രചന : ശിവൻ മണ്ണയം.✍

അങ്കിൾ സിൻഡ്രോം എന്നൊരു മഹാവ്യാധി പടർന്നു പിടിക്കുന്നുണ്ടത്രേ! മാറാവ്യാധിയാണത്രേ. അറിഞ്ഞ ആ നിമിഷം ഞാൻ ഡിപ്രസ്ഡ്ഡ് ആയിപ്പോയി. മനസിൽ ഒരു മൂകത കേറിയങ്ങ് താമസമായി. ആകെ ആകുലത.
കൗമാരക്കാരുടെ പ്രണയത്തെ അസഹിഷ്ണുതയോടെ വീക്ഷിക്കുന്നവരാണത്രേ ഈ അങ്കിൾ സിൻഡ്രോം രോഗികൾ.


മൂന്ന് കെട്ടി ,മൂന്നിനെയും ഉപേക്ഷിച്ച , മാന്യനും പരമോദ്രപകാരിയുമായ ഒരു ഓൺലൈൻ ബുദ്ധിജീവി ; പേര്ഷിബു, അതിയാൻ്റെ എണ്ണപ്പെട്ട ഒ ആരോഗ്യ പോസ്റ്റിലൂടെയാണ് ഞാനീ അസുഖത്തെ പറ്റി ആദ്യമായി കേൾക്കുന്നത്.( ഞാനയാളുടെ ആരാധകനാണ്)


ആ നീണ്ട ലേഖനം ആർത്തിയോടെ വായിച്ചവസാനിപ്പിക്കുമ്പോൾ, മനസിൽ, ഞാനൊരു അങ്കിൾ സിൻഡ്റോം രോഗിയാണോ എന്ന ചോദ്യം അവശേഷിച്ചിരുന്നു. ലേഖനത്തിൽ പറഞ്ഞ രോഗ ലക്ഷണങ്ങളിൽ പലതും എനിക്കുണ്ട്.
ഞാൻ അമ്പലത്തിൽ പോയി ,വെപ്രാളമനചലനങ്ങളോടെ, എനിക്കീ അസുഖം തന്ന് പരീക്ഷിക്കരുതേ എന്ന് ദൈവത്തോട് യാചിച്ചു.
ദൈവം ചിരിച്ചു. ഞാനും ചിരിച്ചു. ശുഭം.


ഞാൻ പുരോഗമന ചിന്തക്കെതിരാണ് എന്നായിരുന്നു നാട്ടുവർത്തമാനം .ഞാനതിൽ കണ്ടമാനം വിറളി പിടിച്ചിരുന്നു. പുരോഗമനൻ്റെ വർണ്ണത്തൊപ്പിക്കുവേണ്ടി ഞാൻ ഒരു കുട്ടിയെപ്പോലെ കൊതിച്ചിരുന്നു. ഞാനാ തൊപ്പിക്കുവേണ്ടി അവിടേം ഇവിടേം ശുപാർശകൾ എയ്തിരുന്ന കാലത്തിങ്കലാണ് ഇങ്ങനെയൊരു രോഗലക്ഷണം. ഞാൻ വല്ലാണ്ടായി. പാടില്ല, ഈ രോഗത്തിനടിമപ്പെടാൻ പാടില്ല. മനസിനെ ധൃഢമാക്കിയാൽ രക്ഷപ്പെടാം. കൗമാരക്കാർ പ്രണയിച്ചോട്ടെ, അതിലെന്താ തെറ്റ്?അവരുടെ ജീവിതം ഒഴുകാനും ഒരു മാധ്യമം വേണ്ടേ? എനിക്കതിൽ എതിർപ്പില്ലാ..!


പുരോഗമനാനന്ദ പ്രത്യൂഷ പുഷ്പ നായകൻ്റെ ലേഖനത്തിൽ പറഞ്ഞ പ്രകാരം ,കൗമാരക്കാരുടെ ആനന്ദം അവരുടെ അവകാശമായി കണ്ട് ദൃഷ്ടികളെ ആകാശത്തേക്കുയർത്തി, ഞാൻ കൈ വീശി നടന്നു തുടങ്ങി.
പക്ഷേ കാതാണ് പ്രശ്നം.
ചില ശബ്ദങ്ങൾ നമ്മളിലെ മനുഷ്യരെ ഉണർത്തും.


ഞാനൊരു ദിവസം മണ്ടൻ കുന്നിൽ നിന്നും തേമ്പാംമൂടിലേക്ക് നടക്കുകയായിരുന്നു. കാഴ്ചകൾ കണ്ട് നടക്കാം. പതിമൂന്ന് രൂപ ലാഭിക്കുകയും ചെയ്യാം. യുക്തിപൂർവമായ തീരുമാനം.
ഞാൻ. പ്രകൃതി കരയിൽതീർത്ത പച്ചക്കടൽ തുഴഞ്ഞ് വള്ളിയർപ്പൻകാട്ടിലെത്തി. പ്രകൃതി അതിൻ്റെ സർവ ആടയാഭരണങ്ങളുമെടുത്തണിഞ്ഞ് മാനസാകർഷണ മനോഹരിയായി നിൽക്കുമിടം.ഹൃദയാകർഷക ദൃശ്യഭംഗി. ഞാനതാസ്വദിച്ച് മുന്നോട്ട് പോകവെയാണ് ഒരു ശബ്ദം കേട്ടത്..


