രചന : Rajna K Azad✍️

മഴ ഒരു ഒളിഞ്ഞുനോട്ടക്കാരനെപോലെ ജാലകത്തിനു പുറത്ത്പതുങ്ങി നില്‍ക്കുകയായിരുന്നു ,
‌ മതിലിനരികിലെ പൂമരം അതുകണ്ടു അടക്കിച്ചിരിച്ചു . അവള്‍ തലനിറയെ പൂചൂടിയിരുന്നുവല്ലോ.
‌ ജാലകത്തിലൂടെ നോക്കിയാല്‍ കാണുന്ന മുറിയിലെ കിടക്കയില്‍ രണ്ടുപെണ്‍കുട്ടികള്‍ ഉറങ്ങുന്നുണ്ട്.പതിനഞ്ചും ആറും വയസ്സുള്ള രണ്ടു പെണ്‍കുട്ടികള്‍.അവരിലൊരാളുടെ കൈ മറ്റേയാളെ ഇറുകെ പുണര്‍ന്നിരുന്നു.


‌ മഴ അകത്തേക്ക് എത്തിനോക്കിയപ്പോള്‍ തണുത്തു വിറച്ച ചെറിയ പെണ്‍കുട്ടി , ചേച്ചിയെ മുറുകേപുണര്‍ന്നു. കാലുയര്‍ത്തി ചേച്ചിയുടെ മുകളിലേയ്ക്ക് വെച്ചു. മുതിർന്ന കുട്ടി കണ്ണുമിഴിച്ചു ചെറിയവളെ നോക്കി. വാല്‍സല്യത്തോടെ തന്നോട് കൂടുതൽ ചേര്‍ത്തണച്ചു
‌ മഴ സ്വീകരണമുറിയുടെ ജാലകത്തിനരികിലേക്ക് നോക്കി.കൊച്ചു കാറ്റിനൊപ്പം പൂമരവും തല ചെരിച്ചു ഉള്ളിലേക്ക് കണ്ണെറിഞ്ഞു.
‌ ഉള്ളിലെ മുറിയില്‍ കമ്പ്യൂട്ടറിനരികില്‍ ഇരിക്കുന്ന കുട്ടികളുടെ അച്ഛന്‍റെയരികില്‍ നിസ്സംഗയായിരിക്കുന്ന അയാളുടെ ഭാര്യ ഒരുമാത്ര നടുങ്ങി. അവളുടെയുള്ളില്‍നിന്ന് ഏതോ സങ്കടം തികട്ടിവന്നെന്നപോലെ
‌ കാറ്റ് ആരവങ്ങളൊതുക്കി കാതോര്‍ത്തു.


‌” നോക്കൂ നിമ്മി ,കൂടുതല്‍ നേട്ടങ്ങള്‍ക്ക് വേണ്ടി സെന്‍റിമെന്‍റ്സുകള്‍ ത്യജിക്കുന്നതാണ് ഇന്ന് ശരിയായ രീതി.”
‌ അമ്മ ഒരു തേങ്ങലായി.ഒട്ടും ചുളിവുകളില്ലാത്ത ആ മുഖത്ത് കണ്ണീര്‍ വൈഡൂര്യം പോലെ തിളങ്ങി.ഉരുണ്ടുവീഴാറായ ഒരു കണ്ണീര്‍ത്തുള്ളിയില്‍ ആ മുറിയിലെ ജയ്പൂർ വിളക്കിന്‍റെ വെളിച്ചം പ്രതിഫലിച്ചു.
‌ അയാൾ കമ്പ്യൂട്ടറില്‍നിന്ന് ഒരു ഫോള്‍ഡര്‍ തിരഞ്ഞെടുത്തു. ആയിടെ യൂട്യൂബിലിറങ്ങിയ ഒരു ഷോട്ട്ഫിലിമായിരുന്നു അത്.
‌” നീ ഇതൊന്നു കാണണം “
‌ഭാര്യ അയാളോട് ചേര്‍ന്നിരുന്നു ഉദാസീനയായി കമ്പ്യൂട്ടറിലേക്ക് കണ്ണുനട്ടു. സ്ക്രീൻ ടൈറ്റിലുകള്‍ക്കൊപ്പം ഒരു രാത്രി തെളിഞ്ഞുവന്നു , ബസ്സ് സ്റ്റാന്‍ഡിലെ കപ്പലണ്ടി വില്‍പനക്കാരന്‍റെ റാന്തല്‍വിളക്കിന്‍റെ പ്രഭ ഇരുട്ടിലൊരു തുരുത്തായി.


