രചന : മാധവിറ്റീച്ചർ, ചാത്തനാത്ത്✍
പഞ്ചമിരാവിന്റെ പൂമെത്തയിൽ വാസരസ്വപ്നവും
കണ്ടുറങ്ങാൻ
ചന്ദനത്തൈലസുഗന്ധവുമായ്
തൈമണിത്തെന്നലേ നീയണഞ്ഞോ..!
ആരാമസൗന്ദര്യദേവതയാം
സുന്ദരസൂനമാം ചെമ്പനീരിൻ
കാതിൽ സ്വകാര്യവുമോതി വന്നോ
ഏറെകിന്നാരങ്ങൾ നീ മൊഴിഞ്ഞോ…..!
രാവിൻപ്രിയസഖിയാം സുമത്തിൻ
ചാരെ നീ തെല്ലിട നിന്നുവെന്നോ…..
നിന്നിഷ്ടയാം നിശാഗന്ധിതന്റെ
പ്രേമാർദ്രസൗരഭ്യചുംബനത്താൽ
നിൻമനതാരിൽ കുളിർപകർന്നോ
പുത്തനിലഞ്ഞിപ്പൂചൂടിനിന്നോ
താഴത്തെ പൂഞ്ചോല ചുറ്റിവന്നോ
തൈമുല്ലപ്പെണ്ണിനെ നീ പുണർന്നോ
തെക്കൻ കാറ്റേയെന്നോടൊന്നു ചൊല്ലൂ .!
പൂമണംനൽകിയോ പുന്നാരമായ്
ചേലൊത്തചേലയുടുത്തൊരുങ്ങി
പൂത്തുമ്പിപ്പെണ്ണുമടുത്തു വന്നോ..
കൈതപ്പൂമണവുമായ് പൂമാരനും
സ്വപ്നത്തിൽ നിന്നെയുണർത്തിയെന്നോ .
ഹൃദ്യമാംസൗരഭ്യമേറ്റി തെക്കൻ-
കാറ്റേ നീയെൻഹൃത്തിൽ മുത്തമേകി ..!
ഏറെപ്രിയങ്കരിയാണു നീയെൻ
പൂങ്കാറ്റേ നീയെന്റെ തോഴിയല്ലെ.!
എത്തണേ നീ പുത്തൻപൂക്കൾ ചൂടി
മംഗല്യരാവിലും തോഴിയായി…..!