രചന : എൻ.കെ അജിത്ത്✍
നിനയ്ക്കാത്തതൊക്കെയു-
മെനിക്കായി നല്കിയ പരമപിതാവേ നീ,
നിനയ്ക്കാത്ത സമയത്തു
തിരിച്ചവയെടുക്കുകിലെനിക്കില്ല ഖേദമൊന്നും!
അവനിയിലടിയനെയനുദിനം നടത്തുന്ന
തിരുകൃപയോർക്കുമ്പോൾ… ദേവാ,
എനിക്കുള്ളിൽ ഞാനെന്ന തിരയൊന്നടങ്ങുന്നു,
നിരപ്പാകുന്നെന്നുള്ളം…
ഇടയ്ക്കൊക്കെയടിച്ചു നീ വരുതിയിൽ നടത്തവേ
പുതുക്കത്തിലാകുന്നു ഞാൻ.. നിൻ്റെ,
കടുത്തതാം വഴിയതിൽ പിടച്ചുഞാൻ വീഴാതെ
നടത്തണം നീ പ്രഭുവേ….
തിരക്കിലായ് തിരക്കാനായെനിക്കാരുമില്ലെന്നെ
തിരക്കിനീയെത്തുമ്പോൾ…. നിൻ്റെ,
തിരിക്കാത്ത നന്മകളോർത്തുള്ളു തുടിക്കുന്നു
തിരിക്കെല്ലേ നിന്മുഖം നീ….
പടച്ചവൻ നീ തന്നെ, നടത്തുവോൻ നീ തന്നെ
പടയ്ക്കുള്ളിലകപ്പെട്ടാലും.. എന്നെ,
പരിചകൊണ്ടെന്നപോൽ പരിപൂർണ്ണം
കാക്കുന്ന
പദം തൊട്ടു വന്ദിപ്പൂ ഞാൻ…
ഒരിക്കലും മടുക്കാതെയപദാനം വാഴ്ത്തിടാൻ
വാക്കുകളേകിടേണേ, സൃഷ്ടി
നടത്തുന്ന കരത്തിൻ്റെ കരുതലും കാവലും
അടിയനു നല്കുവോനേ…
പരിപക്വൻ, പരിപൂർണ്ണൻ പരമദയാലു നീ
പരിഹൃതൻ പലതിനുമേ, താതാ
അലച്ചിലും കരച്ചിലുമൊഴിച്ച നിൻ
കരുണയെയനുദിനം സ്മരിക്കുന്നു ഞാൻ.