രചന : കൽപ്പറ്റ നാരായണൻ ✍
കൂട്ടുകാരന്റെ മകളുടെ പേര്
മഴയാണെന്നറിഞ്ഞപ്പോൾ
മനസ്സ് തെളിഞ്ഞു.
സാറാമ്മയുടെയും കേശവൻനായരുടെയും
സങ്കടം
വൈകിയാണെങ്കിലും പരിഹരിക്കപ്പെട്ടല്ലോ..
വംശമുദ്രയില്ലാത്ത
ജാതിമുദ്രയില്ലാത്ത
ജീവജാതികൾക്കെല്ലാം മീതെ
തുല്യമായ ഉത്സാഹത്തോടെ
പെയ്തിറങ്ങുന്ന മഴ
ആദ്യമായൊരുവളുടെ പേരായിരിക്കുന്നു!
മഴ പോലെ നല്ലൊരു പേര്
എത്രകാലം കൂടിയിട്ടാണ്
ഒരു പെണ്‍കുട്ടിക്ക് കിട്ടിയത്!
കുഞ്ഞായിരിക്കുമ്പോഴേ
അവൾക്കു പേരായി.
മഴയ്ക്കുമുണ്ടാകില്ലേ കൊതി-
വീടായി, കുടുംബമായി കഴിയാൻ?
നാട്ടിലെത്താനും വീട്ടിലെത്താനും
ഓർമ്മിപ്പിക്കുന്ന ചുമതല
കാലങ്ങളായി വഹിക്കുന്നതല്ലേ,
അടച്ചിട്ട വാതിലിനു പിന്നിൽ
ജന്മത്തിനു പിന്നിൽ എന്ന പോലെ
ഏറെ കാലം ക്ഷമയറ്റ് നിന്നതല്ലേ,
പഴുത് കിട്ടിയപ്പോഴൊക്കെ
അകത്ത് കയറി നോക്കിയതല്ലേ…
ഇനി മഴ
കുട ചൂടി
കൈയ്യിൽ പുസ്തകങ്ങളുമായി
മുറ്റത്ത്‌നിന്നേ അമ്മേ എന്ന് വിളിച്ച്
വീട്ടിൽ കയറിച്ചെല്ലും .
പൂച്ചയും അമ്മയും
വാതിൽ തുറന്ന്
അവളെ അകത്തേക്ക് കൂട്ടും.
മഴ
മഴയായപ്പോൾ
എവിടെയെല്ലാം എത്തി?
തോട് ചാടിക്കടന്ന് മഴ വരുന്നു .
മഴ ചമ്രം പടിഞ്ഞിരിക്കുന്നു
മഴ ചോറുതിന്നുന്നു
മഴ കൈ കഴുകുന്നു..
മഴ മഴയത്ത് തുള്ളിച്ചാടുന്നു കയറുന്നു…
ഓടിത്തുടങ്ങിയ ബസ് പിടിക്കാനാകാതെ
മുഖം വീർപ്പിച്ച് മടങ്ങി വരുന്ന,
വെച്ച് കുത്തിയതിന്റെ വേദന മാറും വരെ
കുമ്പിട്ടിരിക്കുന്ന
ക്ലാസ്സിലടങ്ങിയിരിക്കാത്ത
ചിരിച്ച് കുഴയുന്ന
പ്രേമിക്കുന്ന
കൊട്ടുവായിടുന്ന
ഉച്ചയായിട്ടും മൂടിപ്പുതച്ചുറങ്ങുന്ന മഴ.
മഴയ്ക്ക്
മാറാത്ത ജലദോഷമുണ്ടെങ്കിൽ
പേരിന്റെ ദോഷമാണെന്നു പറയുമോ വൈദ്യർ?
ചോർച്ചയടച്ചിട്ടെന്താ
മഴ വീടിനകത്തല്ലേ
എന്ന് കളിയാക്കുമോ പ്ലംബർ?
എണ്‍പതെഴുപത് വർഷം നീളുന്ന മഴ
എന്നാരെങ്കിലും മൂക്കത്ത് വിരൽവെക്കില്ലേ?
‘ഓ, മഴയെത്തി’
എന്ന് ചിരിച്ചാർക്കില്ലേ മഴയുടെ സഹപാഠികൾ
(മണ്ണട്ടയും തവളയും കാറ്റും ഇലയുമായിരുന്നു
മുൻപ് അവളുടെ സഹപാഠികൾ)
ഒരു വീട്ടിൽ മാത്രം മഴ
എന്ന് പിറുപിറുക്കുമോ അയൽപക്കം?
നശിച്ച മഴ എന്ന് ശപിക്കുമോ
കുശുമ്പും കുന്നായ്മയും?
മഴ എന്ന് കേട്ട പാതി കേൾക്കാത്ത പാതി
ആരെങ്കിലും കുട നിവർത്തില്ലേ?
അവളാക്കുട
ചിരിച്ചു തള്ളുമോ?
മഴേ,
നീ വെയിലിന്റെ കൂടെയോ
കാറ്റിന്റെ കൂടെയോ
മിന്നലിന്റെ കൂടെയോ
ഉലയുന്ന മരങ്ങളുടെ കൂടെയോ
പ്രായമാകുമ്പോൾ പോകുക?
പ്രായമേറുന്തോറും
മഴയ്ക്ക് മഴയെ ഇഷ്ടമല്ലാതാകുമോ?
പെണ്ണിന് മാത്രം
ഈ പേര് !
പുറത്തിറങ്ങാൻ വിടാത്ത പേര്
താണിടം പറ്റിക്കിടക്കുന്ന പേര്
അല്പം കൊണ്ടും മടുക്കുന്ന പേര്!
എത്ര നല്ല പേരുകളാണ്
ആ പേരുകാർ മാത്രമായി
അവരുണ്ടാക്കുന്ന നീരസം മാത്രമായി മാറുന്നത്!
മഴേ,
നീയങ്ങനെയാവരുതേ…
(വാക്കനൽ)