രചന : സുനു വിജയൻ✍
“സുമചേച്ചി ഒരു വിശേഷം അറിഞ്ഞോ? കിഴക്കേടത്തേ മാലതിയെ ഇന്നലെ ഗോപികുട്ടൻ കോട്ടയം ചന്തയിൽ വച്ചു കണ്ടു ” രാവിലെ എന്റെ വീട്ടിൽ എന്തോ വാങ്ങാൻ വന്ന സരസു അമ്മയോട് വിശേഷം പറയുന്നു.
“മാലതി ഇപ്പോൾ കോട്ടയത്താണോ താമസിക്കുന്നത് “
അമ്മ ആകാംഷയോടെ അയൽക്കാരി സരസു പറഞ്ഞ വിശേഷത്തെ കുറിച്ച് കൂടുതൽ അറിയാൻ തിടുക്കപ്പെടുന്നത് ഊണുമുറിയിൽ ദോശ കഴിച്ചുകൊണ്ടിരുന്ന ഞാൻ ശ്രദ്ധിച്ചു. കാരണം മാലതിയുടെ വിശേഷങ്ങൾ അറിയാൻ എനിക്കും നല്ല ജിജ്ഞാസ ഉണ്ടായിരുന്നു.
“മാലതി താമസിക്കുന്നത് കോട്ടയത്താണോ എന്നറിയില്ല, പക്ഷേ അവളെ അത്ര പന്തിയല്ലത്തെ ഇടത്തുവച്ചാ ഗോപികുട്ടൻ കണ്ടത്.”
“അവളിപ്പോൾ കോട്ടയം മാർക്കറ്റിൽ ലോട്ടറി വിൽക്കുകയാണത്രേ, അവിടെ ചന്തയിൽ കച്ചവടത്തിനു വരുന്ന തമിഴന്മാരും, നാടാന്മാരും ഒക്കെ അവളുടെ പറ്റുപടിക്കാരണത്രേ. ഗോപിക്കുട്ടൻ പറഞ്ഞത് കേട്ടപ്പോൾ എന്റെ തൊലിയുരിഞ്ഞുപോയി “
“അല്ലങ്കിലും അവളെപ്പോലെയുള്ള കോലേക്കേറികൾക്ക് ഇതൊക്കെയേ പറഞ്ഞിട്ടുള്ളൂ. ആ വാസുവും പിള്ളേരും രക്ഷപെട്ടു എന്നു പറഞ്ഞാൽ മതിയല്ലോ. എന്നാലും തളർന്നു കിടക്കുന്ന കെട്ടിയോനെയും മൂന്നു പിള്ളേരെയും മറന്ന് ഇങ്ങനെ ഒരുളുപ്പും ഇല്ലാതെ ജീവിക്കാൻ അവൾക്ക് പറ്റുന്നുണ്ടല്ലോ എന്റെ ശിവനേ “.. സരസു തൻറെ വേവലാതി ഭാഗവാനോട് പങ്കുവച്ചു.
“ആ പിള്ളേരിതൊന്നും അറിയാതിരുന്നാൽ മതിയാരുന്നു. അതുങ്ങടെ കാര്യം കഷ്ടം തന്നെ. മാലതിയുടെ ആ മൂത്ത പെങ്കൊച്ചിന് വയസ്സു പത്തിരുപതായിക്കാണില്ലേ “
എന്റെ അമ്മ സരസുവിനോട് സങ്കടത്തോടെ പറയുന്നത് കേട്ടപ്പോൾ ഞാൻ ദോശ കഴിച്ചത് മതിയാക്കി എന്റെ റൂമിലേക്ക് നടന്നു.
ഞാൻ കട്ടിലിൽ വെറുതെ കയറിക്കിടന്നു . അപ്പോൾ മാലതി എന്ന അയൽക്കാരി എന്റെ മനസ്സിൽ കോറിയിട്ട ചില രതിഭാവങ്ങൾ അറിയാതെ ഒരുന്മത്ത ഭാവം എന്നിൽ നിറച്ചു.
ഞങ്ങളുടെ വിറകുപുരയിൽ കൂട്ടിയിട്ടിരിക്കുന്ന തേങ്ങാ പൊതിച്ച തൊണ്ടെടുക്കാൻ ഒരിക്കൽ മാലതി വന്നപ്പോൾ വിറകുപുര ഞാനാണ് തുറന്നു കൊടുത്തത്.