‌ആ പ്രഭയില്‍ കൗശലക്കാരനായ ഒരു യുവാവിന്‍റെ കുറുക്കന്‍കണ്ണുകള്‍ തിളങ്ങി , ഒരുപൊതി കടല കൊറിച്ചുകൊണ്ട് അവന്‍ കച്ചവടക്കാരനുനേരേ വലയെറിഞ്ഞു.
‌ ” ചേട്ടാ , നിങ്ങള് സ്ത്രീയെ അറിഞ്ഞിട്ടുണ്ടോ സ്വന്തം ഭാര്യയെയല്ലാതെ ? “
‌ ചഞ്ചലനായ വില്‍പനക്കാരനെ പ്രലോഭിപ്പിക്കുന്ന യുവാവ്.
‌കമ്പ്യൂട്ടറിനു മുമ്പിലിരിക്കുന്ന അയാളെ ഭാര്യ ഒന്നുപാളിനോക്കി. പക്ഷേ ഭര്‍ത്താവിന്‍റെ ശ്രദ്ധ സ്ക്രീനിൽ തന്നെയായിരുന്നു.
‌ ഫിലിമില്‍ , ഇപ്പോള്‍ കച്ചവടക്കാരന്‍ യുവാവിന്‍റെ വലയില്‍ വീണു കഴിഞ്ഞിരുന്നു.യുവാവൊരു വലിയ ചിലന്തിയും കച്ചവടക്കാരന്‍ വലയിലകപ്പെട്ട ഇരയുമായി മാറിയിരുന്നു.


‌ അടുത്ത ദൃശ്യത്തില്‍ രണ്ടു പേരും ഒരു ഓട്ടോയില്‍ സഞ്ചരിക്കുന്നതാണ് കാണുന്നത്. കച്ചവടക്കാരന്‍ തന്‍റെ ഭാര്യയെ വിളിച്ചു താനിന്ന് വരാന്‍ വൈകുമെന്നു പറയുന്നു.ഇടക്കയാള്‍ യുവാവിനെ സംശയത്തോടെ നോക്കുന്നുമുണ്ട്.
‌ അടുത്ത ദൃശ്യത്തില്‍ ഓട്ടോ നില്‍ക്കുന്നു. പണമെണ്ണി വാങ്ങുന്ന യുവാവ്..
‌ വീടിന്റെ കാളിംഗ്ബെല്ലടിക്കുന്ന യുവാവ്..
‌ആകാംക്ഷാഭരിതനായി വാതിലില്‍ കണ്ണു നട്ടിരിക്കുന്ന കച്ചവടക്കാരന്‍ !
‌വാതില്‍ തുറക്കുന്നതിനു മുമ്പായി യുവാവ് പണവുമായി മുങ്ങുന്നു.
‌ സ്ക്രീനിൽ കണ്ണുനട്ടിരിക്കുന്ന ഭര്‍ത്താവിന്‍റെ കൈയ്യില്‍ എന്തിനെന്നറിയാതെ മുറുകെ പിടിക്കുന്ന ഭാര്യ. സ്ക്രീനിൽ നിന്നും കണ്ണെടുക്കാതെതന്നെ അയാളവളെ തന്നോട് ചേര്‍ത്തു.
‌ മഴയും കാറ്റും ഒപ്പം പൂമരവും ഒരു നിമിഷം കണ്ണടച്ചു.


