നിങ്ങൾ അടുത്തിടെ യുഎഇയിലേക്ക് എത്തപ്പെട്ട പ്രവാസിയാണെങ്കില്‍ രാജ്യത്തെ റെസിഡൻസി, വിസ നടപടിക്രമങ്ങളെക്കുറിച്ച് വിശദമായി തന്നെ മനസ്സിലാക്കേണ്ടി വരുന്നു. യുഎഇയിലേക്ക് പുതിയ ജോലിക്കായി എത്തപ്പെട്ടവരാണെങ്കിലും ഒരു ബിസിനസ്സ് ആരംഭിക്കുകയെന്ന ലക്ഷ്യത്തോടെ വന്നവരാണെങ്കിലും എല്ലാ പേപ്പർ വർക്കുകളിലും സൂക്ഷ്മത പുലർത്തേണ്ടത് അത്യാവശ്യമായ കാര്യമാണ്. മാത്രമല്ല നിങ്ങളുടെ കുടുംബത്തിനുള്ള വിസയ്ക്ക് അപേക്ഷിക്കേണ്ടി വന്നേക്കാം. യുഎഇയിൽ, ദീർഘകാലാടിസ്ഥാനത്തിൽ ജീവിക്കാൻ ആഗ്രഹിക്കുന്ന ഏതൊരു പ്രവാസിക്കും താമസ വിസ ആവശ്യമാണ്. നിങ്ങളുടെ കുടുംബാംഗത്തിനാണ് നിങ്ങൾ വിസയ്‌ക്കായി അപേക്ഷിക്കുന്നതെങ്കിൽ, നിങ്ങളെ ‘സ്‌പോൺസർ’ എന്നും സ്പോൺസർ ചെയ്യുന്ന വ്യക്തിയെ ‘ആശ്രിതൻ’ അല്ലെങ്കിൽ ‘സ്‌പോൺസർ ചെയ്യപ്പെട്ടയാള്‍ ‘ എന്നുമാണ്.
എന്തൊക്കെ രേഖകളാണ് വേണ്ടത്
നിങ്ങളുടെ മാതൃരാജ്യത്തെ വിദേശകാര്യ മന്ത്രാലയം, നിങ്ങളുടെ നാട്ടിലെ യുഎഇ എംബസി, യുഎഇയിലെ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രാലയം (MOFAIC) എന്നിവ നിങ്ങളുടെ വിവാഹ സർട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തിയിട്ടുണ്ടെന്ന് നിങ്ങൾ ആദ്യം ഉറപ്പാക്കേണ്ടതുണ്ട്. ഭാര്യയുടെ എൻട്രി പെർമിറ്റിനോ റസിഡൻസ് വിസയ്‌ക്കോ അപേക്ഷിക്കണമെങ്കിൽ ഭർത്താവ് സമർപ്പിക്കേണ്ട രേഖകളുടെ ലിസ്റ്റ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്‌സ് (ജിഡിആർഎഫ്‌എ) ദുബായ് വ്യക്തമാക്കിയിട്ടുണ്ട്. വെള്ള പശ്ചാത്തലമുള്ള നിങ്ങളുടെ ഭാര്യയുടെ സമീപകാല സ്വകാര്യ ഫോട്ടോ. സ്പോൺസറുടെ പാസ്പോർട്ടിന്റെയും താമസ വിസയുടെയും പകർപ്പ് (സാധുതയുള്ളത്). നിങ്ങളുടെ ഭാര്യയുടെ പാസ്‌പോർട്ടിന്റെ പകർപ്പ്, അത് ആറ് മാസത്തിൽ കൂടുതൽ സാധുതയുള്ളതായിരിക്കണം. സാക്ഷ്യപ്പെടുത്തിയ വിവാഹ സർട്ടിഫിക്കറ്റ്. ഭർത്താവിന്റെ പൗരത്വം ഭാര്യയുടേതിൽ നിന്ന് വ്യത്യസ്തമാണെങ്കിൽ, ഭർത്താവിന്റെ കോൺസുലേറ്റിൽ നിന്ന് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (എൻഒസി). പ്രതിമാസ വരുമാനം 4,000 ദിർഹത്തിൽ കുറയാത്തതാണെന്ന് വ്യക്തമാക്കുന്ന ശമ്പള സർട്ടിഫിക്കറ്റ്, തൊഴിൽ കരാർ അല്ലെങ്കിൽ പങ്കാളിത്ത കരാർ (സ്‌പോൺസറുടെ സ്ഥാപനം അനുസരിച്ച്), വാടക കരാർ അല്ലെങ്കിൽ ഉടമസ്ഥാവകാശ രേഖ തുടങ്ങിയവയാണ് ലഭ്യമാക്കേണ്ടത്.എല്ലാ രേഖകളും ലഭിച്ചുകഴിഞ്ഞാൽ, നിങ്ങൾക്ക് വിസയ്ക്ക് അപേക്ഷിക്കാം. അമർ സെന്റർ, രജിസ്റ്റർ ചെയ്ത ടൈപ്പിംഗ് സെന്റർ എന്നിവ വഴി അപേക്ഷ സമർപ്പിക്കാം. ഒണ്‍ലൈന്‍ വഴിയും വിസയ്ക്ക് അപേക്ഷിക്കാവുന്നതാണ്.