യ്യോ.. വേണ്ട … വേണ്ട ..
ങേ!
പെൺ കുരലാണ്. എൻ്റെ തല എൻ്റെ അനുവാദമില്ലാതെ അങ്ങോട്ട് തിരിഞ്ഞു.
ഒരു വശം അഗാധമായ കൊക്ക ആയതു കൊണ്ട്, അധികൃതർ അവിടെ അനേകം സിമൻ്റ് തൂണുകൾ പണിഞ്ഞിട്ടിരുന്നു. ചീറിപ്പാഞ്ഞ് പോകുന്ന വണ്ടികൾക്കായുള്ള സുരക്ഷയാകാം. ആ സിമൻ്റ് തൂണുകളിലൊന്നിൽ ചുറ്റും കൂടി നിൽക്കുകയാണ് കുറേ പയ്യൻമാർ. പയ്യൻമാർക്കിടയിൽ നിന്നാണ് ആ പെൺ കുരൾ പുറത്തേക്ക് വരുന്നത്.
കൗതുകം! അതാണല്ലോ മനുഷ്യനെ വഴിതെറ്റിക്കുന്നത്. വല്ലാത്തൊരു സാധനം! ഞാനും അതിനടിമപ്പെട്ട് ആ ആൺ കൂട്ടത്തിൽ നുഴഞ്ഞു കയറി ,കേട്ട ശബ്ദത്തിൻ്റെ ഉറവിടം തിരഞ്ഞു. അവിടെ ഒരു സിമൻ്റ് തൂണിൽ ഒരാൺകുട്ടിയുടെ മടിയിലിരുന്ന്, സന്തോഷത്തിൻ്റ പരകോടിയിൽ ചില ശബ്ദങ്ങൾ പുറപ്പെടുവിക്കുകയാണ് ഒരു കൊച്ച് പെൺകുട്ടി. ആളെ എനിക്കറിയാം. ഒരു പത്താം ക്ലാസ് കരി.


ഉടനെ തന്നെ ആ കാവൽക്കാരായ ആൺകുട്ടികൾ ,എന്നെ ഉന്തിത്തള്ളി പുറത്താക്കി. ആരെയും എനിക്കറിയില്ല. വേറെ ഗ്രാമത്തിൽ നിന്ന് ഇവിടെ വന്ന് പഠിക്കുന്നവരാണെന്ന് തോന്നുന്നു.
എന്തിനാടാ മറ്റുള്ളവരുടെ പ്രൈവസിയിലേക്ക് … ഒരു ചെറുക്കൻ എൻ്റെ കഴുത്തിൽ പിടിച്ചമറി.
പുരോഗമന ഷിബുവിൻ്റെ Fbആരോഗ്യ പോസ്റ്റ് ഞാനോർത്തു.
ശരിയാ ഞാനെന്തിനാ ഇങ്ങനെ ഒളിഞ്ഞ് നോക്കുന്നത്? ഇത് അങ്കിൾ സിൻഡ്രോമാണ്. കൗമാരക്കാർ സുഖിക്കട്ടെ. ഞാനെന്തിനാ ഖിന്നനാകുന്നത്? അതെൻ്റെ സഹോദരിയൊന്നുമല്ലല്ലോ. അപ്പോ ഞാൻ പുരോഗമനത്തിനൊപ്പം നിക്കണ്ടേ.


ഞാൻ സോറി പറഞ്ഞ് പിൻവാങ്ങി. കുട്ടികളേ നിങ്ങൾ പുരോഗമനം ഈ ലോകത്തേക്ക് കൊണ്ടുവരിക.ഞാനെതിർക്കുന്നില്ല. ആരാൻ്റ അമ്മക്ക് പ്രാന്ത് പിടിച്ചാൽ കണ്ട് നിൽക്കാൻ എന്താ ചേല് .ഇങ്ങനെയൊക്കെ ചിന്തിച്ചപ്പോൾ എൻ്റെ ഉള്ളിലെ അങ്കിൾസിൻഡ്രോം പകുതി കണ്ടങ്ങ് കുറഞ്ഞു.
വെഞ്ഞാറമൂടിൽ നിന്നും 12. 40 ന് മണ്ടൻ കുന്നിലേക്ക് തിരിക്കുന്ന ബസിൽ, പലവട്ടം ഞാനാ പെൺകുട്ടിയെയും ആൺ സുഹൃത്തുക്കളെയും കണ്ടു. എനിക്കാ പെൺകുട്ടി ഇന്ന ആളുടെ മോളാണെന്നറിയാം.( ആ പാവം പിതാവിനെ ഇതൊക്കെ അറിയിക്കാം എന്ന് വിചാരിച്ചതാണ്. പക്ഷേ പുരോഗമന വെട്ടുകിളിക്കൂട്ടങ്ങൾ വേട്ടയാടി എന്നെയൊരു അങ്കിൾ സിൻഡ്രോം രോഗിയാക്കുമോ എന്ന് ഞാൻ ഭയന്നു. അങ്കിൾ എന്ന വാക്കിനോട് തന്നെ ഒടുക്കത്തെ അലർജിയാണ് എനക്ക്.! )


