രചന : ദേവി പ്രിയ ✍
പെര പണിക്ക്
പോയി
തൊടങ്ങിയപ്പോ തൊട്ട്
അവള് പറഞ്ഞു തൊടങ്ങിയതാ
ഇത് പോലൊരു
പെര നമക്കും
ഓണത്തിനും
ചങ്കരാന്തിക്കും
വക്കണ
നല്ല ഇനിപ്പുള്ള പായസം
കുടിക്കുമ്പോ
ഒള്ള പോലെ
കണ്ണും പുരികവും
പൊന്തിച്ച്
തല കുലുക്കിയൊരു
ചിരിയുണ്ടപ്പോ .
മോവന്തി നേരത്തെ
കടപ്പൊറം പോലെ
മിനുക്കേ കലങ്ങി
ചോപ്പും
നീലേം
മഞ്ഞേയും
അവള്ടെ
കാർമേഘ നീലിമയിൽ
ഹാ !
കണ്ണ് നെറഞ്ഞങ്ങ് നിക്കും
പാതിരാകറുപ്പിലും
തെളങ്ങി
പനങ്കൊല മുടിക്കകത്ത്
ചുറ്റിക്കെട്ടി
പമ്പരം ചുറ്റിക്കുന്ന
ലക്ഷിക്കുട്ടി.
അങ്ങന പറഞ്ഞാലും
പാവം
മറുത്തൊന്നും പറയൂല
എടവാപ്പാതി നീരൊഴുക്കിൽ
ചോരണ കൂരക്ക് കീഴെ
കലവും
ചട്ടിയും
പറക്കി വച്ച്
അവള് വീണ്ടും പറഞ്ഞ്
നമ്മക്കും ഒരു പെര
ഒലിച്ചു പോയ
സാധനങ്ങള്
ഒള്ളടത്തോളം പറക്കിക്കൂട്ടി
എളയ ചെറുക്കന്റെ
സ്‌കൂൾ തിണ്ണേൽ
തളർന്നിരുന്നപ്പഴും
അവള് പറഞ്ഞു
അണ്ണാ നമ്മക്കും ഒരു പെര
കണ്ണ് മഞ്ഞളിച്ച്
കവിള് കരുവാളിച്ച്
ചൊമച്ച്
പെടച്ച്
സർക്കാർ ആശൂത്രീടെ
തറയിൽ കെടക്കുമ്പോഴും
ഒച്ചയില്ലാതെ
ചുണ്ടനക്കിയവള്
‘നമ്മടെ പെര ‘
എരിച്ചു തീക്കണ
ശവപ്പറമ്പിൽ
നീണ്ടു കെടന്നപ്പോഴും
കണ്ട്
അവളുടെ കണ്ണിൽ
തെളങ്ങി മിന്നി
തീയെരിയണത്
പെര, പെരാന്ന്.