രചന : ശിവൻ മണ്ണയം✍
രാവിലെ വീട്ടിൽ നിന്നിറങ്ങുമ്പോൾ എന്റെ കണ്ണ് നിറഞ്ഞിരുന്നു. ബസിലൂടെ 25 Km യാത്ര ചെയ്യേണ്ടതുണ്ട്. തിരിച്ച് വന്ന് ഭാര്യേം മകനേം കണ്ടാ കണ്ട് ..!
ഞാൻ ഭാര്യയുടെ കാൽതൊട്ട് തലയിൽ വച്ചു. ചെയ്ത തെറ്റുകളൊക്കെ ഏറ്റ് പറഞ്ഞ് മാപ്പിനപേക്ഷിച്ചു.എന്നിട്ട് ഇടറിയ ശബ്ദത്തിൽ പറഞ്ഞു ” പോട്ടെ… പ്രിയതമേ “
അവൾ മാപ്പ് സ്വീകരിച്ച് റെസിപ്ട് നൽകി. എന്നിട്ട് യുദ്ധത്തിന് പുറപ്പെടാൻ തയ്യാറായി നില്ക്കുന്ന ഭടനോട് രാജ്യസ്നേഹിയായ ഭാര്യ പറയും പോലെ എന്റെ തലയിൽ കൈവച്ച് അനുഗ്രഹിച്ച് പറഞ്ഞു: അംഗഭംഗമില്ലാതെ തിരിച്ചുവരൂ നാഥാ..
ഞാൻ കാല് വലിച്ച് വച്ച് ഏങ്ങലടിച്ച് നടന്നു. ഇടക്ക് തിരിഞ്ഞു നോക്കി ഭാര്യക്ക് 5 ഫ്ലെയിങ് കിസ് കൊടുത്തു. മൂന്നെണ്ണം ഭാര്യക്ക് തന്നെ കിട്ടി.രണ്ടെണ്ണം അയല് വക്കത്തെ സുനന്ദയുടെ നേരെയാണ് ലക്ഷ്യംതെറ്റി പോയത്! സാരമില്ല,ആർക്കെങ്കിലും കിട്ടിയാ മതിയല്ലോ ,സന്തോഷം!
ഞാൻ മരിച്ചാൽ എന്റെ ഭാര്യ വേറെ കല്യാണം കഴിക്കുമോ? ഈശ്വരാ അതിന് നീ സമ്മതിക്കരുതേ…. അങ്ങനെ അവൾ ചെയ്താൽ പ്രേതമായി വന്ന് അവളെ കടിച്ച് കൊല്ലാൻ എനിക്ക് കഴിയില്ലല്ലോ..കാരണം എന്താ.. ആ സമയത്ത് ഞാൻ സ്വർഗ്ഗത്തിലായിരിക്കും, സ്വർഗ്ഗവാസികൾക്ക് പ്രേതമായി വരാൻ പറ്റ്വോ?ല്ലാ…ല്ലാ..!. രാവിലെ വീട്ടീന്ന് ഇറങ്ങുന്നതിന് മുമ്പേ ഞാൻ സ്വർഗം ബുക്ക് ചെയ്തിട്ടുണ്ട് ( ഉറപ്പായും കിട്ടും) ഭഗവാൻപരമശിവൻ വഴിയാണ് ഞാൻ അപേക്ഷ കൊടുത്തത്. ഭഗവാനെ എനിക്ക് കഴിഞ്ഞ മുപ്പത് വർഷമായി അറിയാം, അടുത്ത പരിചയമുണ്ട്, സ്ഥിരം അമ്പലത്തിൽ വച്ച് കാണാറുണ്ട്.
