രചന : സെഹ്റാൻ✍
കപ്പൽ പതിവുരീതികളെ ലംഘിച്ച്
കരയ്ക്ക് കയറി ഉറച്ചുനിന്നു!
പടവുകളിലൂടെ ലാവോത്സു
ആദ്യമിറങ്ങി.
പുറകെ ഞാൻ.
ബുദ്ധന്റെ ആട്ടിൻകുട്ടികൾ.
ഒരുപറ്റം ഒട്ടകങ്ങൾ…
തിരിഞ്ഞുനോക്കാതെ ഉപ്പുകാറ്റിന്റെ
പൊക്കിൾച്ചുഴിയിൽ കാലുകളമർത്തി
ലാവോത്സു മുന്നോട്ടു നടന്നു.
പുറകെ ഞാൻ.
കാറ്റിലൂടെ ലാവോത്സുവിന്റെ പിറുപിറുപ്പുകൾ
പക്ഷികളായ് ചിറകടിച്ചു.
ചിലപ്പുകൾ മാത്രം കാതുകളിൽ തങ്ങി.
ലാവോത്സുവിന്റെ നിഴലിന്
നീളമേറുമ്പോൾ
ഉള്ളിലൊരു കുളമതിന്റെ
ഉറവകൾ പൊട്ടിക്കുന്നു.
നിറഞ്ഞുപരക്കുന്നു.
വരാൽമീനുകളുടെ പുളക്കങ്ങൾ.
ഇരുളിൽ നിലാവുപോൽ
തിളങ്ങുന്ന വെണ്മയാർന്ന
കള്ളിൻകുപ്പികൾ.
മുളകെരിഞ്ഞ് കണ്ണുനിറയ്ക്കുന്ന
വരട്ടിയ പന്നിയിറച്ചി….
വെയിലിൽ പാടവരമ്പത്തൊരു കുപ്പിവളക്കിലുക്കം.
ദാവണിത്തിളക്കം…
പുറപ്പെടും മുൻപ് മഞ്ഞിച്ച
ഡയറിത്താളിലെഴുതിച്ചേർത്ത
വിഭ്രാന്തവരികളുടെ തിരയിളക്കങ്ങൾ.
വായിച്ചുമുഴുമിക്കാത്ത പുസ്തകത്തിൽ
കൈകാലിട്ടടിക്കുന്ന മിലൻ കുന്ദേര…
ലാവോത്സുവിന്റെ കണ്ഠത്തിലൂടൊരു
സാരോപദേശകഥ വഴിതെറ്റി
തെന്നിനീങ്ങുന്നു.
വിരലുകളൊരു പാഴ്മരത്തെ
ചൂണ്ടുന്നു.
പുറംതൊലിയിലെ ചിതൽഞെരമ്പുകൾ
മാത്രം കണ്ണുകളിൽ നിറയുമ്പോൾ
ലാവോത്സു മലകയറുന്നു.
തുറമുഖത്ത്
ബുദ്ധന്റെ ആട്ടിൻകുട്ടികളെ
അറവുകാർ വലിച്ചിഴയ്ക്കുന്നു.
ഒട്ടകക്കൂട്ടങ്ങൾ
അദൃശ്യമായ യന്ത്രത്തോക്കുകൾ
തൂക്കിയിട്ട മുതുകുകൾ അലസമായ്
വെയിൽ കൊള്ളിക്കുന്നു.
മലമുകളിൽ നിന്നും ലാവോത്സു
ആകാശത്തിന്റെ കൂറ്റൻ
വാതിലുകൾ തുറന്ന്
നീളൻവരാന്തയിലൂടെ
തിരിഞ്ഞുനോക്കാതെ നടന്നകന്നു.
പാറക്കെട്ടുകളുടെ നടുവിൽ
ഏകാന്തതയുടെ സൂചിമുനകൾ
ശിരസ്സിൽ തറഞ്ഞുകയറി.
താഴെ കൊല്ലിയുടെ അഗാധതയിൽ
തീവണ്ടിപോൽ പുകതുപ്പി
കൂവിയാർത്ത് കരയിലും,
വെള്ളത്തിലുമല്ലാതെ ചരിക്കുന്ന
കപ്പലിന്റെ ശബ്ദം…
🔘🔘🔘