ചില നടപടിക്രമങ്ങള്‍ പാലിക്കേണ്ടതായിട്ടുണ്ട്.
1. ഒരു സ്പോൺസർ ഫയൽ ഒപ്പണ്‍ ചെയ്യുക ഒരു സ്പോൺസർ എന്ന നിലയിൽ നിങ്ങൾ ആദ്യം നിങ്ങളുടെ വിശദാംശങ്ങൾ നൽകേണ്ടതുണ്ട്, അതുവഴി ഇമിഗ്രേഷൻ സിസ്റ്റത്തിനുള്ളിൽ ഒരു ഫയൽ തുറക്കാനാകും. ഇതിനെയാണ് ‘സ്‌പോൺസർ ഫയൽ’ എന്ന് വിളിക്കുന്നത്.
2. എൻട്രി പെർമിറ്റിന് അപേക്ഷിക്കുക തുടർന്ന് നിങ്ങളുടെ ഭാര്യയുടെ പ്രവേശന പെർമിറ്റിന് അപേക്ഷിക്കുക. ആ എൻട്രി പെർമിറ്റ് ഉപയോഗിച്ച്, നിങ്ങളുടെ ഭാര്യക്ക് വിസ അപേക്ഷാ പ്രക്രിയ പൂർത്തിയാക്കാൻ യുഎഇയിലേക്ക് പോകാന്‍ സാധിക്കും
3. ഭാര്യ യു എ ഇയിലാണെങ്കിൽ ‘സ്റ്റാറ്റസ് മാറ്റം’ വരുത്തു നിങ്ങളുടെ ഭാര്യ ഇതിനോടകം തന്നെ യുഎഇയിൽ എത്തിയ ആളാണെങ്കില്‍ നിങ്ങൾ ആദ്യം എൻട്രി പെർമിറ്റിന് അപേക്ഷിക്കുകയും തുടർന്ന് ‘സ്റ്റാറ്റസ് മാറ്റ’ പ്രക്രിയയ്ക്ക് അപേക്ഷിക്കുകയും വേണം.