ഞാൻ തിരുവനന്തപുരത്തേക്കാണ് പോകുന്നത്. പോകേണ്ടത് റോഡിലുടെയാണ്. മണ്ടൻ കുന്നിൽ നിന്ന് തിരുവനന്തപുരത്തേക്ക് വിമാന സർവീസ് ഇല്ല (പ്രധാനമന്ത്രി മോഡി ഇതൊന്ന് ശ്രദ്ധിക്കുമോ?) അതുകൊണ്ട് റോഡാ ശരണം. ഒരു ദിവസം റോഡിലേക്കിറങ്ങുന്ന കുറേ പേർ വീട്ടിലേക്ക് തിരിച്ചെത്തുന്നില്ലെന്നാ കണക്ക്. മണിക്കൂറിൽ 16 വച്ചാ മരണം, അല്ല കൊല, റോഡിലേ…!നിങ്ങളെല്ലാം കരുതുന്നു ഭീകരൻമാർ ജമ്മു കാശ്മീരിലേ ഉള്ളൂന്ന്. അവിടെ കൂടിപ്പോയാൽ നൂറോ നൂറ്റമ്പതോ അത്രേ കാണൂ ഭീകരൻസ് . നമ്മുടെ റോഡുകളിലാണ് ബാക്കി ഭീകരൻമാർ വിരാജിക്കുന്നത്.ലക്ഷക്കണക്കിനാണ് ഇവരുടെ എണ്ണം. വെറും ഭീകരല്ല, ചാവേറുകൾ. ഇവരെ നേരിടുന്ന എന്നെപ്പോലുള്ളവർക്ക് കൈയിൽ Ak 47 ഇല്ല. ചത്താൽ ആനുകൂല്യങ്ങളുമില്ല, ആരും ആകാശത്തേക്ക് വെടിവയ്ക്കുകയുമില്ല.(സത്യം പറയാമല്ലോ ഞാൻ വെടിവയ്പിന് എതിരാണ്)
അതിർത്തി കടന്നെത്തുന്ന ഭീകരൻമാരെ നേരിടാൻ കോടികോടി അഥവാ കൊക്കോടിക്കണക്കിന് രൂഭാ ചിലവിടുന്ന സർക്കാർ, റോഡിലെ ഭീകര ചാവേറുകളെ നേരിടാൻ എത്ര രൂപാ മുടക്കുന്നുണ്ട്? അറിഞ്ഞാൽ കൊള്ളാം കണക്ക് തരുമോ?.(ചുമ്മാ പറഞ്ഞതാണ്.കണക്കൊന്നും തരണ്ട. കണക്കെന്ന വിഷയമെനിക്കിഷ്ടമല്ല.)
ഞാൻ ചെമ്മൻ പാതയിലൂടെ ബസ്‌റ്റോപ്പിലേക്കു നടന്നു. ഒരു വളവിൽ, അപ്രതീക്ഷിതമായി കുട്ടിയാനയെപോലുള്ള ഒരു ഓട്ടോ അതിവേഗത്തിൽ എന്റെ നേരെ പ്രത്യക്ഷപ്പെട്ടു, ഹോൺപോലുമടിക്കാതെ ! അതിവേഗത്തിൽ ഞാൻ സൈഡിലേക്ക് എടുത്ത് ചാടി. ചാടുന്ന സമയത്ത് സ്വർഗ്ഗം ഒന്നുകൂടി ബുക്ക് ചെയ്തു, പരമശിവനോട് …
ചാവേറായിരുന്നു ഓട്ടോയിൽ വന്നത്, പേര് കനകൻ. പക്ഷേ ഞാൻ രക്ഷപെട്ടു.
പിന്നെ ശ്രദ്ധിച്ചാണ് നടന്നത്, സ്വർഗ്ഗം ബുക്ക് ചെയ്തിട്ടുണ്ടെങ്കിലും ഭൂമി വിടാൻ മടിയായിരുന്നു.
വേറൊരു വളവ് കഴിഞ്ഞതും (ഈ വളവൊക്കെ നിവർത്താൻ ഇവിടാരുമില്ലേ..? ഇവിടെ ഭരണമില്ലേ?) ഒരു സ്കുട്ടി കുറ്റിക്കാട്ടിൻ മറവിൽ നിന്ന് പന്നിക്കുട്ടിയെ പോലെ പാഞ്ഞടുത്തു. സ്കൂട്ടറോടിക്കാൻ പഠിക്കുന്ന വെളുമ്പിതാത്തയാണ്.അപ്പോഴും ഞാൻ റോഡിൽ നിന്ന് ഡൈവ് ചെയ്ത് അടുത്ത കാട്ടിലേക്ക് പതിച്ചു.( ഡൈവിംഗ് പഠിക്കാതെ ഇവിടെ ജീവിക്കാൻ പറ്റാതായിരിക്കുന്നു!) വീണ്ടും രക്ഷപ്പെട്ടിരിക്കുന്നു, ശിവനേ സ്തുതി!