‌ ഇപ്പോള്‍ സ്ക്രീനിൽ ഒരു വാതില്‍ തുറക്കപ്പെടുകയായി.അകത്തൊരു ചിത്രത്തിനു മുമ്പില്‍ കത്തുന്ന തിരിയുടെ വെളിച്ചം.. മദ്ധ്യവയസ്കയായ ഒരു സ്ത്രീ പുറത്തേക്ക് വന്നു. അവള്‍ സുന്ദരിയാണ്.
‌ കച്ചവടക്കാരന്‍ ഒട്ടൊരു പരിഭ്രമത്തോടെ ഒന്നു സംശയിച്ച ശേഷമാണ് അകത്തോട്ട് കയറുന്നത്.
‌അയാളുടെ കണ്ണുകള്‍ ചുവരില്‍ തൂക്കിയ പുരുഷന്‍റെ ഫോട്ടോയിലുടക്കുന്നു.
‌”ഭര്‍ത്താവായിരുന്നു”
‌അയാളുടെ മനസ്സ് വായിച്ചിട്ടെന്നോണം അവള്‍ പറഞ്ഞു.
‌ കച്ചവടക്കാരന്‍റെ പരിഭ്രമത്തിനല്‍പം ശമനം കിട്ടി.
‌” മരിച്ചുപോയല്ലേ ? ” ഒരു സംശയത്തില്‍ വാക്കുകള്‍ ബ്രേക്കിട്ടുനിന്നു.. സ്ത്രീ ഒരു നെടുവീര്‍പ്പിട്ടു.


കച്ചവടക്കാരന് അവളോട് ഒരു അനുതാപം തോന്നിയെന്ന് തോന്നുന്നു.
‌വീട്ടില്‍ നിന്നുവന്ന കോള്‍ കട്ടുചെയ്തു , മൊബൈൽ ഓഫ് ചെയ്തു ഫോണയാള്‍ പോക്കലിട്ടു. അടുത്തു നില്‍ക്കുന്ന അവളെനോക്കി ഒന്നു പുഞ്ചിരിച്ചു .
‌”വേറാരുമില്ലേ , മക്കള്‍ ? ” അവളുടെ തോളില്‍ കൈവെച്ചുകൊണ്ടയാള്‍ ചോദിച്ചു..
‌” ഉണ്ട് , ഒരു മകന്‍ ,”
‌ഭയത്തോടെ അവളെ നോക്കുന്ന പുരുഷൻ !
“പേടിക്കണ്ട ” അവള്‍ പതുക്കെ പറഞ്ഞു .
” അവനെ നിങ്ങള്‍ കണ്ടിട്ടുണ്ട് “
പരിഭ്രമിക്കുന്ന പുരുഷൻ!
“അവനാണ് നിങ്ങളെ ഇങ്ങോട്ട് കൊണ്ടുവന്നത് “
” ഹോ” എന്നൊരു ശബ്ദം കച്ചവടക്കാരനില്‍ നിന്നുയര്‍ന്നു.


ഒപ്പം മുറിയിലെ സ്ത്രീയില്‍ നിന്നും.
ആ നടുക്കത്തിനിടയില്‍ സ്ക്രീനിൽ വാതിലടയുന്നു. ഇപ്പോള്‍ പുരുഷനും സ്ത്രീയും മുറിക്കകത്താണ്.
ടൈറ്റിലുകള്‍ തെളിയുകയായി..
മഴ നടുങ്ങിപ്പോയി,
കാറ്റും
ഒരു നിമിഷം എല്ലാം നിശ്ചലമായി.
ഭാര്യ ഭര്‍ത്താവിന്‍റെ കഴുത്തില്‍ കൈ ചുറ്റി കൂടുതൽ ചേര്‍ന്നിരുന്നു
ഇപ്പോള്‍ അവളുടെ മുഖത്ത് കണ്ണീരൊട്ടുമില്ല.
” നാളെയാണോ ചെട്ടിയാര്‍ വരുന്നത് “
അവള്‍ ചോദിച്ചു.
” അല്ല രണ്ടു ദിവസം കൂടി കഴിഞ്ഞ് ” മൗസില്‍ കൈവെച്ചു ഫോള്‍ഡര്‍ മാറ്റിക്കൊണ്ട് അയാൾ പറഞ്ഞു.


