രചന : ജയരാജ്‌ പുതുമഠം ✍

സ്നിഗ്ധ തീർത്ഥങ്ങൾ
വറ്റിവരണ്ടുണങ്ങി
ശിഥിലമെൻ നാടിൻ
ആത്മവനങ്ങളിൽ

രുധിരം നുരയും കപടസംസ്കൃതി
വ്രണനീരായൊഴുകും
ഇരുളിൻ ചോലകൾ മുറിയാതലയുന്നു വീണ്ടും

അഴകുകൾ മങ്ങിയ
പുസ്തക പുരാണങ്ങളിൽ
അജ്ഞതയുടെ ഗഹനാരവങ്ങൾ
അസ്ഥിത്വത്തിൻ അസ്ഥിവാരം
പിളർക്കുമ്പോൾ മസ്‌തിഷ്ക്കങ്ങൾക്ക് മൗനരാഗമോ

കത്തിയമരുന്ന ധ്യാനപീഠങ്ങൾ
മിഥ്യാഭ്രമത്തിൻ മാനസപീഡകൾ
മതഭോഗത്തിൻ ദന്തക്ഷതങ്ങൾ
പരിണാമ വിസ്മയങ്ങൾക്ക്
ചിറക് കുഴയുന്നുവോ

കരിമഴയാണഖിലവും
മലരണിപ്പാടങ്ങളെങ്ങുപോയ്
കനവുകൾ പെയ്യുകയാണിപ്പോഴും
ക്രമ-ക്രമരഹിത താളത്തിൽ
കർക്കിടക സ്പന്ദത്തിലും
ആലോലമില്ലാതെ

ചിതറുന്നു ജ്ഞാനസമീക്ഷതൻ
ഉപരിബോധ ലഹരിധ്യാനങ്ങൾ
അപരഗോളങ്ങളുണ്ടോ
തമോതുരുത്തുകൾക്ക് മീതെ
ഒരു മിഴിവായ് മിന്നലായ്
മനസ്സിൻ വിശപ്പണയ്ക്കുവാൻ.

ജയരാജ്‌ പുതുമഠം

By ivayana