രചന : ടിൻസി സുനിൽ ✍
ഇന്നലെയായിരുന്നു ആത്മഹത്യ
ന്നെ ദേ ഇപ്പൊ കൊണ്ടന്നേയുള്ളൂ
ആളോള് അറിഞ്ഞു വരണേള്ളു
എല്ലാരും കണ്ണ് നിറച്ചും
ചോപ്പിച്ചും മത്സരിക്കുന്നുണ്ട്
അപദാനങ്ങൾ
വാഴ്ത്തുന്നു ചിലർ..
ചിരിക്കാൻ കഴിയാത്തതൊരു
ഗതികേട് തന്നെ
അല്ലെങ്കിൽ തന്നെ
ജീവിച്ചിരിക്കുമ്പോൾ കിട്ടാത്തത്
എന്തിനാണ് ചത്തുകഴിഞ്ഞിട്ടു..
കിട്ടുണ്ണി – ന്റെ നായ കരയുന്നുണ്ട്
വിശന്നിട്ടാവും അതോ
ന്നെ കാണാഞ്ഞിട്ടോ
ആകെ കൊടുത്തതിന്റെ
നന്ദി കാണിച്ച ഒരേയൊരു ജീവി
ആഹാ മെമ്പറും വന്നല്ലോ
മൗനപ്രാര്ഥനയാണ്
ഇതു കഴിഞ്ഞിട്ട് വേണത്രെ
സുമതീടെ കല്യാണം കൂടാൻ
ഒരു കുടിപ്പാടംവെക്കാൻ സഹായിക്കാത്തൊനാണ്
ഒരു കല്ലു കിട്ടിയിരുന്നെങ്കിൽ …..
വാസുവേട്ടൻ എത്തിനോക്കി
മാറി നിക്കണ് ണ്ട്
മൂപ്പർക്ക് ന്റെ കിടപ്പ് താങ്ങൂലാത്രേ
ന്നെ പണ്ടൊരു നോട്ടംണ്ടാരുന്നുന്നും
ഇപ്പോഴും കെട്ടാമങ്കനായി
(ന്തേ..അങ്ങനെ പറഞ്ഞൂടെ)
നിക്കണത് ഞാൻ കാരണാന്നും ലക്ഷ്മിയേടുത്തി
അലക്കാൻ പോയപ്പോ പറഞ്ഞത് ഇപ്പഴും മറന്നിട്ടില്യാ..
ആരാപ്പോ ഇവിടെ ഇത്ര അലമുറയിടാൻ
ഓഹ് നാത്തൂനാണ്..
ചെറ്റ പൊക്കാൻ വരണോരെ പേടിച്ചു
ആങ്ങളവീട്ടിൽ അന്തിയുറങ്ങാൻ പോയപ്പോ
രാത്രിക്ക് രാമാനം ഇറക്കി വിട്ടോളാണ്
ഭാനുമതിയേട്ടി – കട്ടൻ ചായ വെച്ചു നടക്കുന്നുണ്ട്
ഇടക്കിടക്ക് തോർത്തു പൊക്കി –
കണ്ണു തുടക്കുന്നുണ്ട്, മനസ്സും..
അല്ലെങ്കിലും ഞാൻ എളുപ്പം ഇറങ്ങിപ്പോവാത്തതും
ഏട്ടിയുടെ മനസ്സിൽ നിന്നാവുല്ലോ
എന്തിനാ മോളേ ഈ ചതി ചെയ്തേന്ന്
വിങ്ങിച്ചോദിക്കണ്ത്
എനിക്ക് മാത്രം കേൾക്കാം
നിക്ക് കാണേണ്ടത്
ന്റെ കേട്ട്യോനെയാണ്
ഓന് ഇപ്പോഴും ചെറുപ്പല്ലെ
ഒന്നൂടെ കെട്ടാം
ആരോ പറയണ് ണ്ട് ..
കേട്ട്യോൻ ചത്ത ഒരുത്തിയെ
അവൾടെ മൂന്നു മക്കളേം
പൊന്നുപോലെ നോക്കുന്ന
പൂ പോലൊരുത്തനവനെ…
നിക്കൊന്നു കാണണംന്നുണ്ട്
സമയമായി തോന്നണ്
ആരും കരയാനില്ലാത്തവളുടെ
ആത്മാവിനെ ചുട്ടുപഴുപ്പിക്കാൻമാത്രം ആരുമില്ലിവിടെ
എന്നോ ആത്മാ ഹുതി –
ചെയ്തവരുടേതാണ് ലോകം
ഇലയ്ക്കും മുള്ളിനും
കേടില്ലാത്ത വിധം
നിങ്ങളീ നാട് നന്നാക്കുമ്പോൾ
ആത്മഹത്യ ചെയ്തവരും
ജീവിക്കുന്നുണ്ടിവിടെ
നിങ്ങളൊക്കെയൊന്നു
ആഞ്ഞു ശ്രമച്ചെങ്കിൽ
നിങ്ങളെപ്പോലെ ജീവിച്ചു പോയേക്കാമായിരുന്നവർ..