രചന : നവനീത ശർമ്മ✍

മഴ പെയ്യുകയാണലസം രാവിന്റെ
ഘനമൂകത ഞാൻ പൂമഖത്തിരിക്കുന്നു
എഴുതാനിടയ്ക്കിടെ കഴിയാത്തയെൻ
മനസ്സിൻ മഹാദുഖ ഭാരവുമായി.


മഴയിൽ കുളിച്ചതി സുഖദം മരങ്ങ
ളതി ദാഹശമനാനന്ദ ലഹരിയി
ലിളകി നില്ക്കേ യെന്നിലുമലസം
ഞാനാ മഴയിൽ മതി മറന്നിരിക്കേ
തെളിയുന്നോർമ്മകൾ പുസ്തകങ്ങളെയേറെ
പ്രണയിച്ചകാലം വായനാലഹരി
യൊടുവിലറിയാതെ സ്വയമെഴുതാൻ
കഴിഞ്ഞ പരമാനന്ദാർദ്ര ദിനങ്ങൾ.


മനസ്സിനുൽക്കടമായ മോഹമായ്
തീരുന്നെഴുത്ത് കൊതിച്ചെത്ര രാപ്പകലു
കളറിയാതൊഴുകിയ നാളുകള, ന്ത്യം
വഴിതെറ്റിക്കുന്നു മഹാശക്തി കാലം.


ഒരുപാടലഞ്ഞെവിടൊക്കയോ യിന്നു
ഒരു ഞെട്ടലോടെ മാത്രമോർക്കാനാവൂ
ഒടുവിൽ വായന വീണ്ടും ലഹരിയി
ലെഴുതി തുടങ്ങുമ്പോളിടയ്ക്കു വിഘ്നം.


മഴപെയ്യുകയാണലസം മനസ്സു
മതി ദാഹശമനനാനന്ദാനുഭൂതിയിൽ.

നവനീത ശർമ്മ

By ivayana