കൗമാരക്കാർ അവരുടെ വഴിക്ക് പോട്ടെ എന്ന് വിചാരിച്ച് ഞാൻ മിണ്ടാതിരുന്നു. നാട്ടുകാർ കാണട്ടെ, ഇതാണ് ഹീറോയിസം എന്ന മട്ടിലാണ് ആ പെൺകുട്ടിയും ആൺകുട്ടികളുടെ കൂട്ടവും പെരുമാറിയിരുന്നു. ആ ആൺകുട്ടികളിൽ ആരാണ്, ആ പെൺകുട്ടിയുടെ കാമുകൻ എന്നെനിക്ക് മനസിലാക്കാൻ സാധിച്ചിരുന്നില്ല. ഞാൻ കണ്ടപ്പോഴോക്കെ വേറെ വേറെ ആൺ കുട്ടികളുടെ മടിയിലായിരുന്നു അവൾ! ഹായ് കലക്കട്ടെ പുരോഗമനം!


എന്തോ ആയിക്കോട്ടെ. എല്ലാർക്കും സന്തോഷം കിട്ടുന്നുണ്ടല്ലോ. അതു മതി. ഞാൻ ചിന്തിച്ചു: കൗമാരക്കാർ അവരുടെ വികാരങ്ങൾ പ്രകടിപ്പിക്കട്ടെ. അതിലെന്താ തെറ്റ്? എതിർത്താൽ എനിക്ക് അങ്കിൾസിൻഡ്രോം ‘എന്തിനാ പുരോഗമനക്കാരെക്കൊണ്ട് അതുമിതും പറയിക്കുന്നത്? ആ ചിന്തയിൽ അങ്കിൾസിൻഡ്രോം എന്ന മാരക മനോരോഗത്തെ ചവിട്ടിത്താഴ്ത്തിക്കൊണ്ടിരുന്ന സമയത്തിങ്കലാണ് ആ വാർത്ത അറിഞ്ഞത്.


മനീഷ ആത്മഹത്യ ചെയ്തിരിക്കുന്നു.മനീഷ ..! ആ പെൺകുട്ടി തന്നെ.. ഞാൻ മുമ്പ് പറഞ്ഞ ..!
ഒരു പാവപ്പെട്ട പുരോഗമന കുടുംബത്തിലെ പെൺകുട്ടി.. അച്ഛനും വലിയ പുരോഗമന ചിന്താക്കാരൻ.
ഒരു പ്രണയത്തിലകപ്പെട്ടതായിരുന്നു അവൾ. പ്രണയം എന്നത് ചക്കയാണോ മാങ്ങയാണോ എന്ന് തിരിച്ചറിയാൻ പറ്റാത്ത പ്രായം .പ്രണയിച്ചു. പ്രണയം എന്താണെന്നറിയാത്ത പ്രായമായതുകൊണ്ട്, അതു ഉടനെ കാമത്തിലേക്ക് കടന്നു. അവളുടെ സമ്മതത്തോടെ അവൻ വീഡിയോ എടുത്തു.പിന്നെയത് വച്ച് ഭീഷണിയായി. അവന് അവളൊരു വേട്ടമൃഗത്തെപ്പോയായിരുന്നു. അവളെ അവൻ സുഹൃത്തുക്കൾക്കായി പങ്കുവച്ചു.


ഇപ്പോൾ അവൾ വേറേതോ ലോകത്ത്…
അങ്കിൾ സിൻഡ്രോം രോഗി എന്ന ആക്ഷേപവുമായി കൂട്ടമായെത്തുന്ന, മനോരോഗി സ്ത്രീ വേട്ട പുരോഗമന പക്ഷക്കാരെ ഭയക്കാതിരുന്നെങ്കിൾ എനിക്കൊരു പെൺ കുരുന്നിനെ രക്ഷിക്കാമായിരുന്നു..
എന്തിനാണ് നമ്മളി പുരോഗമന വഷളൻമാരെ ഇങ്ങനെ പേടിക്കുന്നത്?
നമ്മുടെ പെൺമക്കളെകുരുതി കൊടുക്കാനോ?

By ivayana