” നിന്‍റെ സമ്മതം കിട്ടാതെ എങ്ങിനെയാണ് … മരിച്ചുപോയ നിന്‍റെ ചേച്ചിയുടേയും അമ്മയുടേതുമായി ഈയൊരു സെന്‍റിമെന്‍റ്സല്ലേ ബാക്കിയുള്ളു… അവശേഷിക്കുന്ന പൊക്കിള്‍ക്കൊടി മുറിച്ചു മാറ്റുന്നപോലെ , “
വേണ്ട , അവളയാളുടെ വായ പൊത്തി.
” നിങ്ങളുടേയും എന്‍റെ കുഞ്ഞിന്‍റേയും സുഖം തന്നെയാണ് എന്‍റെ വലിയ സമ്പാദ്യം “
കുറച്ചുനേരത്തേക്ക് ഒരു നിശ്ശബ്ദത ആ മുറിയില്‍ നിറഞ്ഞു.
ചെറിയ പെണ്‍കുട്ടി ഉറക്കത്തില്‍ ഏതോ കളിയെക്കുറിച്ചു പിറുപിറുക്കുന്നത് കേട്ടു.
” അവളെ അയാള്‍ വല്ലോര്‍ക്കും വിറ്റുകളയുമോ , അല്ലെങ്കില്‍ !!” ഭാര്യയുടെ ചോദ്യത്തിന്
അയാള്‍ പ്രതികരിച്ചതേയില്ല.
കമ്പ്യൂട്ടറിലെ ഫോള്‍ഡര്‍ മാറ്റിയപ്പോള്‍ പുതിയതായി ഇറങ്ങിയ പല ബ്രാന്‍ഡ് കാറുകളുടെ ശ്രേണി തെളിഞ്ഞു വന്നു..
” എവിടെയായാലും അവള്‍ക്ക് സുഖമായിരിക്കും , വി.ഐ.പി ഫുഡും അക്കോമഡേഷനും , ചെട്ടിയാര്‍ക്ക് ഓരോന്നിന്‍റേയും വാല്യൂ നന്നായിട്ടറിയാം. “
അയാള്‍ മൗസ് നീലനിറമുള്ള ഒരു ആഡംബരക്കാറില്‍ ഉറപ്പിച്ചുകൊണ്ട് പറഞ്ഞു..
” ഇതല്ലേ അനുമോളുടെ ചോയ്സ് “


” അതെ “
അനുമോളുടെ അമ്മയ്ക്ക് ഇപ്പോള്‍ ഉത്സാഹം കൂടിയിതായി പൂമരം കണ്ടു.
ഇരുവരും സ്ക്രീനിലെ സീസണല്‍ ഓഫറുകളിലൂടെ കൗതുകത്തോടെ സഞ്ചരിക്കുകയാണിപ്പോള്‍ ..
“അനുമോള്‍ അപര്‍ണയെ ചേർത്തുപിടിച്ചേ ഉറങ്ങാറുള്ളു ,” അവള്‍ പറഞ്ഞു..
” അതൊക്കെ പതുക്കെ മാറിക്കോളും ” അയാളുടെ ശബ്ദം ഒട്ടും മൃദുവായിരുന്നില്ല.
” നിമ്മീ , സെന്‍റിമെന്‍റിസിനപ്പുറം ജീവിതത്തിനാണ് വില , അതൊരിക്കലേയുള്ളൂ.”
” ങ്ങ്ഹാ ” ഭാര്യ ചിരിച്ചു. അനുമോളെ കെട്ടിപ്പിടിച്ചുറങ്ങുന്ന അപര്‍ണയെ നോക്കാതിരിക്കാന്‍ അവള്‍ ശ്രദ്ധിച്ചു.
മഴ ഒന്നുലഞ്ഞു.
കാറ്റ് പൂമരത്തിന് മുകളിലേക്ക് തലകറങ്ങിവീണു. വലിയൊരു ശാഖ പൊട്ടിയടര്‍ന്നുവീഴുന്ന ശബ്ദം സ്വീകരണമുറിയോളമെത്തിയില്ല. വിടരാന്‍ വെമ്പുന്ന മൊട്ടുകള്‍ തലതല്ലിയലച്ചു മണ്ണില്‍പതിച്ചു ,


കറന്‍റ് പോയെങ്കിലും കമ്പ്യൂട്ടർ ഓഫാകാതിരിക്കാനുള്ള സംവിധാനം ആ വീട്ടിലുണ്ടായിരുന്നു.
സ്ക്രീനിൽ ഒരു വലിയ നീല കാര്‍ തന്‍റെ മുറിയിലേക്കിറങ്ങുന്നത് സ്വപ്നം കണ്ടു അപര്‍ണ്ണ നടുങ്ങി.
അധികം വൈകാതെ അത് അവളെ ചതച്ചരച്ചുകളയുമെന്ന്ഓര്‍ക്കാന്‍മാത്രം പ്രായമുണ്ടായിരുന്നില്ല അവള്‍ക്കപ്പോള്‍…

By ivayana