മെഡിക്കൽ ഫിറ്റ്നസ് ടെസ്റ്റ് വിസ അപേക്ഷാ പ്രക്രിയ പൂർത്തിയായിക്കഴിഞ്ഞാൽ, ഒരു മെഡിക്കൽ ഫിറ്റ്നസ് ടെസ്റ്റ് നടത്തുന്നതിന് നിങ്ങൾ ദുബായ് ഹെൽത്ത് അതോറിറ്റി (ഡിഎച്ച്എ) മെഡിക്കൽ ഫിറ്റ്നസ് സെന്റർ സന്ദർശിക്കേണ്ടതായിട്ടുമുണ്ട് മെഡിക്കൽ ഫിറ്റ്നസ് നടത്തുന്നതിനായി അൽ കരാമ മെഡിക്കൽ ഫിറ്റ്നസ് സെന്റർ, ബർ ദുബായ് മെഡിക്കൽ ഫിറ്റ്നസ് സെന്റർ, അൽ മുഹൈസിന മെഡിക്കൽ ഫിറ്റ്നസ് സെന്റർ, അൽ ഖൂസ് മാൾ മെഡിക്കൽ ഫിറ്റ്നസ് സെന്റർ, അൽ യലൈസ് മെഡിക്കൽ ഫിറ്റ്നസ് സെന്റർ, അൽ റാഷിദിയ മെഡിക്കൽ ഫിറ്റ്നസ് സെന്റർ എന്നിവിടങ്ങളില്‍ സൌകര്യം ലഭ്യമാണ്. ജബൽ അലി ഹെൽത്ത് സെന്റർ, ദുബായ് എയർപോർട്ട് ഫ്രീ സോൺ അതോറിറ്റി, ദുബായ് ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്റർ , സബീൽ മെഡിക്കൽ ഫിറ്റ്നസ് സെന്റർ, AXS മെഡിക്കൽ ഫിറ്റ്നസ് സെന്റർ, ദുബായ് നോളജ് പാർക്ക്, എമിറേറ്റ്സ് മെഡിക്കൽ ഫിറ്റ്നസ് സെന്റർ, ദുബായ് ഹെൽത്ത് കെയർ സിറ്റി, അൽ ലുസൈലി മെഡിക്കൽ ഫിറ്റ്നസ് സെന്റർ, ദുബായ് ലാൻഡ് ഡിപ്പാർട്ട്‌മെന്റ് മെഡിക്കൽ ഫിറ്റ്നസ് സെന്റർ,തുടങ്ങിയ ഇടങ്ങളിലും മെഡിക്കല്‍ പരിശോധന സൌകര്യം ലഭ്യമാണ്.
മെഡിക്കൽ ഫിറ്റ്നസ് സെന്റർ വഴി രക്തപരിശോധനയും നെഞ്ച് എക്സ്-റേയും ഉൾപ്പെടെ കുറച്ച് പരിശോധനകൾ നടത്തേണ്ടതുണ്ട്. പരിശോധനാ ഫലം 24 മണിക്കൂറിനുള്ളിൽ ലഭിക്കുന്നതായിരുന്നു. അതിലും വേഗത്തിൽ ലഭിക്കേണ്ടതുണ്ടെങ്കില്‍ എക്സ്പ്രസ് വിഐപി സേവനങ്ങള്‍ ഉപയോഗപ്പെടുത്താവുന്നതാണ്.
എമിറേറ്റ്സ് ഐഡിക്ക് അപേക്ഷിക്കല്‍
നിങ്ങളുടെ ഭാര്യയുടെ എമിറേറ്റ്‌സ് ഐഡിക്ക് അപേക്ഷിക്കുകയാണ് അടുത്ത ഘട്ടം. ഇതിനായി നിങ്ങളുടെ വിരലടയാള ബയോമെട്രിക് നൽകുന്നതിന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പിന്റെ (ICP) കേന്ദ്രം സന്ദർശിക്കേണ്ടതുണ്ട്. അൽ ബറാഹ കസ്റ്റമർ ഹാപ്പിനസ് ഓഫീസ്, അൽ യലൈസ് കസ്റ്റമർ ഹാപ്പിനസ് സെന്റർ, അൽ നഹ്ദ ഹാപ്പിനസ് സെന്റർ , ഹത്ത കസ്റ്റമർ ഹാപ്പിനസ് ഓഫീസ്, ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ്, അൽ ബർഷ കസ്റ്റമർ ഹാപ്പിനസ് സെന്റർ, അൽ റാഷിദിയ കസ്റ്റമർ ഹാപ്പിനസ് സെന്റർ, അൽ ഗസൽ കസ്റ്റമർ ഹാപ്പിനസ് സെന്റർ തുടങ്ങിയ കേന്ദ്രങ്ങളില്‍ ഈ സേവനം ലഭ്യമാവും.
നിങ്ങൾ അപേക്ഷാ പ്രക്രിയ പൂർത്തിയാക്കിക്കഴിഞ്ഞാൽ, എമിറേറ്റ്‌സ് ഐഡി നിങ്ങളുടെ അടുത്തുള്ള ഒരു എമിറേറ്റ്സ് പോസ്റ്റ് ഓഫീസിലായിരിക്കും ഡെലിവർ ചെയ്യുക. ഐഡി കൈപ്പറ്റുന്നതിന്, രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ SMS വഴി ലഭിക്കുന്ന റഫറൻസ് നമ്പർ നൽകേണ്ടതുണ്ട്.