ബസ് സ്റ്റോപ്പു വരെ ഈശ്വരനെ ധ്യാനിച്ച് നടന്നു. ദൈവമേ നിരീശ്വരവാദിയായ എനിക്കീഗതി വരുത്തിയല്ലോ.. നിങ്ങളോട് ദൈവം ചോദിക്കും! ബസ് സ്റ്റോപ്പിലെത്തിയപ്പോൾ സമാധാനമായി.ഇതുവരെ മരണപ്പെട്ടിട്ടില്ല, 16 പെർ അവറിൽ ഉൾപ്പെട്ടില്ല… ഭാഗ്യം.
ബസ് വന്ന് നിന്നു, മരിച്ചു കൊണ്ടിരിക്കുന്ന KSRC. KSRTC യെ Icu വിലിട്ട് രക്ഷപ്പെടുത്താൻ ശ്രമിക്കുന്നവരിൽ ഒരുത്തനാണ് ഈ ഞാൻ. പക്ഷേ …
ബസിൽ കുറച്ച് പെൻമണികൾ ഉണ്ടായിരുന്നു കേറാൻ. ഞാൻ നല്ല ഭാരത പൗരനായി, സ്ത്രീ സഹായക സഹോദര സംഘം പ്രസിഡണ്ടായി, അവരെയെല്ലാം കയറ്റിയിട്ടാണ് ബസിൽ കയറിയത്. മനസ് നിറഞ്ഞു. പക്ഷേ ഞാൻ കയറും മുമ്പേ കണ്ടക്ടർ ബെല്ല് കൊടുത്തു. അവനെന്തൊരു ധൃതിയാ!വണ്ടിയെടുത്തതും ഞാൻ പിറകിലേക്ക് മലച്ച്, ഞാൻ കയറ്റി വിട്ട പെണ്ണുങ്ങളുടെ മടിയിലേക്ക് ഉൽക്ക പോലെ ചെന്ന് വീണു. പെണ്ണുങ്ങൾ സ്നേഹപുരസരം എന്നെ താലോലിക്കുമെന്നാണ് കരുതിയത്.പക്ഷേ പെമ്പിള്ളാർക്ക് നന്ദിയില്ലല്ലോ .. അവർ പാറ്റയെ കണ്ടതുപോലെ ഭയചകിതരായി, എന്നിട്ട് എന്നെ പുലഭ്യം പറഞ്ഞു .നിന്ദിച്ചു.നിന്നോടൊക്കെ ദൈവം ചോദിച്ചോളും കേട്ടോ നന്ദികെട്ട ഗേൾസേ…!
ഞാൻ ഒരു സൈഡ് സീറ്റ് പിടിച്ചു. എന്നിട്ട് വണ്ടിയുടെ മുരൾച്ച ശ്രദ്ധിച്ചു. ഇല്ല .. എൻജിന് പ്രശ്നമില്ലാ! സമാധാനം.
മുണ്ടൊക്കെ യഥാസ്ഥാനത്ത് പിടിച്ചിട്ട് ഒന്ന് നിവർന്നിരിക്കുപോൾ ശ്രദ്ധിച്ചു, ഒരു +2 കാരി കണ്ണെറിയുന്നു. എനിക്കിഷ്ടമാണ് ഇതൊക്കെ.എങ്കിലുംഞാൻ കണ്ണുകൊണ്ട് ചില ഡയലോഗുകൾ മുഴക്കി: പോടീ … പോയി നിന്റെ തരക്കാരോട് കളിയെടീ.. അങ്ങനെ കുറച്ച് സമയം വേസ്റ്റ് ചെയ്ത് കളഞ്ഞപ്പോഴാണ് മനസിലായത് ആ സാധു പെൺകുട്ടി നോക്കുന്നത് എൻ്റെ അടുത്തിരിക്കുന്ന ഒരു പയ്യനെയാണ്.പെണ്ണിന് കോങ്കണ്ണാണെന്ന് തോന്നുന്നു. ചമ്മലോടെ ഞാൻ പിറുപിറുത്തു: ഛെ! ഒത്തില്ലാ!
ഞാൻ ലോല ചിന്തകൾ വിട്ട് വ രാൻ പോകുന്ന ചാവേറിനെയും നോക്കിയിരുന്നു. ടിപ്പറോ ചരക്ക് ലോറിയോ അതോ പ്രൈവറ്റ് ബസൊ.. ഏതിലാണ് കാലൻ കയറുമായി എത്തുന്നത്? വട്ടപ്പാറയെത്തിയപ്പോൾ വട്ടമുഖമുള്ള ഒരു വെളുത്ത പെണ്ണ് ബസിൽ കയറി, വിടർന്ന കണ്ണുകൾ നിറഞ്ഞ സൗന്ദര്യം! ഞാനവളെ നോക്കിപുഞ്ചിരി പൊഴിച്ചു. അവൾ ഗൗനിച്ചില്ല. ഞാൻ പല്ലിറുമ്മി .ഇവൾക്ക് പൊക്കമില്ല. പോ കുള്ളത്തീ പോ.. !
