രചന : അഖിൽ പുതുശ്ശേരി✍
അവന്റെ മുറി
ചുവരിൽ
ചലച്ചിത്രതാരങ്ങൾ
അബ്ദുൾ കലാം
ചെകുവര
എം ടി
അങ്ങനെ ചിലർ.
ശയ്യാതലത്തിൽ
കോണിൽ
ചുരുണ്ട കുപ്പായം
നിലത്തു
എരിഞ്ഞു തീരാത്ത ബീഡി.
ഒതുക്കിവയ്ക്കാത്ത വിരിപ്പ്.
ദ്രുതരാഗാലാപം
തകർന്ന
പാതാളധ്വനി, ആ മാറ്റൊലി
അടുക്കി വയ്ക്കാത്ത പുസ്തകം
തകിടംമറിഞ്ഞ
മേശപ്പുറം,
അതിലെ അടച്ചുവയ്ക്കാത്ത മഷിപ്പേന
വാർന്നു നിലയ്ക്കാത്ത
അവനിലെച്ചോര.
നീണ്ടുനിവർന്ന
മെത്തയിൽ
അവന്റെ
മായാത്ത വിയർപ്പുതുള്ളികൾ.
തുറന്ന പുസ്തകം
പിളർന്ന മനസ്സാകാം
അവന്റെ ചിന്തകൾ
മിന്നാമിനുങ്ങായ്
പുകമറയെ കീറിമുറിക്കുന്നു.
അവൻ പിച്ചിയെറിഞ്ഞ
വാക്കുകൾ
എറിയാൻ വച്ചവ
ഞെരിയാൻ വച്ചവ
പ്രളയത്തിനു മീതെ
പടരാൻ വച്ചവ.
സ്ത്രീക്കുവേണ്ടി
മാതൃഭൂമിക്കു വേണ്ടി.
ജനാലമേലെ
കുറച്ചു വാക്കുകൾ
തുലാപെയ്തിൽ കുതിരാൻ വച്ചവ
ധനുവിൽ പന്തലിച്ചുയരാൻ വച്ചവ.
പുള്ളി കൈലിയുടുത്ത്
മുറിയാകെ ചിതറിയ
വാക്കിൻ തുണ്ടുകൾ
കോരിയെടുക്കാൻ
മുക്രിയിടുന്നവൻ.
വിണ്ടുകീറിയ കണ്ണാടിയിൽ
കോക്രി കാട്ടി
പിറുപിറുത്ത്
പുതഞ്ഞുപാഞ്ഞു
വൻപുഴയിൽ
ച്ചേറിലോ
ഇരയെത്തേടുന്നു.