വാതിലിൽ നിന്ന എന്റെ നെഞ്ചിൽ മാലതിയുടെ വലിയ മാറമർത്തി എന്റെ അരക്കെട്ടിനു താഴെ അറിയാതെ അറിഞ്ഞുകൊണ്ട് ഒന്നു തടവി മാലതി എന്നിൽ പുളകം നിറച്ചത് ഓർക്കുമ്പോൾ ഇപ്പോഴും എന്നിൽ ഒരു ആസാന്മാർഗികതയുടെ ഇക്കിളിയുണരുന്നതും, അന്നറിഞ്ഞ ആ പരവേശത്താൽ തൊണ്ട ഉണങ്ങി, അരക്കെട്ടുണർന്നത് ഞാൻ ഇന്നും മനസ്സിൽ സൂക്ഷിക്കുന്നത് മാലതിയോടുള്ള സ്നേഹം കൊണ്ടല്ല എന്റെ ഉള്ളിലെ കാമം കൊണ്ടാണ് എന്നെനിക്ക് നന്നായി അറിയാം.
ഇതൊക്കെ ഇങ്ങനെ പറയാമോ എന്നു ചോദിച്ചാൽ ഞാൻ ഇവിടെ വേണ്ടാതീനം ഒന്നും പറയുന്നില്ലന്ന് എനിക്ക് നന്നായി അറിയാം. അല്ലങ്കിൽ തന്നെ കഥപറയുമ്പോൾ നുണ പറയുന്നത് എനിക്കിഷ്ടമില്ല.
കളമ്പൂർക്കാവിന്റെ കടവിനോട് ചേർന്നായിരുന്നു വാസുവേട്ടന്റെ വീട്. മാലതി വാസുവേട്ടന്റെ ഭാര്യയായിരുന്നു. ഞങ്ങളുടെ വീടു കഴിഞ്ഞു നാലു വീടുകൾക്കപ്പുറം കളമ്പൂർ കാവിനടുത്തുള്ള തൂക്കുപാലമാണ്. അതും കഴിഞ്ഞായിരുന്നു വാസുവേട്ടന്റെ വീട്.
വാസുവേട്ടന് തടിപ്പണിയായിരുന്നു. മാലതി വാസു ദമ്പതികൾക്ക് മൂന്നു മക്കൾ. മൂത്തത് പെണ്ണും, ഇളയ രണ്ട് ആൺകുട്ടികളും.
മൂത്ത പെൺകുട്ടി പ്ലസ് ടു പരീക്ഷ കഴിഞ്ഞു നിൽക്കുന്ന സമയത്താണ് വാസുവേട്ടന് അപകടം പറ്റിയത്. ലോറിയിൽ റബ്ബർത്തടി കയറ്റുന്ന സമയം കാൽവഴുതി വീണ് റബ്ബർ തടി വാസുവേട്ടന്റെ നടുവിന് വീണു.
നടുവൊടിഞ്ഞു കിടന്ന വാസുവിന്റെ അരക്കു താഴെ തളർന്നു പോയി. അതോടെ തളർന്നു കിടക്കുന്ന വാസുവിനെയും, മൂന്നു കുട്ടികളെയും, വാസുവിന്റെ പ്രായമായ അമ്മയെയും നോക്കേണ്ട ചുമതല ഭാര്യയായ മാലതിയിൽ ആയി.
വീട്ടിൽ സുഭിക്ഷമായി കഴിഞ്ഞിരുന്ന മാലതി കുടുംബം നോക്കാൻ പണിക്കിറങ്ങി. വയസ്സ് മുപ്പത്തി എട്ട് കഴിഞ്ഞിരുന്നെങ്കിലും മാലതി കാഴ്ച്ചക്ക് നന്നേ ചെറുപ്പവും, വളരെ ഊർജ്ജസ്വലയും ആയിരുന്നു.എല്ലാവരോടും വളരെ തുറന്ന രീതിയിൽ ഇടപെടുന്ന മാലതിയെ സ്ത്രീകളെ അപേക്ഷിച്ചു പുരുഷന്മാർ കൂടുതൽ ഇഷ്ടപ്പെട്ടിരുന്നു.
കളമ്പൂർ കാവിൽനിന്നും അഞ്ചു മൈൽ അകലെയുള്ള പിറവം പട്ടണത്തിലെ ഒരു തുണിക്കടയിൽ മാലതിക്ക് ഒരു ജോലി ശരിയാക്കി കൊടുത്തത് അത്ര നല്ല പേരില്ലാത്ത ഒരു പ്രാദേശിക നേതാവാണ്.
