രചന : ഹാരിസ് ഖാൻ ✍
രാവിലെ യാത്രയിൽ നാടിന് പത്ത് കിലോമീറ്റർ അപ്പുറത്തുള്ള ഒരു ഗ്രാമത്തിലെ സ്റ്റോപ്പിൽ ബസ്സ് നിർത്തിയപ്പോൾ അവിടെ ഒരു ചായക്കടയിൽ വെളുത്ത ഊശാൻതാടിയും വെള്ള തലയിൽകെട്ടുമായി വൃദ്ധനായൊരു മനുഷ്യൻ ഇരിക്കുന്നു…
തൊണ്ണൂറിന് മുകളിൽ പ്രായം കാണും എവിടേയോ കണ്ട് മറന്ന രൂപം, എവിടെയാണ്?
ഓർത്തു നോക്കി…
ഓ മുല്ല നസിറുദ്ധീൻ ഹോജ..!!
ഇദ്ദേഹത്തിൻെറ പേര് ഇബ്രാഹിം എന്നാണ്, അതോ ഇസ്മായിലോ..?
പണ്ട് ഇദ്ദേഹത്തിനെ കാണുമ്പോഴെല്ലാം എനിക്ക് മുല്ലാ നസിറുദ്ധീനെ ഓർമ്മവരും, രൂപം കൊണ്ടുള്ള സാമ്യം കൊണ്ടല്ല അത്, ഒരു കഥയോർത്തിട്ടാണ്…
മുല്ല ഒരിക്കൽ ഒരു കിലോ പോത്തിറച്ചി വാങ്ങി ഭാര്യക്ക് കൊടുത്തു ഉച്ചക്ക് കറിയുണ്ടാക്കി വെക്കൂ എന്ന് പറഞ്ഞ് പുറത്തേക്ക് പോയി. ഭാര്യ കറിയുണ്ടാക്കി ഉപ്പും, എരിവും നോക്കി മുഴുവൻ ഇറച്ചിയും തിന്ന് തീർത്തു…മുല്ല വന്നപ്പോൾ ഇറച്ചിയില്ല. മുല്ലക്ക് കോപം വന്നു, അപ്പോൾ ഭാര്യ പറഞ്ഞു ഇറച്ചി മൊത്തം നിങ്ങളെ പൂച്ച തിന്നു. മുല്ല പൂച്ചയെ ഓടിച്ച് പിടിച്ച് ഒരു തുലാസിലിട്ട് തൂക്കി. കൃത്യം ഒരു കിലോ തൂങ്ങി, അപ്പോൾ മുല്ല ഭാര്യയോട് ചോദിച്ചു ..
” ഇതാണ് പൂച്ചയെങ്കിൽ ഇറച്ചിയെവിടെ..?
ഇനി ഇതാണ് ഇറച്ചിയെങ്കിൽ പൂച്ചയെവിടെ…? “
പണ്ട് ഒരു ഇരുപത് വർഷങ്ങൾക്കും മുന്നേ, ഈ വയോവൃദ്ധന് ജോലി അടുത്ത ഗ്രാമങ്ങളിൽ പോയി കടകളിലും വീടുകളിലും കയറി പഴയ ന്യൂസ്പേപ്പറുകൾ ശേഖരിക്കലാണ്. അതൊരു ചെറിയൊരു തുക കൊടുത്ത് വാങ്ങി നഗരത്തിൽ കൊണ്ട് പോയി വിറ്റ് ജീവിക്കുന്ന മനുഷ്യനാണ്..
പത്ര കെട്ടുകൾ തുലാസില്ലാതെ കൈ കൊണ്ട് പൊക്കി തൂക്കം സുമാർ കണക്കാക്കി അതിനുള്ള വിലയാണ് കൊടുക്കുക.
