രചന : മാധവി ടീച്ചർ, ചാത്തനാത്ത് ✍
സമയം സായംസന്ധ്യ ! പൂജാമുറിയിൽ സന്ധ്യാദീപം തെളിയിച്ച്, കണ്ണുകളടച്ച് കൈകൂപ്പി നാമം ജപിക്കുകയായിരുന്നു. മാലതി. ഈശ്വരാ പത്താംക്ലാസിലെ പരീക്ഷയിൽ നല്ലമാർക്ക്തന്നെ വാങ്ങാൻ ഭഗവാനെ ഒന്നു കൈകൂപ്പി പ്രാർത്ഥിച്ചാലേ രക്ഷയുള്ളൂ. അനിയൻ കാൽപന്തുകളി മത്സരം കഴിഞ്ഞ് എത്താറാവുന്നേയുള്ളൂ. മുൻവശത്തെ വാതിലടച്ചാൽ അവൻ പിന്നെ നിർത്താതെ ബെല്ലടിച്ച് സ്വൈര്യംകെടുത്തും.
സന്ധ്യനേരത്ത് കണ്ടയിടത്തൊക്കെ ഇങ്ങനെ കളിക്കാൻ പോകണ്ടാന്നു എത്ര പറഞ്ഞാലും കേൾക്കില്ല ചെക്കൻ – – വാതിലടക്കാതെ അവൾ പ്രാർത്ഥന തുടർന്നു . തുറന്നുകിടന്ന വാതിലിലൂടെ പതുക്കെയൊരുവൻ കടന്നുവന്ന് പൂജാമുറിയിലെത്തിയത് മാലതി അറിഞ്ഞതേയില്ല. തുടിക്കുന്ന ഹൃദയത്തോടെ അവൻ അവളെ ആർത്തിയോടെ നോക്കി. ഇല്ല, അവൾ തന്റെ വരവറിഞ്ഞിട്ടില്ല .. അവൻ പ്രേമപൂർവ്വം അവളുടെ കാതോരം ചേർന്നൊരു ഗാനമാലപിച്ചു.. പക്ഷേ അവൾ അതിഷ്ടപ്പെട്ടില്ലെന്ന മട്ടിൽ അവനെ തട്ടിമാറ്റി മുഖംതിരിച്ചു. അവഗണനയെ മാനിക്കാതെ, പിന്തിരിയാതെ വീണ്ടുമവൻ അവളെ സമീപിച്ചു.
ശ്ശോ ഒന്നു പോണുണ്ടോ… ഇതെന്തൊരുപാടായി -ഇത്തിരിനേരം സ്വസ്ഥമായി എവിടേയെങ്കിലും ഒന്നിരിക്കാൻ സമ്മതിക്കില്ലേ.. അവൾ വീണ്ടും കണ്ണടച്ചു. അവൻ അവളുടെ കവിളോരം ചേർന്നൊരു മോഹമുത്തം നൽകിയതും അവൾ രൗദ്രഭാവത്തോടെ, ചാടിയെഴുന്നേറ്റ് അവന്റെ മുഖമടച്ചൊരൊറ്റയടി. ഹാ! കഷ്ടം രക്താഭിഷിക്തനായവനവളുടെ കാൽക്കീഴിൽ പിടഞ്ഞുവീണു പ്രാണൻ വെടിഞ്ഞു. പ്രണയനായകൻ, രക്തസാക്ഷിയായ അവൻ്റെ ജഡത്തിലേക്ക് നോക്കി അവൾ ആക്രോശിച്ചു. “എത്ര തവണ നിന്നെ ഞാൻ ആട്ടിയോടിച്ചു? നീ കേട്ടില്ല – വീണ്ടുംവന്നു . ഇനി വരില്ലലോ … തീർന്നില്ലേ നിൻ്റെകഥ..” അവൾ തുള്ളിച്ചാടി,പാടി . വീണിതല്ലോ കിടക്കുന്നു ധരണിയിൽ ..ശോണിതവുമണിഞ്ഞയ്യോ ശിവ-ശിവ- അതു കേട്ട് പുളിങ്കറിക്ക് മുളകരയ്ക്കുകയായിരുന്ന അമ്മ വിളിച്ചു ചോദിച്ചു – മോളേ എന്താ പറ്റിയേ .എന്താ അവിടെയൊരു ബഹളം – ? അമ്മേ – ഞാൻ കൊന്നു – കൊന്നു – ഒറ്റയടിക്കവനെ കൊന്നു –
അവളുടെ മറുപടികേട്ട് അമ്മ ഭയന്നുവിറച്ചു. മോളേ എന്താ നീ ചെയ്തേ.. ? ഈശ്വരാ — ! അതുകേട്ട് മാലതി പറഞ്ഞു .” അമ്മേ ഈ സന്ധ്യനേരത്ത് ആ ഉമ്മറവാതിലടയ്ക്കാത്തതാണീ കുഴപ്പത്തിനൊക്കെ കാരണം. ഇനി നാളെത്തൊട്ട് സന്ധ്യക്ക്മുമ്പ് വാതിലടച്ചില്ലെങ്കിൽ നാളെവരുന്നവനെ അമ്മതന്നെ കൊല്ലണം. ഇന്നേതായാലുമിനി ഞാനാ വാതിലും ജനലുമൊക്കെയടച്ചേക്കാം..എനിക്ക് വയ്യ ഇനിയുമിങ്ങനെ ഓരോന്നിനെ അടിച്ചുകൊല്ലാൻ.”
…….
വീണ്ടുമവൾ ഭക്തിപൂർവ്വം നാമംജപിക്കാൻ തുടങ്ങി.
നരനായിങ്ങനെ ജനിച്ചു ഭൂമിയിൽ
കൊതുകുകുത്തുന്ന ധരണിയിൽ
ഈ നരകത്തിൽ നിന്നും
കരകേറാനൊരു തിരി കത്തിച്ചീടാം ഭഗവാനേ…!
ശിവ … ശിവ ….🙏