ആരോഗ്യ ഇൻഷുറൻസിനായി അപേക്ഷിക്കുക
ദുബായിൽ ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാണ്. ഏതെങ്കിലും ആരോഗ്യ ഇൻഷുറൻസ് ദാതാക്കളിലൂടെ നിങ്ങൾക്ക് ഓൺലൈനായി ആരോഗ്യ ഇൻഷുറൻസിനായി അപേക്ഷിക്കാം. പകരം, നിങ്ങൾ ഒരു ടൈപ്പിംഗ് സെന്റർ വഴിയും ഈ അപേക്ഷ നല്‍കാന്‍ സാധിക്കുന്നതാണ്. അടിസ്ഥാന പ്ലാന്‍ മുതല്‍ വിവിധ പ്ലാനുകള്‍ ലഭ്യമായിരിക്കും.
പാസ്പോർട്ടിൽ വിസ സ്റ്റാമ്പ് ചെയ്യുക ഈ പ്രക്രിയയുടെ അവസാന ഘട്ടം വിസയുടെ സ്റ്റാമ്പിംഗ് ആണെങ്കിലും പാസ്‌പോർട്ടിൽ ഇനി വിസ സ്റ്റാമ്പ് ചെയ്യില്ലെന്ന് ഐസിപി അടുത്തിടെ പ്രഖ്യാപിച്ചിട്ടുണ്ട്. എമിറേറ്റ്സ് ഐഡിയാണ് താമസത്തിന്റെ പ്രധാന തെളിവായി ഇനിമുതല്‍ കണക്കാക്കുക. ഗൾഫ് ന്യൂസ് നേരത്തെ റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം, ദുബായ് നിവാസികൾക്ക് തൽക്കാലം വിസ സ്റ്റാമ്പ് ചെയ്യേണ്ടതുണ്ട്.
വിസ സ്റ്റാമ്പിംഗിനായി നിങ്ങളുടെ പാസ്‌പോർട്ട് ശേഖരിച്ച് നാല് പ്രവൃത്തി ദിവസത്തിനുള്ളിൽ നിങ്ങൾക്ക് സ്റ്റാമ്പിങ് നടപടികള്‍ പൂർത്തീകരിച്ച് കൈമാറും. ഇതിന്റെ കൊറിയർ ചാർജും ഈടാക്കും. നിങ്ങളുടെ വിസ സ്റ്റാമ്പ് ചെയ്ത് എമിറേറ്റ്സ് ഐഡി നിങ്ങളുടെ കൈവശമുണ്ടെങ്കിൽ നിങ്ങള്‍ ദുബായി താമസിക്കാനുള്ള എല്ലാ യോഗ്യതകളുമായി.
വിസ നടപടികള്‍ പൂർത്തീകരിക്കാന്‍ എത്ര ചിലവാകും
ഓരോ ഘട്ടത്തിലും നിങ്ങൾ അടയ്‌ക്കേണ്ട ചാർജുകളുടെ ഒരു പട്ടിക ഇവിടെ നല്‍കുന്നു – ഫയൽ തുറക്കുന്നതിനുള്ള ചാർജ് – 269 യുഎഇദിർഹം – എൻട്രി പെർമിറ്റ് – 500 ദിർഹം (ഭാര്യ യു എ ഇക്ക് പുറത്താണെങ്കിൽ) അല്ലെങ്കിൽ ദിർഹം 1,180 ദിർഹം – സ്റ്റാറ്റസ് മാറ്റം – 675 ദിർഹം – മെഡിക്കൽ ഫിറ്റ്നസ് ടെസ്റ്റ് – 320 ദിർഹം – എമിറേറ്റ്സ് ഐഡി – ഒരു വർഷത്തേക്ക് 170 ദിർഹം, രണ്ട് വർഷത്തേക്ക് 270 ദിർഹം, മൂന്ന് വർഷത്തേക്ക് 370 ദിർഹം – വിസ സ്റ്റാമ്പിംഗ് – 500 ദിർഹം – ആരോഗ്യ ഇൻഷുറൻസ് – നിങ്ങൾ അപേക്ഷിക്കുന്ന കവറേജിനെയും ആനുകൂല്യങ്ങളെയും ആശ്രയിച്ചിരിക്കും.