രചന : റഫീഖ് പുളിഞ്ഞാൽ✍

അവൾ വീട്ടിലില്ലെങ്കിൽ
മുറ്റത്ത് മരങ്ങളെല്ലാം
ഇലകൾ പൊഴിച്ചിടും
പൂച്ചക്കുഞ്ഞുങ്ങൾ
അയലത്തെ വീട്ടിലേക്ക്
ഓടിപ്പോകും.
ചെടിച്ചട്ടിയിലെ പൂവുകൾ
തളർന്നുറങ്ങും,
അടുക്കളയിൽനിന്നും
പാത്രങ്ങളുടെ
മുട്ടും പാട്ടും
കേൾക്കാതെയാവും.
നിശബ്ദത കുടിച്ച്
നെടുവീർപ്പുകൾ ഭക്ഷിച്ച്
ഓർമകളിൽ
ഞാൻമയങ്ങും..
അവൾ
വീട്ടിലില്ലെങ്കിൽ ഉറക്കം
എന്റെ അത്താഴമാകും..
പ്രഭാതം
ചുട്ടു പൊള്ളും വരേ
അലസതയിൽ
ഞാൻ മൂടിപ്പുതയ്ക്കും
പത്രം ഉമ്മറത്ത്
ഏറെ നേരം
കിടന്നുറങ്ങും..
മധുരം കൂടിപോയതിന്
സുലൈമാനിയിൽ നിന്നും
തേയിലപ്പൊടികൾ
കണ്ണു മിഴിച്ചു നോക്കും.
വീടാകെ അടച്ചു പൂട്ടിയ
ഒരു മൗനത്തിനൊപ്പം
പിന്നെ ഞാൻ ഇറങ്ങിനടക്കും..

By ivayana