രചന : ദിലീപ്..✍

മരണത്തിനുമുൻപെങ്കിലും
ഉള്ളിലെന്നോ
നിറഞ്ഞുപൂത്തിരുന്ന
ഒരു വസന്തത്തെ
ഓർത്തെടുക്കണം,
മറവിയുടെ
മലഞ്ചെരിവുകൾക്കു താഴെ
പൂക്കാൻ മറന്നുപോയ
വയലറ്റ് പൂക്കളേറെ
ഉണ്ടായിരുന്നുവെന്നൊരു
തേങ്ങൽ ബാക്കിവയ്ക്കണം,
അകലെ ആകാശത്തുണ്ടിൽ
നക്ഷത്രങ്ങളാൽ
തൊങ്ങൽ ചാർത്തിയ
ഒരു രാവിനെ നിലാവിനാൽ
ഉടുത്തൊരുക്കി
സ്വപ്നങ്ങൾക്കിടയിൽ
മറവുചെയ്തിട്ടുണ്ടന്ന്
വിറപൂണ്ട വിരലിനാൽ
കോറിയിടണം,
നിശബ്ദതയിൽപോലും
ആത്മാവിൽ തുടിക്കുന്ന
സപ്തസ്വരമായിരുന്നു
ഉള്ളിലൊളിപ്പിച്ച
പ്രണയമെന്ന രഹസ്യം
മരണത്തിനുമുൻപെങ്കിലും
വരണ്ട ചിരികൊണ്ടൊന്ന്
വരച്ചിടണം,
തോറ്റതല്ലെന്നും
നഷ്ടങ്ങളെ പ്രണയിച്ചു
തുടങ്ങിയതാണെന്നും
മരണമപ്പോൾ മറുപടി പറയും,
നോവിന്റെ
ഉപ്പുനീരിനെ ചൂടോടെ
ഊതിയിറയ്ക്കിയപ്പോഴൊക്കെ
വെഞ്ചരിച്ചു തന്ന
പുച്ഛത്തിനു പകരംതരാൻ
ഒറ്റയ്ക്കു നടന്ന വഴിയിലെന്നോ
അണഞ്ഞുപോയ
വെളിച്ചത്തിന്റെ
ആത്മബലിയുണ്ട്,
ഹൃദയത്തിന്റെ
ഉള്ളറകളിലെവിടെയോ
വിതച്ചിട്ട
സ്വപ്നങ്ങൾ തന്നെയായിരുന്നു
നഷ്ടങ്ങളുടെ
വിളവെടുപ്പ് നടത്തിയതും
ഇനി തനിച്ചെന്നൊരു
കനി എനിക്കായ്
മാറ്റി വച്ചതും,
മരണത്തിനു മുൻപെങ്കിലും
എന്റെ സ്വാതന്ത്ര്യത്തെ
തിന്നു തീർക്കണം,
നരച്ചു പെയ്ത
മഴകളൊന്നും
എന്റെയായിരുന്നില്ലെന്ന് പറഞ്ഞു
ഓർമ്മകളോട് സമരം ചെയ്യണം,
എന്നിൽ എരിഞ്ഞുതീരുന്ന
അഗ്നിയെ നെറുകയിൽ
ഉമ്മ വച്ചു മരിക്കും മുൻപ്
കൂടെ ചേർക്കണം…..

ദിലീപ്..

By ivayana