രചന : മധു മാവില ✍
ആരൊക്കെ വന്നീടുമെൻ ശവമഞ്ചമേറ്റുവാൻ..
അന്ത്യകർമ്മങ്ങൾ നടത്തുവാൻ
ഒറ്റുകാരെല്ലാവരും ചുറ്റിലും
ഒപ്പമുണ്ടാവണം
തണുത്തുറഞ്ഞുപോയ
സ്വപ്നങ്ങൾ തുണിയിട്ട്മൂടാൻ…
നനഞ്ഞ കണ്ണുമായ് വരുന്നവരെയകറ്റിനിർത്താനും
കരുതലുണ്ടാവണം.
സംശയമേതുമേ
തോന്നാതെയെൻ്റചുറ്റിലായ്
നിങ്ങളെല്ലാവരും കാവലാവണം.
ഇത്രമേൽ സത്യം പറഞ്ഞവൻ
നിശ്ചലമായെന്നറിയിക്കണം
ഇനിയൊരുത്തനും
മറുത്തൊന്നുരിയാടാനിടവരാത്ത
കോട്ടയായീനാടിനെകാക്കണം.
മറ്റൊരാളെയും അടുപ്പിക്കാതെ
എല്ലാത്തിനും നിങ്ങളുണ്ടാവണം
തീകൊളുത്തുംവരെയിവൻ്റെ
കൂട്ടത്തിലുള്ളവരെപ്പോലും
അടുപ്പിക്കാതെ നോക്കണം’.
ആറടി മണ്ണിലൊടുങ്ങാത്ത
സ്വപ്നങ്ങൽവിടർന്നകണ്ണുകൾ
ചോരയുറ്റുന്ന കയ്യാൽ
നിങ്ങളുന്മാദത്തോടെടുക്കണം.
അയലത്തെയമ്മതൻ
മാറത്തടുക്കിപ്പിടിച്ച
കുഞ്ഞ്മോളെയൊരു നോക്ക്
കാട്ടുവാൻ തിരക്ക് കൂട്ടരുതേ
പിന്നെയൊരിക്കലുമവൾക്കച്ഛനെ കാണുവാനാവിലല്ലോ ….
ചേതനയറ്റുപോയവൻ്റെ
പെണ്ണിനെ താങ്ങിയെടുക്കുമ്പോൾ തിടുക്കമരുതേ
ബോധമറ്റവൾക്കിനിയൊരിക്കലും
കണ്ണിലുണ്ടാവില്ലല്ലോ …..
സംശയമേതുമേ തോന്നാതെ അനുശോചനതേൻമൊഴി
നിങ്ങൾതന്നെ പറയണം …
വെളുത്ത പുകയിലലിഞ്ഞില്ലാ-
താവുന്നവൻ്റെ സ്വപ്നങ്ങൾ
കത്തിത്തീരുംവരെ ചുകന്നകണ്ണുകൾ.
നിങ്ങളെല്ലാവരും കൂടെയുണ്ടാവണം
അടുത്തശീട്ടെടുക്കും വരെ….