രചന : സുദേവ് ബി ✍

ആത്മാവുകൊണ്ടാത്മാവിലാ-
നന്ദമനുഭവിയ്ക്കുന്നു.
സുവ്യക്താത്മമതിൽമാത്രം
സദാ സന്തുഷ്ടി,സംതൃപ്തി.

ദ്രവ്യ, മന്ത്ര, ക്രിയാ, കാല
ശക്തികൾ സിദ്ധി നൽകിലും
പരമാത്മപദപ്രാപ്തി!
പൂകാനുപകരിയ്ക്കില്ല

മായാമയജഗത്തിലെ
സിദ്ധിയുംമായയാകുന്നു
ആത്മനിഷ്ഠനൊരിക്കലും
അനുഷ്ഠിപ്പീലമറ്റൊന്നും

സർവ്വേച്ഛയുമടങ്ങുമ്പോൾ
ആത്മലാഭമുദിക്കുന്നു
സിദ്ധിവാഞ്ഛാചിത്തമെത്താ
പരമാനന്ദരൂപത്തിൽ

ചിത്തം ചിത്തമാകിൽ ദുഖം,
സുഖമതുനശിക്കുകിൽ.
ചിത്തമില്ലാതാക്കുവാനായ്
തത്വബോധമിതേകുന്നു

സുഖദു:ഖക്കൊടുംങ്കാറ്റിൽ
സമചിത്തത ധീരത !
ചിത്തപർവ്വത മേൽക്കുന്നു
അൽപ്പനിശ്വാസവേഗങ്ങൾ

ചിത്തനാശംസംഭവിച്ച
മുക്തനിൽകണ്ടഭാവങ്ങൾ
വസന്തത്തിൻവിരിയും പൂ!
ശോഭയേകുന്ന സ്വപ്നങ്ങൾ

സരൂപചിത്തനാശത്തിൽ
ചിത്തംവറുത്തവിത്തുപോൽ
മുളയ്ക്കില്ലതൊരിക്കലും
പശിമാറ്റാനൊരൗഷധം

പ്രാരബ്ധങ്ങൾ ക്ഷയിപ്പിക്കാൻ
സഹായമേകുമെങ്കിലും
ജന്മവാസനയേകില്ല
വറുത്തചിത്തവൃത്തികൾ


ശുഭാശുഭചിന്തയെന്ന
ഇലകൾ സംസാരവല്ലിയിൽ,
ശരീരമല്ലയോ,രാമ
അതിൻവിത്ത്, മുളച്ചിടും

ഉണ്മയില്ലായ്മയെന്നുള്ള
അനുഭവം,ശരീരം, ദുഃഖം
അതിൻ വിത്ത് ചിത്തമാകുന്നു
അശയാലതു സമ്പുഷ്ടം

സങ്കൽപ്പലതകൾ ചുറ്റി
പിണയുംചിത്തവൃക്ഷത്തിൻ
വിത്തൊന്നു ദൃഢവാസന
രണ്ടോപ്രാണപരിസ്പന്ദം

പ്രാണസ്പന്ദന, വാസന
ചിത്തമായ്മുളപൊട്ടുന്നു
ചിത്തം ജാതമാകാതുള്ള
സത്യാവസ്ഥഭവാൻ! ബോധം
. ! .

സുദേവ് ബി

By ivayana