ഒരുത്തൻ മൊബൈലിൽ ഉറക്കെ പാട്ട് മുഴക്കുന്നു: കെട്ടുപ്പിടി കെട്ടുപിടി ഡാ…
പെമ്പിള്ളാരുടെ നിതംബത്തിൽ ഒട്ടിനിൽക്കുന്ന എല്ലാ പുരുഷ കേസരികൾക്കും ഇതിന്റെ അർത്ഥമറിയാമെന്ന് തോന്നുന്നു, അവർ സുഖദ മൃദുമന്ദസ്മിതം വാരി വിതറുന്നുണ്ട്. പെമ്പിള്ളാരും മന്ദഹാസപൂക്കൾ വിടർത്തി പറത്തുന്നുണ്ട്. ആകെ ഉല്ലാസം .ഞാൻ മാത്രം ചാവേറുകളെയും നോക്കിയിരിക്കുന്നു. സുഖിക്കണം സുഖിക്കണം എന്ന് കരുതുന്ന ഇജ്ജാതിമനുഷ്യൻമാരാണ് ചാവേറുകളെ സൃഷ്ടിക്കുന്നത്!
ഇങ്ങനെയൊക്കെയുള്ള ചിന്തകളിലേക്ക് ഞാൻ ആഴ്ന്ന് മുങ്ങവേ പെട്ടെന്ന് ബസാകെ ഒന്നുലഞ്ഞു, ഡും ഡും ഡുഡുണ്ടുഡും എന്ന ഹൃദയ നിലവിളിയൊച്ചകഴിഞ്ഞ്, എന്റെ തലച്ചോർ പറഞ്ഞു: ഒരു ഫ്രീക്കൻ ബുള്ളറ്റിൽ ബസിനെ ഓവർ ടേക്ക് ചെയ്തതാണ്.
ഞാൻ ഞെട്ടിവിറച്ചു, ഇതാ ചാവേർ എത്തിയിരിക്കുന്നു.നേരിടാൻ ഞങ്ങളുടെ കൈയിൽ ആയുധങ്ങളില്ല. ഒരു തോക്ക് കിട്ടിയിരുന്നെങ്കിൽ…
അവൻ പോയി… കാണാനില്ല.. ഞാൻ ദീർഘനിശ്വാസം വിട്ടു.ശിവനേ നന്ദി..
അല്പസമയം, തുലോം തുച്ഛമായ സമയം, ഞാൻ സമാധാന ഹൃദയനായി ഇരുന്നു. പക്ഷേ ബസ് അടുത്ത ജംഗ്ഷ നിലെത്തിയപ്പോൾ ഫ്രീക്കനെ അവിടെ കണ്ടു. ഈ ജന്തുവിന്റെ വീട് ഇവിടാണോ? ഇവന്റെ തന്ത എങ്ങനെ ഇരിക്കും?
ബസ് അവിടന്ന് സ്റ്റാർട്ട് ചെയ്തതും ഫ്രീക്കൻ ബസിന്റെ പിന്നാലെ യാത്ര യാരംഭിച്ചു.ഇവനെന്തിന്റെ കേടാണ്! അവന്റെ തലമുടി കണ്ട് പേടിയാകുന്നു. പക്ഷേ പെമ്പിള്ളാർ മുടിയനെ ആരാധനയോടെ നോക്കുകയാണ്. അവരങ്ങനെയാണല്ലോ കൊല്ലാൻ വരുന്നവനെ സ്നേഹിക്കും, ജീവൻ കൊടുക്കാൻ തയ്യാറായവരെ അവഗണിക്കും. മന്ദബുദ്ധീസ് ..!
