ചിടാറില്ല.
പോണിടെയിൽ കെട്ടാറുമില്ല.
പകരം,
പലരും ചേർന്ന്
അവളുടെ മുടി മെടഞ്ഞിടുന്നു,
അല്ലെങ്കിൽ
കെട്ടിവെയ്ക്കുന്നു.
നൃത്തം വെയ്ക്കാനും
ചിതറിത്തെറിയ്ക്കാനും
വെമ്പുന്ന ഇഴകളിൽ
ഒരെണ്ണംപോലും
കൂട്ടംതെറ്റിപ്പോവാതിരിക്കാൻ
മുറുകെ ചേർത്തുപിടിച്ച്,
പിന്നുകൾ കുത്തിവെച്ച്,
ഒറ്റക്കെട്ടെന്ന് തോന്നിയ്ക്കുമാറ്
ഒതുക്കിയൊരുക്കുന്നു.
ഇല്ലാത്ത പൊലിമ തോന്നിക്കാൻ
ഏച്ചുകെട്ടുന്നു.
വർണ്ണാഭമായ മുത്തുകളും
പിറ്റേന്നുതന്നെ വാടുന്നപൂക്കളുംകൊണ്ട്
അലങ്കരിച്ചുവെയ്ക്കുന്നു.
വിവാഹനാളിൽ
വധുക്കളാരും
അലസമായി സാരിയുടുക്കാറില്ല.
ജീൻസോ ടീഷർട്ടോ
കുർത്തയോ പലാസോയോ ഇട്ട്
തൻ്റെ കല്യാണപ്പന്തലിൽ
ഒരു വർണ്ണത്തൂവൽ പോലെ
പാറിപ്പറക്കാറില്ല.
പകരം,
ഒരു തുമ്പ് പോലും
കാറ്റിലുലയാതിരിയ്ക്കാനായി
കല്ലും കസവും കൊണ്ട് കനം വെപ്പിച്ച
തിളക്കമേറിയ സാരി
വൃത്തിയിൽ ഞൊറിയിട്ട്,
ഒരുപാടിടങ്ങളിൽ
കൃത്യമായി ,കരുതലോടെ
കുത്തിയുറപ്പിച്ച്
അവളുടെയുടലിൽ
ഒട്ടിച്ചു വെയ്ക്കുന്നു.
വിവാഹനാളിൽ
ഉള്ളതിലുമേറെ മിഴിവ് തോന്നിയ്ക്കാൻ
അവളുടെ
കണ്ണും പുരികവും ചുണ്ടും
ആരൊക്കെയോ ചേർന്ന്
വരച്ചു വെയ്ക്കുന്നു
കാണുന്നയിടങ്ങളിലുള്ള
പാടുകളും കലകളുമെല്ലാം
ചായങ്ങളാലും ചമയങ്ങളാലും
മായ്ച്ചു കളയുന്നു.
കാലമേറെച്ചെല്ലുമ്പോൾ
കുത്തിയും കെട്ടിയും മുഴുപ്പിച്ചും
നിർത്തിയവയൊക്കെയും
അഴിഞ്ഞഴിഞ്ഞ്,
നരച്ചു നരച്ച്
മുറ്റത്തെ അയയിൽ കിടന്നാടും.
അപ്പോൾ,
മുടി വിടർത്തിയിട്ട്,
അയഞ്ഞ ഉടുപ്പുകളിട്ട്
ചിരിച്ചു കുഴഞ്ഞൊരു പെൺകാറ്റ്
പടിയിറങ്ങിപ്പോവും.
വാക്കനൽ