അവലോകനം : ചന്ദ്രൻ തലപ്പിള്ളി ✍
‘അപരക്രിയ ‘
രചന :ശ്രീ ഷാജി നായരമ്പലം (കവിയുടെ ഗുരുദേവഗീത എന്ന കാവ്യസമാഹാരത്തിലെ പതിനാറാമത് കവിത )
ശ്രീനാരായണഗുരുസ്വാമികൾ ‘കെട്ടുകല്യാണം ‘
എന്ന അനാചാരം നിറുത്തലാക്കുകയും അതിനുവേണ്ടി പ്രവർത്തിക്കുകയും ചെയ്തതിൻ ഫലമായി
തുടർന്നു വന്ന ഇരുപതു വർഷങ്ങൾക്കുള്ളിൽ ഏകദേശം പത്തുകോടി രൂപസമൂഹത്തിന് ആദായമുണ്ടായ
തായി
സ്വാമി സത്യവ്രതൻ രേഖപ്പെടുത്തുന്നു. തുടർന്ന് ഗുരുവിന്റെ നിർദ്ദേശമനുസരിച് വിവാഹം, മരണനന്തര
കർമ്മങ്ങൾ എന്നിവ സംബന്ധിച്ച ചില നിർദേശങ്ങൾ ഗുരു പുറപ്പെടുവിക്കുകയും ആയത് സ്വാമി സത്യവ്രതൻ ക്രമീകരിച്ച് ഏഴുതി വിളംബരം ചെയ്തു.
“ഒരു വിവാഹത്തിനു കൂടിയാൽ പത്തുപേർ മാത്രമേ ആകാവൂ. വധൂ വരന്മാർ, അവരുടെ മാതാപിതാക്കന്മാർ, ദമ്പതികളുടെ ഓരോ സഖികൾ, ഒരു പുരോഹിതൻ, ഒരു പൗരപ്രധാനി -ഇപ്രകാരമാണ് പത്തു പേർ “
ഗുരുവിന്റെ ഈ നിർദേശം പ്രാബല്യത്തിൽ വരാൻ കോവിഡ് കാലംവരെ കാത്തിരിക്കേണ്ടി വന്നു, നമുക്ക്!
കവി ഷാജി തന്റെ കവിതയിലൂടെ മരണാനന്തരക്രിയകൾ സംബന്ധിച്ച ഗുരുദേവന്റെ നിർദ്ദേശങ്ങൾ അനാവരണം ചെയ്യുന്നു.
കവിതയിലേക്ക്,
“പത്തുനാൾ പ്രഭാതത്തിൽ
വൃത്തിയായ് ഭജിക്കണം,
ചിത്ത വിശ്വാസം തരും
മട്ടിലപ്പരേതനായ്.”
എന്നാരംഭിച്ചു ഗുരുവിന്റെ നിർദേശങ്ങൾ ഭംഗിയായി കവി അവതരിപ്പിക്കുന്നു.
കവിതയുടെ സാരം ഗുരുവിന്റെ ഭാഷയിൽ ഇങ്ങിനെ സംഗ്രഹിക്കാം.
“മരിച്ച ആളിനെ ഉദ്ദേശിച്ച് അടുത്തയാളുകൾ ഒത്തുചേർന്നു പത്തു ദിവസം പ്രഭാതത്തിൽ കുളിയും മറ്റും കഴിഞ്ഞ് ഈശ്വരനെ വിശ്വാസാ നുസരണം പ്രാർത്ഥിക്കണം. ആ സമയത്ത് സുഗന്ധദ്രവ്യങ്ങളോ മറ്റോ വാങ്ങി പുകയ്ക്കുന്നതിനായി പത്തു ദിവസത്തേക്കു പത്തണയിൽ കൂടുതൽ ഒരുത്തരും ചെലവിടരുത്. ഒന്നും അറിഞ്ഞുകൂടാത്ത പുരോഹിതൻ വന്നിരുന്ന് “എള്ളെടു,
പൂവെടു,തണ്ണികൊടു” എന്നു പറയുന്നതു കേട്ട്
രണ്ടരി നനച്ചിടുന്നതിനേ
ക്കാൾ വളരെ പ്രയോജനം ഉറ്റവർ ചേർന്ന് ഈശ്വരനോട്
പരേതമായ ആത്മാവിന്റെ നിത്യ ശാന്തിക്കായി പ്രാർത്ഥിക്കുന്നതിൽനിന്നും ഉണ്ടാകും. അച്ഛനോ അമ്മയോ ഭാര്യയോ ഭർത്താവോ മരിച്ചെന്നുവച്ച് അവരോടുള്ള സ്നേഹത്തെ പ്രകടിപ്പിക്കാൻ വലിയ തുകകൾ ചെലവിട്ടു സദ്യ കഴിക്കുന്നതിനേക്കാൾ ആ തുക വല്ല ധർമ്മസ്ഥാപനങ്ങൾക്കും മരിച്ചവരുടെ പേരിൽ ദാനം ചെയ്യുന്നത് അത്യന്തം പുണ്യമായിരിക്കും.
ജീവിതത്തിനു
ദിനംപ്രതി പ്രയാസം വരുന്ന ഇക്കാലത്ത് വിവേകമുള്ളവർ ആദ്യം പുതിയ നിർദ്ദേശങ്ങളെ പ്രവർത്തിച്ചുകാണിച്ച് കാര്യമറിയാതെ അടിയന്തിരഭ്രമത്തിൽ പ്പെട്ടുഴലുന്ന സാധുമനുഷ്യരെക്കൂടെ രക്ഷിക്കുന്നത് നന്നായിരിക്കും “
ഇത്
ശ്രീനാരായണഗുരുവിന്റെ വാക്കുകളാണ്. സ്വാമി സത്യവ്രതൻ ക്രമീകരിച്ചെഴുതി നമുക്ക് തന്നത്. ഗുരു ഭക്തരെങ്കിലും ഈ മാതൃക പിന്തുടർന്നാൽ
മൊത്തം സമൂഹത്തിനും ഗുണകരമായി ഭവിക്കും.
ഷാജിയുടെ കവിതവിട്ട് നേരെ ഗുരുവിന്റെ വാക്കുകളിലേയ്ക്കു വന്നത് പറയുന്നകാര്യങ്ങളുടെ ആധികാരികത വായനക്കാർക്ക് ബോധ്യം വരാൻ വേണ്ടിയാണ്. കവിയുടെ ലക്ഷ്യവും അതുതന്നെയാണല്ലോ.
ശ്രീ ഷാജി തന്റെ കവിത ഉപസംഹരിക്കുന്നു, നോക്കുക.
“കൃത്യമായ് നിരുപിച്ചി –
ക്കർമ്മചര്യയെ ഗുരു,
എത്രയും വിലക്ഷണം
വിസ്മരിക്കുവാൻ നമ്മൾ!”
ഗുരു എത്രകൃത്യമായി ചിന്തിച്ചു പറഞ്ഞകാര്യങ്ങൾ നാം അവഗണിക്കുകയല്ലേ?
മരണാനന്തരം ആഘോഷങ്ങളല്ലേ നാം നടത്തുന്നത്. അതിനും കടം വാങ്ങി മുടിയുന്നവർ എത്ര. എന്നാലും പത്രാസിനു കുറവൊന്നും വരില്ലല്ലോ!