ഫ്രീക്കൻ ഒന്ന് ഉറക്കെ കൂകിയിട്ട്, മുടിപറത്തി ബസിനെ ഓവർ ടേക്ക് ചെയ്ത് പോയി. അപ്പോഴും ഡ്രൈവർ ബസൊന്ന് വെട്ടിച്ചു.ഗൗരവത്തിലിരുന്ന ഞാൻ തെറിച്ച് എതിർ സീറ്റിലിരുന്ന +2 കാരിയുടെ മടിയിൽ പ്രതിഷ്ഠയായി. ഞാൻ എടുപിടീന്ന് സ്വർഗ്ഗം ബുക്ക് ചെയ്തു.മരിച്ചാൽ സ്വർഗ്ഗത്ത് തന്നെ പോണം. മുൻപ് ബുക്ക് ചെയ്തിട്ടുണ്ട്, ഇതൊരോർമ്മപ്പെടുത്തൽ, ശിവനേ…
” ഈ ചേട്ടന്റെ ഒരു കാര്യം.. ” പെൺകുട്ടി ലജ്ജിത നേത്രയായി പുഞ്ചിരി വാക്കുകൾ ഉറക്കെ വാരിവിതറി എന്നെ പിടിച്ചങ്ങ് തളളി. ഞാൻ തിരിച്ച് എൻ്റെ സീറ്റിലേക്ക് തലയടിച്ച് വീണു.സ്ത്രീശക്തി മഹാശക്തി.
“അവനെ ഞാൻ വിടില്ല ” ഒരു മുരൾച്ച കേട്ട് ഞാൻ നടുങ്ങി. ആരാണത്?ഓ! ബസ് ഡ്രൈവർ ! ഇവനെന്തിന്റെ കേടാണ്…? ഡ്രൈവർ ബൈക്കിലെ പയ്യനുമായി മത്സരിക്കാനുള്ള പ്ളാനാണെന്ന് തോന്നുന്നു.ഇവനെ നിയന്ത്രിക്കാൻ ഈ ബസിലാണുങ്ങളാരുമില്ലേ?!
ഡ്രൈവർ ബസ് പറപ്പിച്ച് വിടാൻ തുടങ്ങി. അപ്പോൾ പ്രോത്സാഹനം ഉയർന്നു. ഡ്രൈവറുടെ പിന്നിലിരിക്കുന്ന പെമ്പിള്ളാരാണ് പ്രോത്സാഹിപ്പിക്കുന്നത്.ഈ പെമ്പിള്ളാർ എല്ലാരേം കൊല്ലിക്കും !
അടുത്ത വളവിൽ ഫ്രീക്കനെ ഞങ്ങളുടെ ബസ് ഓവർടേക്ക് ചെയ്തു.ബസ് ഡ്രൈവർ പെമ്പിള്ളാരെ നോക്കി വിജയമന്ദഹാസം പൊഴിച്ചു. സുമാർ18 പെമ്പിള്ളാർ ആ ഡ്രൈവറെ കൊതിച്ചു .. സ്വപ്നിച്ചു ..!
അടുത്ത വളവിൽ ഫ്രീക്കന്റെ ബൈക്ക് ഞങ്ങളുടെ ബസിനെ ഓവർ ടേക്ക് ചെയ്തു, ശ്റൂംo…. എന്ന് ..! അപ്പോൾ പ്രസ്തുത 18പെ മ്പിള്ളാർ ഫ്രീക്കനെ കൊതിച്ചു ! മരംചാടികൾ…!അപ്പ കണ്ടവനെ അപ്പാ എന്ന് വിളിക്കുന്ന ടൈപ്പാ!
ഈ ഫ്രീക്കന്റ ആരോ ഈ ബസിലുണ്ട്. അല്ലെങ്കിൽ ഈ യുവകളേബരൻ ഇതിന് പിന്നിൽ മരണ ദൂദുമായി എത്തില്ലല്ലാ. ഞാൻ ശ്രദ്ധിച്ചു, പിന്നാലെ വരുന്ന ഫ്രീക്കന്നെ പല പെമ്പിള്ളാരും ആരാധനയോടെ വീക്ഷിക്കുന്നുണ്ട്. അതിലൊരു പെൺകുട്ടിയുടെ മുഖത്ത് പ്രണയം ഞാൻ കണ്ടു. വട്ടപ്പാറയിൽ നിന്ന് കയറിയ വട്ട മുഖക്കാരിയുടെ …
എടീ… കൊച്ചേ…. കാമുകനെ പിന്തിരിപ്പിക്ക് … അവൻ രക്ഷ പെടട്ടേ… ഞാനാ വട്ട മുഖക്കാരിയെ നോക്കി നിശബ്ദം യാചിച്ചു. അവളെന്നെ നോക്കാഞ്ഞത് കൊണ്ട് എന്റെ പ്രാർത്ഥന അവൾക്ക് കിട്ടിയില്ല. അവളുടെ നോട്ടം ആ സാഹസികനിലായിരുന്നു.
