രചന : പാപ്പച്ചൻ കടമക്കുടി ✍

മഴേ നീ വരുന്നോരൊരുക്കം ശ്രവിക്കേ
പുഴയ്ക്കെന്തു കാര്യം,കുതിച്ചോടിയുള്ളം
തഴച്ചാർത്തു നാടും കിലുക്കിക്കുലുക്കി
കഴൽക്കൂത്തുമാടിക്കളിക്കാനിതിപ്പോൾ?

മുളയ്ക്കുന്ന കൂമ്പിൽത്തളിർക്കുന്ന മോഹ –
ക്കിളിപ്പാട്ടിലാടും മരങ്ങൾക്കുമുണ്ടോ
കുളിച്ചീറനാറ്റും മുടിത്തുമ്പു തട്ടി –
ത്തുളിച്ചിട്ടു നാണം കലമ്പുന്ന നോട്ടം!

കളിത്തോണിയുണ്ടാക്കി നില്പുണ്ടതുള്ളി –
ന്നൊളിക്യാമറക്കണ്ണിലെന്നേ പതിഞ്ഞൂ
ചളിക്കൊത്തുമുറ്റത്തൊരോളം ചവിട്ടും
കളിക്കുട്ടി പൊട്ടിച്ചിരിക്കുന്നുമുണ്ടേ.

നിറംമങ്ങി, കാണാതകത്തുള്ള സൂര്യൻ
മറഞ്ഞെന്റെ മാനം കറുക്കുമ്പൊഴെല്ലാം
ഉറഞ്ഞും തെളിഞ്ഞും വിരുന്നെത്തിയെന്നിൽ
നിറഞ്ഞാടിനില്‌പ്പുണ്ടു വാർവില്ലൊരെണ്ണം.

ജനൽപ്പാളി മുട്ടിത്തുറന്നും പതുക്കെ
കിനിഞ്ഞാർദ്രമോഹം പകർന്നും തളിർത്തും
കിനാക്കൂട്ടിലെത്തിക്കിളിക്കുഞ്ഞു പോലെ
നനുത്തുള്ള തൂവൽ കുടഞ്ഞില്ലയോ നീ ?

പതുക്കെത്തുടങ്ങിത്തടുത്തും തുടുത്തും
മൃദംഗപ്പെരുക്കത്തിനൊപ്പം കിതച്ചും
ഹൃദം തൊട്ടു നൃത്തം തകർത്താടിടുമ്പോൾ
മുദംകൊണ്ടു ഭൂവും കുളിർക്കുന്നു ഞാനും.

നിലംവിട്ട രൗദ്രം കുടംപെയ്തു നില്ക്കേ
പൊലിഞ്ഞിന്ദുനാളം, മണിത്താരകങ്ങൾ
വിലപ്പെട്ടതെല്ലാം കവർന്നിട്ടുമെന്തേ
നിലച്ചില്ലയോ നിൻ കലിപ്പിന്റെയാട്ടം?

പാപ്പച്ചൻ കടമക്കുടി

By ivayana