രചന : ശിവദാസ് സി കെ ✍

പഴയ കാമുകിമാരെ
നിങ്ങൾ ഓർക്കാറുണ്ടോ
എന്ന് ഇടയ്ക്കവൾ ചോദിക്കാറുണ്ട് .
ഇല്ലെന്നൊരു കള്ളം പറയും.
(കള്ളമാണ്
പറഞ്ഞതെന്നവൾക്കറിയാം..)
യാത്രകളിൽ
നിറഞ്ഞ നെൽവയലുകൾ കാണുമ്പോൾ
പാടവരമ്പത്തു വീടുള്ള ,
മഷിത്തണ്ടിന്റെ മണമുള്ള,
9 ബി കാരിയെ ഓർത്തെടുക്കാറുണ്ട്.
മാന്തെന്നൽത്തണുപ്പിൽ
അവളുടെ മടിയിൽ
തല ചായ്ച്ചുറങ്ങിയത്..!
നുണക്കുഴികളിലെ ഉമ്മത്തണുപ്പിൽ
അവളുടെ കടൽക്കണ്ണുകൾ
നിറഞ്ഞരുവിയായത്
ഒന്നും മറന്നിട്ടില്ല ..!
‘നഖക്ഷതങ്ങളി’ലെ
ഗാനങ്ങൾ കേൾക്കുമ്പോൾ
പിൻകഴുത്തിൽ മറുകുള്ള
മുടി പിന്നിയിടുന്ന
പ്രീഡിഗ്രിക്കാരി
മനസ്സിലേക്കോടിയെത്തും .
ലൈബ്രറിയിൽ വച്ച്
ഉമ്മത്തണുപ്പുള്ള കല്ലുവെച്ച മോതിരം
തന്നവളെ കിനാവ് കാണും ..
ഡിഗ്രിക്ക്
കെമിസ്ട്രി ലാബിലെ
പ്രണയം ചുരത്തുന്ന ആസിഡുകളുടെ
ഗന്ധത്തിൽ,
രാസ്നാദിയുടെ,
രാധാസ് സോപ്പിന്റെ മണമുള്ള
ഒരുവളുടെ മുല്ലമൊട്ടിൻ ചിരി
ഓർമകളിലേക്ക് ഇറുത്തു വയ്ക്കും ..!
ഇടയ്ക്ക്,
രണ്ടക്ഷരമുള്ള
എന്നും കൂടെയുണ്ടാകുമെന്നു പറഞ്ഞ്
ഒരു പെരുമഴയിലിറങ്ങിപ്പോയ
ഒരുവളുടെ പ്രൊഫൈലിൽ എത്തിനോക്കി ,
അവളുടെ പൂക്കളെ കണ്ട്,
ആകാശം കണ്ട്
സുഖമെന്ന് കരുതി
തിരിച്ചു പോരും …
പഴയ കാമുകിമാരെ
നിങ്ങൾ ഓർക്കാറുണ്ടോ
എന്നിടയ്ക്കവൾ ചോദിക്കാറുണ്ട് …
അപ്പോഴും
ഇല്ലെന്നൊരു കള്ളം പറയും ….!

(വാക്കനൽ)

ശിവദാസ് സി കെ

By ivayana