എട്ടുമണിക്ക് തുണിക്കട അടച്ചുകഴിഞ്ഞാൽ വീട്ടിലേക്ക് പോകുവാൻ പിറവത്തു നിന്നും കളമ്പൂർകാവിലേക്ക് ബസ് ഉണ്ടായിരുന്നില്ല. ആയതിനാൽ രാത്രിയിൽ പിറവം ടൗണിൽ ഓട്ടോറിക്ഷ ഓടിക്കുന്ന സഹദേവൻ വീട്ടിലേക്കു മടങ്ങുമ്പോൾ ആ ഓട്ടോയിൽ ആയിരുന്നു മാലതി വീട്ടിലേക്ക് പോയിരുന്നത്.
എന്നാൽ സഹദേവന് ഓട്ടം ഉള്ള ദിവസം മാലതിയെ രാത്രി വീട്ടിൽ എത്തിക്കാൻ സാധിക്കാതിരുന്നതിനാൽ ആ ഡ്യൂട്ടി അങ്ങനെയുള്ള ദിവസങ്ങളിൽ മാലതിക്ക് തുണിക്കടയിൽ ജോലി വാങ്ങി നൽകിയ പ്രാദേശിക നേതാവാണ് ചെയ്തിരുന്നത്. രാവൽപ്പം വൈകിയാണെങ്കിലും അയാളുടെ ബൈക്കിൽ മാലതിക്ക് വീടെത്താൻ പറ്റുന്നത് വീട്ടുകാർ വലിയ ആശ്വാസമായി കണ്ടിരുന്നെങ്കിലും ആ ആശ്വാസത്തിനു തടസ്സം നേരിടുന്ന ചില കഥകൾ കളമ്പൂർ കരയിൽ പ്രചരിച്ചിരുന്നു.
കളമ്പൂർക്കാവിൽ നിന്നും ഏകദേശം നാലു കിലോമീറ്റർ അകലെയായിരുന്നു ഇപ്പോൾ നിന്നുപോയ പഴയ ഹിന്ദുസ്താൻ ന്യൂസ് പ്രിന്റ് ഫാക്ടറി. നഷ്ടത്താൽ കൂപ്പുകുത്തി എന്നു പറയപ്പെടുന്ന ആ കേന്ദ്ര ഗവർമെന്റ് സ്ഥാപനം ഇപ്പോൾ കേരള ഗവർമൻറ് ഏറ്റെടുത്തു നടത്തുകയാണ്.
യുക്കാലിപ്റ്റസ് മരങ്ങളുടെ പിന്നിൽ കാടുപിടിച്ചു ആൾ താമസമില്ലാത്ത ചില ക്വർട്ടേഴ്സ് അവിടെയുണ്ട്. ആ ക്വർട്ടേഴ്‌സിന്റെ ഇരുട്ടിലേക്ക് ബൈക്കിൽ ചിന്ന നേതാവ് മാലതിയെ ചില രാത്രികളിൽ കൊണ്ടുപോകുകയും, അവിടെ വെറും തറയിൽ കിടന്ന് അയാൾ മാലതിയുമായി രതിലീലകളിൽ ഏർപ്പെടുകയും ചെയ്യുന്നത് പിറവം റോഡ് റയിൽവേ സ്റ്റേഷന് സമീപം താമസിക്കുന്ന ചില ചെറുപ്പക്കാർ കണ്ടുപിടിക്കുകയും, അവരുടെ കാമകേളികൾ ഒളിച്ചിരുന്നു കണ്ട് നിർവൃതി അടയുകയും ചെയ്തിരുന്നു എന്നുള്ള കഥ കളമ്പൂർകരയിൽ പലരും പറഞ്ഞു തുടങ്ങിയപ്പോൾ പ്രാദേശിക നേതാവ് മലബാറിലേക്ക് താമസം മാറി പോകുകയും, മാലാതിയുടെ സുരക്ഷിത വലയം പൂർണ്ണമായും ഓട്ടോക്കാരൻ സഹദേവൻ ഏറ്റെടുക്കുകയും ചെയ്തു.
