രചന : ജിസ്നി ശബാബ്✍
അച്ഛനോട്,
ഇനിയൊരു മകളെയും
തുകയും തൂക്കവും പറഞ്ഞുറപ്പിച്ച
കൂട്ടുകച്ചവടത്തിന്റെ ഇരയാക്കരുതേ.
തളര്‍ന്നു വീഴുമെന്നൊരു നേരത്ത്
ചാരാനൊരു മരത്തൂണെങ്കിലും
അവളുടെതായി ബാക്കിയാക്കണെ.
ഭർത്താവിനോട്,
ഇനിയൊരു ഭാര്യയേയും
താലിച്ചരടിന്റെ അറ്റത്തെ കടമയിൽ
കൊരുത്ത് പാതിജീവനാക്കരുതേ.
സ്വപ്നങ്ങൾക്കൊപ്പം പറക്കാന്‍ കൊതിക്കുന്നവൾക്ക് ചിറകുകള്‍ തുന്നി
കരുതലിന്റെ ആകാശമൊരുക്കണേ.
മകനോട്,
ഇനിയൊരു അമ്മയേയും
താനെന്ന ഭാവത്തിന്റെ
പേക്കൂത്തെടുത്ത് ഹൃദയം തകര്‍ക്കരുതേ.
തന്നോള്ളം പോന്നാലും
നെഞ്ചോട് ചേർക്കാൻ കാത്തിരിക്കുന്നവൾക്കെന്നും
പൈതലായി മാറണേ.
കാമുകനോട്,
ഇനിയൊരു കാമുകിയോടും
പ്രണയത്തിന്റെ പുറംകുപ്പായത്തിനുള്ളിൽ
കാമവെറിയുടെ ചതിക്കുഴികൾ
ഒളിപ്പിച്ച് സല്ലപിക്കരുതേ.
ജീവത്താളം പോലും നീയാണെന്ന്
കരുതുന്നവളെ സ്നേഹച്ചരടിൽ
ബന്ധിക്കാതെ അവളായിരിക്കാൻ
ഒരിടം നൽകണേ.
കൂട്ടുകാരനോട്,
ഇനിയൊരു കൂട്ടുകാരിയോടും
അതിര്‍വരമ്പുകള്‍ കെട്ടി
അളന്നു മുറിച്ച് കൂട്ടുകൂടരുതേ.
സൗഹൃദത്തിന്റെ പൂന്തോപ്പിൽ
പ്രണയത്തിന്റെ കളകൾക്കിടം
നൽകി അവളെ തളർത്തരുതേ.
ഇനി
പേരിട്ടു വിളിക്കാതെ
പുരുഷന്‍മാരോട്,
സൃഷ്ടിക്കരുതേ ഇനിയും,
ബലാത്സംഗം ദുസ്വപ്നം കാണുന്നൊരു
പെണ്ണിനെ
ഇരുട്ട് ഭയന്നു കഴിയുന്നൊരു
പെണ്ണിനെ
പ്രണയം ചതിച്ചു കൊല്ലുന്നൊരു
പെണ്ണിനെ
കളിപ്പാട്ടങ്ങള്‍ നഷ്ടപ്പെട്ടു പോകുന്നൊരു
ബാലികയെ
ദയ കാത്തു കിടക്കുന്നൊരു
വൃദ്ധയെ.
കാവലാകണം
കരുതലാകണം
ശക്തിയാകണം
നീയവൾക്ക്.
അവസാനം
ചില പെണ്ണുങ്ങളോട്,
കുഞ്ഞുങ്ങളെ ഉപേക്ഷിച്ചും
മരണത്തിലേക്ക് വലിച്ചെറിഞ്ഞും
നല്ലപാതിയായിരുന്നവനെ തലക്കടിച്ചും
സ്നേഹത്തില്‍ വിഷം ചേര്‍ത്തു കുടിപ്പിച്ചും
കാമക്കൊതി തീർക്കാൻ
ഇന്നലെ കണ്ടവനെ കൂടെകൂട്ടുന്നവളെ
ഹൃദയം പകുത്ത് പ്രണയിച്ചവന്റെ
ഹൃദയം പറിച്ചെടുത്ത് നടക്കുന്നവളെ.
നൊന്തു പെറ്റവളേയും
നീരുവറ്റിയിട്ടും പോറ്റിയവനേയും
പുറം കാലുകൊണ്ട് തൊഴിച്ച്
മയക്കുമരുന്നിന്റെ
പെൺവാണിഭ്യത്തിന്റെ
പടുകുഴിയിലേക്ക് ഒളിച്ചോടുന്നവളെ.
നിങ്ങളിലെ ചെളിതെറിക്കുന്നത്
ആത്മാഭിമാനത്തിന്റെ
കൊടുമുടി കയറിനിൽക്കുന്ന
പെണ്ണിലേക്കാണ്.