അദ്ദേഹം അന്നും വൃദ്ധനാണ്, 70ന് മുകളിൽ വയസു കാണും, നരച്ച താടിയും തലയിൽ വട്ടകെട്ടും തോളിൽ ചാക്കുമായി അൽപം കൂനുള്ളത് പോലെ മുന്നോട്ട് വളഞ്ഞാണ് നടക്കുക
ഒരിക്കൽ ചാക്കുമായി അദ്ദേഹം ദൂരെനിന്ന് വരുന്നത് കണ്ട നാട്ടിലെ സരസനായ ഒരു ചാക്കടക്കാരൻ അടുത്ത കടയിൽ നിന്നും രണ്ട് കിലോയുടെ തൂക്കകട്ടിയെടുത്ത് പത്ര കെട്ടിനിടയിൽ തിരുകി ഒളിച്ച് വെച്ചു…
ഇദ്ദേഹം വന്നു പത്രകെട്ടെടുത്ത് കൈ കൊണ്ട് തൂക്കി പറഞ്ഞു
“ഒരു രണ്ട് കിലോ കാണും മോനേ.. “
“അതിനുള്ളിലെ തൂക്കകട്ടി തന്നെ രണ്ട് കിലോ ഉണ്ട് ഇക്കാ…”
ചായക്കടക്കാരൻ പേപ്പർ കെട്ടിലെ തൂക്കകട്ടിയെടുത്ത് പുറത്തിട്ടു…
കണ്ടിരുന്ന ജനം പൊട്ടിചിരിച്ചു..
അയാൾ ആകെ അങ്ങ് വല്ലാതായി.
അപമാനിതനായി തല കുനിച്ച് അല്പനേരം നിസ്സഹായനായി നിന്നു..
പിന്നെ പതുക്കെ ശബ്ദംതാഴ്ത്തി ഇടറിയ സ്വരത്തിൽ പറഞ്ഞു..
“മോനെ തുലാസ് കൊണ്ട് തൂക്കി വില തരണമെന്ന് തന്നെയാ എൻെറയും ആഗ്രഹം. തുലാസും അതിൻെറ ഭാരമുള്ള തൂക്കകട്ടികളും, കൂടെ പത്ര കടലാസിൻെറ ഭാരവും പേറി ഇത്ര ദൂരം നടക്കാനുള്ള ആരോഗ്യമില്ല അതു കൊണ്ടാണ് ഇങ്ങിനെ തൂക്കി എടുക്കുന്നത്.. അപ്പുറത്തെ വീട്ടിൽ നിന്ന് കൈകൊണ്ട് തൂക്കി ഒരു കിലോയുടെ വില കൊടുത്ത് ഞാൻ വാങ്ങിയ പേപ്പർ കടയിൽ വന്ന് തൂക്കിയപ്പോൾ 800 ഗ്രാമേ ഉള്ളൂ. തൂക്കം ചിലപ്പോൾ അങ്ങോട്ടും ഇങ്ങോട്ടുമെല്ലാം നിക്കും കുട്ട്യേ…
നിങ്ങളെ കെട്ടിന് തൂക്കം ഉണ്ടായിരുന്നേലും പത്ര കെട്ടിൻെറ ഉയരം ഒരു കിലോയുടെ അത്രേ ഉണ്ടായിരുന്നുള്ളൂ അതിലും ഒരു കിലോ കൂടുതലാണ് ഞാൻ വിലയിട്ടത്, എന്നിട്ടും തൂക്കം പിഴച്ച് പോയി…
നിങ്ങളെ പറ്റിക്കണമെന്ന് വിചാരിച്ചിട്ടല്ല ൻെറ കുട്ട്യേ.. “
എല്ലാവരും പെട്ടന്ന് ചിരി നിറുത്തി നിശ്ശബ്ദരായി..
പാവം ഏതോ അപരാധത്തിന് പിടിക്കപ്പെട്ട കുഞ്ഞിനെ പോലെ ചാക്കും ചുമലിൽ വെച്ച് അപമാനിതനായി തലകുനിച്ച് നടന്ന് പോയി..
നമ്മുടെ ഊഹങ്ങൾക്കും അനുമാനത്തിനും അപ്പുറത്താവും പലപ്പോഴും സത്യം എന്ന് പറഞ്ഞ് തന്ന പാവം മനുഷ്യൻ…
ബസ്സ് പതിയെ അയാളെ പിന്നിട്ടു…