എറണാകുളം കഴിഞ്ഞാൽ പ്രധാനപ്പെട്ട ചില ട്രെയിനുകൾ നിർത്തുന്ന റെയിൽവേ സ്റ്റേഷൻ ആണ് പിറവം റോഡ്.പഴയ ന്യൂസ് പ്രിന്റ് ഫാക്റ്ററി ഉണ്ടായിരുന്നതിനാൽ അന്ന് കേരളത്തിനു ലഭിച്ച ഈ റെയിൽവേ സ്റ്റേഷൻ ധാരാളം സ്ഥലങ്ങളെ ബന്ധിപ്പിക്കുന്ന ഒരു കണ്ണിയാണ്. ഈ സ്റ്റേഷനിൽ നിന്നും ദിവസേന എറണാകുളത്തു പഠിക്കാൻ പോകുന്ന ചില കോളജ് കുമാരന്മാർ അസൂയ മൂത്ത് മാലതിയുടെയും, പ്രാദേശിക നേതാവിന്റെയും ഫോൺ നമ്പറുകൾ ചില ട്രെയിനുകളുടെ കക്കൂസിൽ എഴുതിവച്ചു നിർവൃതിയടഞ്ഞ കാര്യം ഞാൻ ഓർത്ത് ഇവിടെ പറയുന്നത് നമ്മുടെ പ്രാദേശിക നേതാവ് നാടുവിട്ടു പോകാൻ ഒരു കാരണം ആയതുകൊണ്ടാണ്.
ഈ കാലഘട്ടത്തിലാണ് മാലതി എന്റെ വീട്ടിൽ തൊണ്ട് എടുക്കാൻ വരുകയും മാലതിയുടെ മാറുകൊണ്ട് എന്നേ പുളകിതനാക്കുകയും, മാലതിയുടെ കൈകൊണ്ട് എന്റെ ജനനേന്ദ്രിയത്തെ സ്പർശിച്ചു എന്നേ ഉന്മത്തനാക്കുകയും ചെയ്തത്.
കളമ്പൂർക്കാവിലെ ദേവി ഭദ്രകാളിയാണ്. വിളിച്ചാൽ വിളികേൾക്കുന്ന ഉഗ്ര സ്വരൂപീണി. കാവിലെ ഉത്സവം വലിയ പേരുകേട്ട ഉത്സവമാണ്. വലിയ പാനയും, ചെറിയ പാനയും അരിയേറും, ഗരുഡൻ തൂക്കവും കാണാൻ നാനാ ദേശത്തു നിന്നും കളമ്പൂർകാവിലേക്ക് ആളുകൾ ഒഴുകിയെത്തും. കാവിലെ ഉത്സവം കൂടി,പാളയിൽ നേർച്ച സദ്യയായ കഞ്ഞിയും പുഴുക്കും കഴിച്ച് ദേവി കടാക്ഷം ഏറ്റു വാങ്ങി ഭക്തർ കൃതാർത്ഥതയോടെ മടങ്ങും.
അന്ന് കളമ്പൂർ കാവിൽ ഉത്സവം കൂടാൻ പോയ മാലതി മടങ്ങി വന്നില്ല. കാവിലെ ഉത്സവം വേണ്ടന്നു വച്ച് ഓട്ടോക്കാരൻ സഹദേവനുമായി കാമത്തിന്റെ ഉത്സവത്തിനു കൊടിയുയർത്തി മാലതി സഹദേവനുമായി ഒളിച്ചോടി.
ഭാര്യയും രണ്ടു കുഞ്ഞുങ്ങളും ഉള്ള സഹദേവൻ ഈ കടുംകൈ ചെയ്തതിൽ മനം നൊന്ത് സഹദേവന്റെ ഭാര്യ രണ്ടു കുഞ്ഞുങ്ങളുമായി ആറ്റിൽ ചാടി. കളമ്പൂർ കാവിനെ തഴുകി ഒഴുകുന്ന ആറ്റിൽ മണൽ വാരിക്കൊണ്ടിരുന്ന മീൻപിടിക്കാൻ പോകാത്ത വാലന്മാർ സഹദേവന്റെ ഭാര്യയെയും കുഞ്ഞുങ്ങളെയും മരിക്കാതെ വെള്ളത്തിൽ നിന്നും രക്ഷപെടുത്തി.
പിറ്റേന്ന്, അരക്കു താഴോട്ടു തളർന്ന തൻറെ മകനെയും, മൂന്നു പേരക്കുട്ടികളെയുമായി മാലതിയുടെ വൃദ്ധയായ, രോഗിയായ അമ്മായിയമ്മ, വാസുവിന്റെ അമ്മ, കളമ്പൂർ കാവിന് മുന്നിലെത്തി ഒരു പ്രതിജ്ഞയെടുത്തു.
“മാലതിയെന്ന ഒരുമ്പെട്ടവളുടെ അധോഗതി കാണാതെ, അവൾ നശിച്ചു നാറാണക്കല്ലെടുക്കുന്നത് കാണാതെ ഞാനും എന്റെ മകനും, എന്റെ പേരക്കുട്ടികളും ഈ കളമ്പൂർ കരയിൽ കാലുകുത്തില്ല ” എന്ന ഉഗ്ര പ്രതിജ്ഞ.