ബസ് ഡ്രൈവർ ഫോമിലാണ്. അയാൾ അമറുന്നുണ്ട്. ഫ്രീക്കനെ തോല്പിക്കാൻ അയാൾ വെമ്പുന്നുണ്ട്. അതിവേഗതയിൽ അയാൾ ബസ് പറപ്പിക്കുന്നുണ്ട്.
എടീ വട്ട മുഖക്കാരി.. ഇറങ്ങിപ്പോടീ..ഞങ്ങളുടെ ജീവൻ തിരിച്ച് താടീ… ആ കോമളവദനത്തിൽ നോക്കി ഞാൻ പുലമ്പി.അഹങ്കാരിനോക്കുന്നില്ല.
എങ്കിൽ ചാവെടീ …! എൻ്റെ കണ്ണിൽ നിന്ന് നീർമണികൾ ഊർന്ന് വീണു.
ബസ് ആടിയുലയുന്നുണ്ട്, +2 കാരികളും ഞാനും തമ്മിൽ സമ്മേളിക്കുന്നുണ്ട്, ഡിഗ്രിക്കാരികളും വരുന്നുണ്ട്, പക്ഷ എനിക്കതൊന്നും ശ്രദ്ധിക്കാൻ പറ്റുന്നില്ല. അത്ര ഭീതിയാണ് മനസില് .
ഒരു മിനിട്ട് കഴിഞ്ഞതും ബസ് ഫ്രീക്കന്റ ബൈക്കിനെ മറികടന്നു .ഒരു ചെറുപുഞ്ചിരിയോടെ ഫ്രീക്കൻ പിന്നോട്ട് പോയി.ആ ചിരി വട്ട മുഖക്കാരിക്കുള്ളതായിരുന്നു. അവളുടെ മുഖത്ത് നിരാശ ഞാൻ കണ്ടു.
രണ്ട് മിനിട്ട് കഴിഞ്ഞതും ഫ്രീക്കൻ ബസിനെ മറികടന്നു പോയി. അപ്പോഴും അവൻ ബസിലേക്ക് നോക്കി പുഞ്ചിരിച്ചു.
വട്ടമുഖക്കാരി കൈ വീശി, അവളുടെ മുഖത്ത് അനുരാഗാരാധനയായിരുന്നു.. അഭിമാനമായിരുന്നു .. അപ്പോ .
ഇവനും ഇവളും കൂടി എന്നെ കൊല്ലും… ഞാൻ ഉരുകി.
ബുള്ളറ്റ് ഞങ്ങളെ കടന്നു പോയി, ഞങ്ങടെ ബസ് മരണ വേഗതയിൽ പിന്നാലെ കുതിച്ചു. ഞാൻ കണ്ണടച്ചിരുന്ന് പ്രാർത്ഥിച്ചു. അല്പസമയം കഴിഞ്ഞപ്പോൾ ബസ് നിർത്തിയതായി എനിക്ക് തോന്നി. ഞാൻ കണ്ണ് തുറന്ന് നോക്കി. തൊട്ടു മുന്നിൽ ഒരു ലോറിയിലേക്ക് ഇടിച്ച് കയറിയ ഒരു ബുള്ളറ്റ് ..! രക്തത്തിൽ കുളിച്ചു കിടക്കുന്ന ഒരു ശരീരം.
ബസിലെ വട്ട മുഖക്കാരി ഇറങ്ങി ഓടുന്നത് കണ്ടു. ശവശരീരത്തിൽ കെട്ടിപ്പിടിച്ച് കരയുന്നത് കണ്ടു.
കണ്ടു നില്ക്കാൻ സമയമില്ല. ബസ് മുന്നോട്ട് നീങ്ങി. നിങ്ങൾ, നിങ്ങടെ കുടുംബം നിങ്ങടെ സ്നേഹം … ബസ് യാത്രികർക്ക് അതൊന്നുമൊരു പ്രശ്നമല്ല സാഹസികരേ!
ഒരു നിമിഷത്തെ സങ്കടം,അത് കഴിഞ്ഞ് ബസ് പിന്നെയും ഓടും. അതിന്റെ ലക്ഷ്യത്തിലേക്ക് … അതോർക്കുക. ജീവനെ മുറുകെ പിടിക്കുക.