രചന : സുധീഷ് കുമാർ മമ്പറമ്പിൽ✍
ഭദ്രൻ
രാവിലെ മുറ്റത്ത് മച്ചിങ്ങ വണ്ടിയുരുട്ടി കളിക്കുമ്പോഴാണ് അടുത്ത വീട്ടിലെ ജാനകി അമ്മായി, വിളിച്ചു പറഞ്ഞത്, ഡാ ഭദ്രൻ വരുന്നുണ്ട്.
കേട്ടപാതി കേൾക്കാത്ത പാതി ഞാനും അനിയത്തിയും റോഡിലേക്കോടി. ഭദ്രൻ കുമ്പ കുലുക്കി പതിയ നടന്നു വരുന്നുണ്ട്. അവൻ നടക്കുമ്പോഴുള്ള ചങ്ങല കിലുക്കം തന്നെ കേൾക്കാൻ എന്ത് ഇമ്പമാണെന്നോ.
ഭദ്രൻ അയ്യപ്പത്തെ, മരക്കമ്പനിയിലെ നല്ല ലക്ഷണമൊത്ത ആനയാണ്. ഒന്ന് രണ്ട് പേരെ തട്ടിയിട്ടുള്ളത് കൊണ്ട്, ചെറിയൊരു ഭയ ഭക്തി ബഹുമാനത്തോടെയേ അവനോട് ഇടപഴകൂ. അവന്റെ പാപ്പാൻ നല്ല ഫോമിൽ, ഭദ്രനും പാപ്പാനും നാല് കാലിലാണ്.
ഞങ്ങളുടെ തറവാടിന്റെ പുറകിലെ റോഡിലൂടെ പോയാൽ വലിയ പനകളുള്ള പറമ്പുണ്ട്. പതിവുപോലെ പനം പട്ട എടുക്കാനുള്ള വരവാണ്. ഞങ്ങളെ കടന്നുപോയ ഭദ്രനു പുറകെ ഞാനും മറ്റൊരു പാപ്പാനായി. അനിയത്തി പേടി കാരണം വന്നില്ല. ഞാനാരാ മോൻ.
വെട്ടിയിട്ട പട്ട എടുപ്പിക്കുന്നതിനിടയിൽ പാപ്പാന്റെ തോട്ടിക്കോൽ പലതവണ ഭദ്രന്റെ ചെവിയിൽ കുരുക്കുന്നത് കണ്ട്, അയൽ പക്കത്ത ബാലേട്ടനും അപ്പുവേട്ടനും വേട്ട വേലപ്പാ, അവനെ വേദനിപ്പിക്കേണ്ട എന്ന് പറയുന്നുണ്ടായിരുന്നു.
പെട്ടെന്ന് ഒരു അലർച്ചയും ചിന്നം വിളിയും കേട്ടതും, ഭദ്രനോടൊപ്പം കൂടിയ ആളുകൾ പരക്കം പാഞ്ഞു. അതിനിടയിൽ ഭദ്രന്റെ കൊമ്പിൽ കുരുങ്ങിയ ഒന്നാം പാപ്പാനെ എടുത്തെറിഞ്ഞ ഭദ്രൻ ഓട്ടം തുടങ്ങി. നിയന്ത്രിക്കാൻ തുനിഞ്ഞ രണ്ടാം പാപ്പാനെതിരെയായി പിന്നെ ഭദ്രന്റെ പരാക്രമം.
ജീവരക്ഷക്കായി ഓടിയ രണ്ടാം പാപ്പാൻ തെങ്ങിൻ കുഴിയിൽ വീണതു കൊണ്ട് രക്ഷപ്പെട്ടു.
ഭദ്രന്റെ പരാക്രമം തുടരുന്നതിനിടയിൽ, എല്ലാവരുടേയും രക്ഷ, ഏഴോ എട്ടോ വയസ്സുള്ള ഞാൻ ഏറ്റെടുത്തു. അടുത്ത വീടുകളിലുള്ളവരോട് ആന ഇടഞ്ഞേ ഓടിക്കോ എന്ന് വിളിച്ചു പറഞ്ഞ് റോഡിലൂടെ ഞാൻ ഓടി. സത്യത്തിൽ രക്ഷ വേണ്ടത് എനിക്കായിരുന്നു. എന്റെ തൊട്ടു പുറകിൽ, ഒന്ന് തുമ്പിക്കൈ നീട്ടിയാൽ പിടിക്കാവുന്ന ദൂരത്തിൽ, ഭദ്രൻ എത്തിയിരുന്നു.
വേലിക്കലിൽ നിന്ന് കാഴ്ചകൾ കണ്ടിരുന്ന സാവിത്രി ചേച്ചീ, ഒറ്റ ഓട്ടത്തിന് എന്നെ വാരിയെടുത്ത് അവരുടെ കുടിലിലേക്കോടി. ഭദ്രൻ ആ ദേഷ്യം തീർത്തത് അവരുടെ വേലി പൊളിച്ചായിരുന്നു. മുള്ളു കൊണ്ടതു
കൊണ്ടാവണം, അധികം നാശനഷ്ടമുണ്ടാക്കാതെ അവൻ പിൻവാങ്ങി. അല്ലെങ്കിൽ ആ ഓലക്കുടിലും ഞങ്ങളും ഓർമ്മയായേനെ.
ആന പകകളെ പറ്റി പിന്നീട് വായിച്ചറിഞ്ഞതിൽ പിന്നെ, ഏത് ആനയെ കണ്ടാലും ഭദ്രനാണോ, എന്ന് ഉൾഭയം ഉണ്ടാകാറുണ്ട്. ഇന്നും കുടുംബത്തിൽ പലപ്പോഴും ഒത്തു ചേരലുകൾക്കിടയിൽ അമ്മ, മക്കളോടും മറ്റുള്ളവരോടും എന്റെ ഈ വീരഗാഥ പറയുമ്പോൾ, അതിശയത്തോടെ, അതിലേറെ അന്നത്തെ വിവരമില്ലായ്മയെ ഓർത്ത് ചിരിക്കാറുണ്ട്.