മാത്യുക്കുട്ടി ഈശോ✍
ന്യൂയോർക്ക്: പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഫോമാ ദ്വൈവാർഷിക സമ്മേളനം അടുത്ത ഒരു മാസത്തിനകം കാൻകൂണിൽ നടക്കാനിരിക്കെ അടുത്ത രണ്ടു വർഷം ഫൊമായെ ആര് നയിക്കും എന്ന കണക്കുകൂട്ടലുകൾ മത്സരരംഗത്തുള്ള ഇരു മുന്നണികളും നടത്തിക്കൊണ്ടിരിക്കുന്നു. മത്സരാർത്ഥികളുടെ നാമനിർദേശാ പത്രിക സമർപ്പിക്കുവാനുള്ള സമയം ജൂലൈ 24-ന് അവസാനിച്ചിരിക്കെ പ്രസിഡൻറ് സ്ഥാനാർഥി ജെയിംസ് ഇല്ലിക്കലിൻറെ നേതൃത്വത്തിലുള്ള “ഫോമാ ഫാമിലി ടീം” സ്ഥാനാർഥികൾ ആറു പേരുടെയും പത്രികകൾ എലെക്ഷൻ കമ്മീഷണർ സ്വീകരിച്ചതായി അറിയിപ്പ് ലഭിച്ചിരിക്കുകയാണ്. അമേരിക്കയിലും കാനഡയിലുമായി 12 റീജിയണിൽ നിന്നും 84 അംഗ സംഘടനകളാണ് ഫോമായ്ക്കുള്ളത്. അംഗ സംഘടനകൾക്ക് അവരുടെ പ്രതിനിധികളെ നിർദ്ദേശിക്കാനുള്ള അവസാന തീയതി കഴിയുമ്പോൾ 79 അംഗ സംഘടനകൾ മാത്രമേ പ്രതിനിധികളെ നിർദ്ദേശിച്ചിട്ടുള്ളു. നിശ്ചിത സമയ പരിധിക്കുള്ളിൽ പ്രധിനിധികളുടെ പേരുകൾ നിർദ്ദേശിക്കപ്പെട്ടവർക്കു മാത്രമേ സെപ്റ്റംബർ 3-ന് രാവിലെ നടക്കുന്ന ഇലക്ഷനിൽ വോട്ടവകാശം ഉണ്ടായിരിക്കുകയുള്ളൂ.
“സാധാരണ രാഷ്ട്രീയ ഇലക്ഷനിൽ പല രാഷ്ട്രീയ പാർട്ടികളും നടപ്പിലാക്കാൻ പോലും സാധ്യമല്ലാത്ത മോഹന വാഗ്ദാനങ്ങൾ നൽകി ഇലക്ഷൻ പ്രകടന പത്രികകൾ ഇറക്കാറുണ്ട്. എന്നാൽ തെരഞ്ഞെടുക്കപ്പെട്ടു കഴിഞ്ഞാൽ പലപ്പോഴും അവർ പ്രകടന പത്രികകളിലെ വാഗ്ദാനങ്ങൾ പാടേ മറന്നു പോകുന്നു. അതുപോലെ മോഹന വാഗ്ദാനങ്ങൾ നൽകി അംഗ സംഘടനകളെ വോട്ടിനു വേണ്ടി മാത്രം ആകർഷിക്കാൻ ‘ഫോമാ ഫാമിലി ടീം’ സ്ഥാനാർഥികൾ ആഗ്രഹിക്കുന്നില്ല. മോഹന വാക്കുകളേക്കാൾ ഉപരി പ്രായോഗികമായ പ്രവൃത്തികളിലൂടെ ഫോമായെ മുൻപോട്ടു നയിക്കണം എന്നാണ് ‘ഫാമിലി ടീമിൻറെ’ ആഗ്രഹം” – പ്രസിഡൻറ് സ്ഥാനാർഥി ജെയിംസ് ഇല്ലിക്കൻ പറഞ്ഞു.