ദേവിയുടെ മുന്നിൽ കരഞ്ഞു പ്രതിജ്ഞ ചൊല്ലി ആ വൃദ്ധമാതാവ് തളർന്ന മകനുമായി കളമ്പൂർ തൂക്കുപാലം കടന്ന് അടുത്ത ഗ്രാമമായ മുളക്കുളത്തു അവരുടെ ബന്ധുഗൃഹത്തിലെവിടെയോ പോയി താമസം ആരംഭിച്ചു .
ഒരുവർഷം കഴിയും മുൻപേ, കളമ്പൂർ കാവിലെ അടുത്ത വലിയ പാനയ്ക്ക് മുന്നേ സഹദേവൻ മാലതിയെ എവിടയോ കളഞ്ഞ് തിരിച്ചെത്തി. തെറ്റ് ഏറ്റു പറഞ്ഞു മാപ്പിരന്ന സഹദേവനെ അയാളുടെ ഭാര്യ സ്വീകരിച്ചു. പഴയതൊന്നും ഓർക്കുകപോലും ചെയ്യാതെ സഹദേവൻ പിറവത്ത് ഓട്ടോ ഓടിച്ചു നല്ലവനായി തുടർന്നു.
ചികിത്സയും, ഭാഗ്യവും വാസുവിനെ തുണച്ചു. അയാൾ പതിയെ നടന്നു തുടങ്ങി.
വാസുവിന്റെ മൂത്ത മകൾ പഠിച്ചു ബാങ്കിൽ ജോലി നേടി. ഇളയ മകൻ മെഡിസിന് അഡ്മിഷൻ നേടി. നന്നായി പഠിക്കുന്ന മൂന്നാമത്തെ കുട്ടിയെ ഒരു രാഷ്ട്രീയപാർട്ടി ദത്തെടുത്തു. മാലതിയെ മറന്ന് ആ കുടുംബം പതിയെ കരകയറി തുടങ്ങി.
മാലതി കോട്ടയം ചന്തയിൽ പകൽ ലോട്ടറി വിറ്റു നടന്നു. രാത്രിയിൽ മുല്ലപ്പൂ ചൂടി വിലകുറഞ്ഞ അത്തറു പൂശി തമിഴന്മാരുടെ, ആഭാസന്മാരായ കുടിയന്മാരുടെ, കുത്തഴിഞ്ഞ ജീവിതം നയിക്കുന്ന ചന്തയിലെ നാടോടികളുടെ പിന്നാലെ കാമത്തിന്റെ വിളറിയ പുഞ്ചിരിയുമായി അൽപ്പം കാശ് നൽകി എന്നെ ഒന്നു പ്രാപിക്കൂ എന്നു പറഞ്ഞ് ഇരന്നു നടന്നു.
പക്ഷേ അപ്പോഴും മാലതിയുടെ കാമനകൾ അവസാനിച്ചില്ല. കോട്ടയം ചന്തയിലെ അഴുക്കുചലുകൾക്ക് സമീപത്തെ മൂത്രം മണക്കുന്ന ഇടനാഴികളുടെ പഴയ പൊടിഞ്ഞു തുടങ്ങിയ ഇഷ്ടിക ഭിത്തികൾക്കു ചുവട്ടിൽ, ഉണക്കമീൻ പൊതിഞ്ഞു വരുന്ന നാറുന്ന പനമ്പായുടെ മുകളിൽ കിടന്ന് നാടോടികളാൽ ഭോഗിക്കപ്പെടുമ്പോൾ മാലതി നിർവൃതി പൂണ്ടു. അവളുടെ ബോധമണ്ഡലത്തിൽ എവിടെയും ഒരു കെട്ടുപാടും ഉണ്ടായിരുന്നില്ല. മാലതി അവളുടെ കാമനകളിൽ മുഴുകി ഒഴുകി നടന്നു. ഒന്നും ഓർക്കാതെ.
കളമ്പൂർ കാവിലെ നടയിൽ മുഴങ്ങിയ ആ പ്രതിജ്ഞ നിറവേറ്റാൻ വാസുവിന്റെ അമ്മ പിന്നീട് തൂക്കുപാലം കയറി കളമ്പൂർ ദേശത്തേക്ക് വരാതിരുന്നതിന്റെ കാരണം എനിക്കറിയില്ല.