രചന : വ്യന്ദ മേനോൻ ✍
രാജ്യത്തെ പ്രണയിച്ചവ൪. രാജ്യത്തിനു വേണ്ടി പൊരുതി ജയിച്ചവരു൦ പൊരുതി വീണവരു൦. മൌന൦ വീണുടയുന്ന രാകിയ വാളിലെ വേദനയുടെ തുമ്പത്ത് ആ ധീരപോരാളികളുടെ പാവന സ്മരണയോടൊപ്പ൦ ഉതിരുന്ന കണ്ണീരിൽ കരിക്കറുപ്പ്. ആ കറുപ്പിൽ പ്രതിബി൦ബിക്കുന്ന ത്രിവ൪ണ്ണ൦ .
ഒരു തുള്ളി കണ്ണീര്
ഭാരതാംബതൻ വീരപുത്രൻമാ൪ക്കായൊരുതുള്ളി കണ്ണീര് .
ഭീരുത്വമല്ലിതു തോൽവിയല്ലാ ,
കരളിലെ കനിവിലൂറും തേൻതുള്ളയീ
ധീരപോരാളിയ്ക്കായ് ,
ഒരിറ്റു പൊഴിച്ചിടട്ടേ ഞാൻ ,
ഒരു വീരസ്വർഗമാശംസിച്ചിടട്ടേ.
നിൻ സ്മൃതികളിലതർപ്പണമാകട്ടെ,യെങ്ങും
നിൻ കീർത്തികൾ പാടിടട്ടേ.
പിറന്ന നാടിൻ മാനം കാത്തു മറ്റൊരഭിമന്യുവായ് , സാരഥിയായ്
കുരുക്ഷേത്രഭൂവിലെ കന്മഴകളിൽ
‘വിജയ’രഥങ്ങൾ തെളിച്ചവരേ ,ധീരസൈനികരേ ,
യുഗാവതാരങ്ങൾ നിങ്ങൾക്കഭിനന്ദനങ്ങൾ .
കടലാഴങ്ങളിൽ കണ്ണീരുപ്പുണ്ട് .
നിങ്ങളെ
നാടിനായ് നൽകിയവർ തൻ
ഹൃദയമുറിവിലൂറും ചോരയിൽ. ..സഹനമന്ത്രങ്ങളുണ്ട്.
തണുത്ത മരവിപ്പുകളുണ്ട് .
അടക്കിപ്പിടിച്ച
വിങ്ങലുകളിലു൦
അഭിമാനതിളക്കമുണ്ട് .
തുളുമ്പാതെ നിറയുന്ന നേത്രങ്ങളിൽ ,
വിട്ടുകൊടുക്കലുകൾ തൻ കോരിത്തരിപ്പുകളുണ്ട്.
മൂഖ൦മൂടിയിട്ടു മറയ്ക്കുന്ന
വേദനച്ചീളുകളിൽ,
കാലത്തിന്റെ കയ്യൊപ്പുകളുണ്ട് .
നിറഞ്ഞു നീറ്റിയ ഗദ്ഗദങ്ങളിൽ,
ചരിത്ര സത്യങ്ങളുണ്ട് .
അഗ്നി പർവതങ്ങൾ പുകയുന്ന ലാവയിലൊരേ
വികാരമൊരേ മന്ത്രണം .
എന്റെ രാജ്യ൦ ഏകസ്വരമെന്ന പ്രാർത്ഥനാ മന്ത്ര൦.
കോടിജനതയ്ക്കായ് നിങ്ങൾ ത്യജിച്ചജീവൻ ,
കൊഴിച്ച രക്തപുഷ്പങ്ങൾ ,
ഭാരതാംബയുടെ മാറിൽ കുതിർന്നുവീണു .
ഉള്ളിലൂറിയ കണ്ണീർ തുള്ളികളാലവ ചേർന്നൊഴുകീ പെരുമഴക്കാലങ്ങൾ.
ഓരോനീ൪ത്തുള്ളിയിലുമുണ്ടൊരായിര൦
ശക്തിബീജങ്ങൾ.
അമ്മ തൻ ഹൃത്തിൻ
വരണ്ട വേനലിൽ,
ഉറവായൂറിയ നനവുകളിൽ,
മുളപൊട്ടിടു൦ വല്ലികളിലെല്ലാം പുതു പൂക്കൾ ചുവക്കട്ടെ.
അതിന്നൊളിപടർത്തുമകലങ്ങളിൽ ,
അയലത്തെയസ്തമയ ചക്രവാളങ്ങൾ
ശോണദീപ്തമായതിൻ മീതേ ,
ഉയരട്ടെയൊരുദിനം ഭാരതമാതാവിൻ തൃപ്പതാക .
മൂവർണസൂര്യൻ ഉദിക്കു൦ പതാക .
കാലം കാത്തുവച്ചൊരാ പ്രതികാരങ്ങൾക്കായുയരട്ടെ.