രചന : ഹരി ചന്ദ്ര ✍

ഏഴു സാഗരങ്ങളുംചേർന്ന് മുഴുവനായും വിഴുങ്ങിയ
കരഭൂവിലെ മന്ദിരങ്ങളിലും മാളികകളിലും
വാഹനങ്ങളിലുമൊക്കെ, മതങ്ങളില്ലാതെ
കടൽജീവികൾ ജലനഗരം പണിയുന്നു! അവരുടെ
വിപുലമാകുന്ന ആവാസവ്യവസ്ഥ!
ബാങ്കുകൾ, സ്കൂളുകൾ, ആശുപത്രികൾ,
ബ്യൂട്ടിപാർലറുകൾ എന്നിങ്ങനെ പലതും
മീൻസങ്കേതങ്ങൾ! മുങ്ങിപ്പോയ എൻ്റെ വീട്ടിലെ
അടുക്കളയിൽ കുറേ കടൽക്കുതിരകളും
നീരാളിക്കുഞ്ഞുങ്ങളും ആടിയുലയുന്നു!

വെള്ളം പിന്നെയും ഉയരുകയാണ്! മുഴുവനായി
മുങ്ങുന്നതുവരെ, മുറ്റത്തുണ്ടായിരുന്ന വലിയ
തെങ്ങിൻതലപ്പിൽ അള്ളിപ്പിടിച്ചിരിക്കുകയായിരുന്നു
ഞാൻ.
ഒരു മരത്തടിയോ റബ്ബർറ്റ്യൂബോ ഒഴുകിയെത്തിയാൽ
ആയുസ്സ് നീട്ടാമായിരുന്നെന്നുതോന്നി.
നിറയെ ആളുകളുമായി ഒരു ഹെലിക്കോപ്റ്റർ
അലയുന്നു! ചിലരതിൽ തൂങ്ങിക്കിടക്കുന്നു. ഒരു
പ്രത്യാശയോടെ ഉറക്കെ ഒച്ചയിട്ടുകൊണ്ട് കൈയ്
വീശിയതു വിഫലമായി. ഏതെങ്കിലും മലയുടെ
തുഞ്ചത്തെവിടെയെങ്കിലും വെള്ളം വിഴുങ്ങാത്ത
ഇടമുണ്ടോയെന്ന് ആന്വേഷിച്ചുകൊണ്ടുള്ള
ആ വ്യോമയാനം കുറച്ചകലെയൊരു പതനത്തോടെ
അവസാനിക്കുകയുംചെയ്തു!

ഭൂമിയിപ്പോൾ ഭാഗംവയ്ക്കാത്ത ഒരൊറ്റ ജലരാജ്യം!
ഉപരിതലത്തിൽ പൊങ്ങിക്കിടക്കുന്ന തടിയിലും
പ്ലാസ്റ്റിക്കുവസ്തുക്കളിലുമൊക്കെ പിടിച്ചുകിടന്ന്, ജീവൻ
മിച്ചംവന്ന കുറച്ചു മനുഷ്യരെക്കാണാനുണ്ട്! പലരും
വിശപ്പിൻ്റെ കാഠിന്യത്തിൽ തളർന്നുതുടങ്ങി!
അനന്തമായ വിജനതയിൽ, ചേക്കേറുവാൻ
ചില്ലകളില്ലാതെ പറന്നുതളർന്ന പറവകൾ
കൊഴിഞ്ഞുവീണു!
ചത്തുവീർത്ത പശുവിൻ്റെ മുകളിൽ ചില പക്ഷികൾ
അഭയംപ്രാപിച്ചിട്ടുണ്ട്!

പൊന്തിക്കിടക്കുന്ന ഒരു കട്ടിലിൽ തൻ്റെ,
പൂർണ്ണഗർഭിണിയായ ഭാര്യയെക്കിടത്തിയ ഭർത്താവ്
വീണ്ടും അടിയിലേക്കൂളിയിട്ട്, അവശതയിൽ
അവസാനിക്കാറായ ശ്വാസത്തിലുയർന്നപ്പോൾ
കൈയ്യിലൊരു കവറിൽ കുറച്ചു പഴങ്ങൾ!
ഒരു ഭാഗം മുങ്ങിയ കട്ടിൽവഞ്ചിയിൽ
പിടിക്കാതെയുലയ്ക്കാതെ പഴക്കവർവച്ച്, അയാൾ
അന്ത്യയാത്ര പറയുകയെന്നോണം നിറവയറിലൊരു
ചുംബനം നല്കി, താഴുന്നുമറഞ്ഞ്, ജലസമാധി പുല്കുന്ന
വേദനക്കാഴ്ച!

പശിയെരിഞ്ഞപ്പോൾ ചിലർ, വെള്ളപ്പരപ്പിൽ
ഒഴുകിനടക്കുന്ന ചത്തതും ചാവാത്തതുമായ
കോഴികളേയും മറ്റു പക്ഷികളേയുമൊക്കെ
നീന്തിയെടുത്ത് പപ്പും തോലും പറിച്ചുകളഞ്ഞ്
പച്ചയോടെ ഭക്ഷിച്ചു!
തീയില്ലാതായ, വൈദ്യുതിയില്ലാതായ,
അതിരുകളേതുമില്ലാതായ ജലലോകത്ത്
സ്വതന്ത്രമായൊഴുകിനടക്കുന്ന കുറേ ജഡങ്ങൾ!

വെള്ളത്തിനടിയിൽവച്ച്, എൻ്റെ മരണത്തിൻ്റെ തൊട്ടു
മുൻപ്, വേർപെടുന്ന പ്രാണൻ്റെ നിശ്വാസക്കുമിളകൾ
ആരോ കോർത്ത മുത്തുകൾപോലെ മുകളിലേക്കു
സഞ്ചരിച്ച്, കട്ടിൽവഞ്ചിയിലെ ജലജനനത്തിൽ
ചോരക്കുഞ്ഞിൻ്റെ ആദ്യ ശ്വാസമായി!
എവിടെനിന്നോ ഒരു പ്രതീക്ഷക്കപ്പലിൻ്റെ സൈറൺ
മുഴങ്ങി!


ഹരി ചന്ദ്ര

By ivayana