രചന : ദ്രോണ കൃഷ്ണ ✍

അലക്കടലിൽ ഇളകുമാ ഓളങ്ങൾ പോലെ
അണയാത്ത ദീപമായ് എൻ ചാരെ നിൽക്കും
കുളിരേറെ നൽകിടും മുഖകാന്തി ചൂടി
പൂമുഖപ്പടിചാരി നിൽക്കുമെൻ പെണ്ണ്
പരിഭവം പലതുണ്ട് ഇനിയുണ്ട് ചൊല്ലാൻ
ഇടവേള നൽകാത്ത
കുട്ടിക്കുറുമ്പി
പഞ്ചാര വാക്കിനാൽ കിന്നാരമേകി
തെല്ലൊന്നൊതുക്കി ഞാൻ കുഞ്ഞി പിണക്കം
ഇന്നലെകളിൽ ഉമ്മ തരും കുഞ്ഞിളം കാറ്റായ്
സല്ലാപ നിമിഷങ്ങൾ കോർത്തിണക്കീടും
വാക്കിൻ മരുപ്പച്ച എന്നുയിരു താണ്ടി
കോലായിലിന്നുമൊരു
നാമ ജപ മന്ത്രം
കാലം പകുത്തിടും കുളിരലകൾ പോലെ
നിന്നെ തനിച്ചാക്കി എൻ ജീവയാത്ര
നോവിന്റെ നേരായ നീർമിഴികൾ പോലെ
എന്നുമെൻ നെഞ്ചിലെ നീറ്റലായ് നിൽപ്പു
ഇനിയുമൊരിടവേള കാത്തിരിക്കുന്നു
നിൻ ചൂടു പറ്റിയീ ഉള്ളം തണുക്കാൻ
കണ്ണിമകൾ ചിമ്മാതെ
മേനിയഴകുണ്ണാൻ
നാണത്തിൽ ആഴ്ന്നുള്ള മറുപടികൾ ചൊല്ലാൻ.

ദ്രോണ കൃഷ്ണ

By ivayana