രചന : വൈഗ ക്രിസ്റ്റി ✍

സൂസമ്മാമ്മ മരിച്ചു…
മാതാവും ഗീവർഗീസ് പുണ്യാളനും തമ്മിൽ
പറയുന്നത് കേട്ടാണ്
ഉണ്ണിയേശു കണ്ണു തുറന്നത്,
കർത്താവ് ,
ഓർമ്മവച്ച നാൾ മുതൽ
സൂസമ്മാമ്മയെ കാണുന്നതാണ്
എരിപൊരിസഞ്ചാരം കൊണ്ട
നടത്തം
മെഴുകുതിരിയുടെ എരിച്ചിലുള്ള
എല്ലാ ഞായറാഴ്ചയിലും
സൂസമ്മ പള്ളിയിലെത്തും
നേരെ
കർത്താവിൻ്റെ കാല്ക്കലിരിക്കും
യേശു
തൻ്റെ പിള്ളക്കാലുയർത്തി
അമ്മയുടെ
വയറിലൊളിപ്പിച്ചുവയ്ക്കും
കാലിലെങ്ങാനും
അവരിക്കിളിയാക്കിയാലോ
എന്നാലും ,
സൂസമ്മ പറയുന്നതെല്ലാം
അവൻ കേട്ടിരിക്കും
ക്ഷയിച്ചു തീർന്ന ഒരു കുടുംബവും
അഞ്ചു പെൺമക്കളും
അവരുടെ
കണ്ണീരിൽ കലർന്ന്
അവൻ്റെമേൽ പതിക്കും
കുഞ്ഞൗതയുടെ
അഞ്ചു പെൺമക്കളിൽ
നാലാമതാണ് സൂസമ്മ
മൂന്നു ചേച്ചിമാരെയും
കെട്ടിച്ചും പേറെടുത്തും
കുഞ്ഞൗതയുടെ നടുവൊടിഞ്ഞു
‘എൻ്റൊടേതേ’
സൂസമ്മ തൊണ്ടയിടറി വിളിക്കും
‘പാവം എൻ്റപ്പനും അമ്മച്ചീം
എന്നാ ചെയ്യാനാന്നേ …
ഇന്നലേം വന്നു എന്നെ കാണാനൊരുത്തൻ
നല്ല കൃഷിക്കാരൻ
എനിക്കിഷ്ടമായി … എന്നേം
പക്ഷെ … ‘
ആ പക്ഷെയുടെ പൊരുൾ
കർത്താവിനറിയാം
പിന്നീടൊരിക്കൽ ,
സൂസമ്മ പള്ളീ വന്നു
തലകുനിച്ച് നിന്ന്
ഉണ്ണീശോയോട് രഹസ്യമായി
പറഞ്ഞു
‘ഞാനൊരാടെ കൂടെ പൊറുക്കാമ്പോവാണെൻ്റെയൊടേതേ
നാട്ടാരുടെ ക്ഷേമാന്വേഷണം
സഹിക്കാമ്മേല ‘
ഉണ്ണിയേശു
കണ്ണിറുക്കിച്ചിരിച്ചത് സൂസമ്മ കണ്ടു
‘എൻ്റൂടെ വന്നിട്ടൊണ്ട്… ‘
സൂസമ്മ ഒച്ചയടക്കി
കർത്താവൊന്നെത്തി നോക്കി
പുറത്താരു കറുത്തു മെലിഞ്ഞ
പുരുഷരൂപം
‘നമ്മടാൾക്കാരല്ല … എന്നാലും
സ്നേഹമൊള്ളോനാന്നാ തോന്നുന്നെ’
ഉണ്ണീശോ വായിൽ വച്ചിരുന്ന
കൈയെടുത്ത്
സൂസമ്മയ്ക്ക് ടാറ്റാ പറഞ്ഞത്
സൂസമ്മയല്ലാതാരും കണ്ടില്ല
പിന്നെ ,
കർത്താവ് സൂസമ്മയെ കണ്ടിട്ടില്ല
പള്ളി വെലക്കിയ അവർ
പിന്നീടാ പള്ളിനട കേറീട്ടുമില്ല
കാലക്രമേണ
സൂസമ്മ പ്രായമായി
പ്രായമാകാത്ത കുഞ്ഞേശുവിന്
സൂസമ്മാമ്മയായി …
അവരുടെ കെട്ടിയോൻ
രണ്ടു വർഷം മുമ്പ്
ചുഴലിത്തെണ്ണമെളകി
വെള്ളത്തീ വീണു ചത്തത്
പള്ളീവന്ന പരിശുദ്ധരായ
കുഞ്ഞാടുകൾ പറഞ്ഞ്
ഉണ്ണിയേശുവറിഞ്ഞിരുന്നു
ആ സൂസമ്മാമ്മയാണ് …
കർത്താവ് ,
മാതാവിൻ്റെ എളീന്നെറങ്ങി
പള്ളിനടയിറങ്ങി …
പാലം കടന്ന് …
പറമ്പുകൾ കടന്ന് …
മരിച്ച വീട്ടിലെത്തി
പറമ്പിൽ ശവകുഴിയെടുക്കുന്നവരെ
കടന്ന്
സൂസമ്മാമ്മയുടെ
കുടിലിലെത്തി …
മുറ്റത്തിറക്കി വച്ചിരിക്കുന്ന
ശവം കണ്ടു …
ചുറ്റും കരയുന്ന മട്ടിലിരിക്കുന്ന
മക്കളെ കണ്ടു
‘യേശുവേ …’
പിന്നീന്നൊരു വിളി
സൂസമ്മാമ്മയാണ് …
പതിവുപോലെ സൂസമ്മയല്ലാതെ
ഉണ്ണിയേശുവിനെയാരും കണ്ടില്ല
കർത്താവ്
സമയം കളയാതെയാ
ആത്മാവിൻ്റെ കൈയേപ്പിടിച്ചിറങ്ങിപ്പോന്നു
മുറ്റം കടന്ന് …
ശവക്കുഴി കടന്ന് …
പറമ്പും പാലോം കടന്ന് …
പള്ളി കടന്ന് …
അവർ നടന്നുകൊണ്ടേയിരുന്നു.

വൈഗ ക്രിസ്റ്റി

By ivayana