ഷാര്‍ജയില്‍ കെട്ടിടത്തില്‍ നിന്നും വീണുമരിച്ച മലയാളിയുടേത് ആത്മഹത്യ; കാരണം അവ്യക്തം . വ്യവസായിയുടെ മരണത്തിന്റെ ഞെട്ടലില്‍ പ്രവാസികള്‍. മലയാളി ബിസിനസുകാരന്‍ ടി.പി. അജിത് (55) ആണ് ജീവനൊടുക്കിയതായി ഷാര്‍ജ പൊലീസ് സ്ഥിരീകരിച്ചത്. ആത്മഹത്യ ചെയ്യാനുണ്ടായ കാരണം അന്വേഷിക്കുന്നു. ദുബായ് മെഡോസിലെ വില്ലയില്‍ താമസിക്കുന്ന കണ്ണൂര്‍ പനങ്കാവ്, ചിറയ്ക്കല്‍ ടിപി ഹൗസില്‍ ടി.പി.അജിതിനെ തിങ്കളാഴ്ച രാവിലെയാണ് ഷാര്‍ജ അബ്ദുല്‍ നാസര്‍ സ്ട്രീറ്റിലെ ബഹുനില കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
കഴിഞ്ഞ 30 വര്‍ഷമായി ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്‌പേസ് സൊലുഷന്‍സ് ഇന്റര്‍നാഷനല്‍ ഗ്രൂപ്പ് ഡയറക്ടറായിരുന്നു. സാമ്പത്തികമായി ഉയര്‍ന്ന നിലയിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. സ്‌പേസ് സൊലൂഷന്‍സ് ഇന്റര്‍നാഷനലിന് കീഴില്‍ ഗോഡൗണ്‍, ലോജിസ്റ്റിക്ക്, വര്‍ക്ക് ഷോപ്പ്, കോള്‍ഡ് സ്റ്റോറേജ് സൗകര്യം തുടങ്ങിയ വിഭാഗങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ട്വന്റി20 ക്രിക്കറ്റ് ടൂര്‍ണമെന്റായ കേരളാ പ്രിമിയര്‍ ലീഗ് (കെപിഎല്‍-ദുബായ്) ഡയറക്ടറായിരുന്ന ഇദ്ദേഹം ദുബായിലെ മെഡോസിലായിരുന്നു താമസിച്ചിരുന്നത്.ദുബായില്‍ നിന്ന് ഷാര്‍ജയിലെത്തിയ ഇദ്ദേഹത്തെ ബുഹൈറ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍പ്പെടുന്ന അബ്ദുല്‍ നാസര്‍ സ്ട്രീറ്റിലെ ടവറില്‍ നിന്ന് വീണ് മരിച്ച നിലയിലായിരുന്നു കണ്ടെത്തിയത്.