“വിവിധ അമേരിക്കൻ സംസ്ഥാനങ്ങളിലും കാനഡയിലുമായി വ്യാപരിച്ചു കിടക്കുന്ന അംഗ സംഘടനകൾ ഉള്ള ഫോമാ പോലുള്ള ഒരു സംഘടനക്ക് ഏതെങ്കിലും ഒരു സംസ്‌ഥാനത്തു ആസ്ഥാന മന്ദിരം സ്ഥാപിച്ചാൽ അതിന്റെ ഉപയോഗം ആ സംസ്ഥാനത്തു ഉള്ളവർക്ക് മാത്രമായി ചുരുങ്ങിപ്പോകും എന്നതാണ് സാധാരണയായി കണ്ടുവരുന്നത്. ഓരോ രണ്ടു വർഷം കഴിയുമ്പോഴും പുതിയ ഭരണ ചുമതലക്കാർ വരുമ്പോൾ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്ക് പ്രസ്തുത ആസ്ഥാന മന്ദിരത്തിൽ ഒത്തു കൂടുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുകൾ ഉള്ളത് ആരും മനസ്സിലാക്കുന്നില്ല. ഏതെങ്കിലും ഒരു സംസ്ഥാനത്തോ പ്രദേശത്തോ പ്രവർത്തിക്കുന്ന ഒരു സംഘടനക്കാണെങ്കിൽ അത്തരം ഒരു ആസ്ഥാന മന്ദിരത്തിന്റെ ഉപയോഗം മനസ്സിലാക്കാവുന്നതാണ്. ആസ്ഥാന മന്ദിരം എന്ന മോഹന വാഗ്ദാനം നൽകി വോട്ടു പിടിയ്ക്കാൻ ‘ഫോമാ ഫാമിലി ടീമിന്’ ആഗ്രഹമില്ല. ഭാവിയിൽ ഫോമാ ഭാരവാഹികൾ ആസ്ഥാന മന്ദിരം ഉള്ള സംസ്ഥാനത്തിൽ നിന്ന് മാത്രമായി ഒതുങ്ങിപ്പോകാനുള്ള സാധ്യത ഏറെയാണ്. മറ്റു സംസ്ഥാനങ്ങളിലെ അംഗ സംഘടനയിൽ നിന്നുള്ളവർക്ക് മത്സര സാധ്യതയും കുറയും. ഫോമാ പോലുള്ള സംഘടനക്ക് ന്യൂയോർക്കോ വാഷിംഗ്‌ടൺ ഡി.സി. പോലുള്ള സ്ഥലത്തോ വലിയ തുക മുടക്കി ഒരു ആസ്ഥാന മന്ദിരം സ്ഥാപിച്ചാൽ ഫോമാ അംഗ സംഘടനകൾക്ക് എത്ര മാത്രം പ്രയോജനപ്പെടും എന്ന് ഓരോരുത്തരും ചിന്തിക്കേണ്ടതാണ്. അങ്ങനൊരു ആസ്ഥാന മന്ദിരം ഒരിടത്തു സ്ഥാപിച്ചാൽ ഡൽഹിയിലെ കേരള ഹൗസ് പോലെ അവിടെ പോകുന്നവർക്ക് ഒന്നോ രണ്ടോ ദിവസം താമസിക്കാൻ സൗകര്യം ലഭിച്ചേക്കും എന്ന് മാത്രമേ ഉള്ളു. അല്ലെങ്കിൽ നാട്ടിൽ നിന്ന് വരുന്ന ഏതെങ്കിലും അതിഥികൾക്ക് താമസിക്കാൻ ഉപകാരപ്പെട്ടെന്നു വരും. എന്നാൽ, രണ്ടു വർഷം കൂടുമ്പോൾ പുതുതായി വരുന്ന പ്രസിഡൻറ് ഏതു സംസ്ഥാനത്തു നിന്നാണോ അവിടെ ആ രണ്ടു വർഷത്തേക്ക് ഒരു ആസ്ഥാന മന്ദിരം വാടകക്ക് എടുത്താൽ അത് കൂടുതൽ പ്രയോജനപ്പെടും എന്നാണ് ഫാമിലി ടീമിന്റെ അഭിപ്രായം. ഭാവിയിൽ ആസ്ഥാന മന്ദിരം ഫോമായ്ക്കു ഒരു ബാധ്യത ആയിത്തീരും എന്നതാണ് വാസ്തവം.” – സംഘടനാ പാഠവം കൈമുതലായുള്ള ജനറൽ സെക്രട്ടറി സ്ഥാനാർഥി വിനോദ് കോണ്ടൂർ അഭിപ്രായപ്പെട്ടു.
സമൂഹത്തിനു പ്രയോജനപ്പെടുന്ന വിധം വിവിധ സാമൂഹിക പ്രതിബദ്ധതയുള്ള പ്രോഗ്രാമുകൾ ഫോമായിലൂടെ നടത്തുന്നതിന് മുൻതൂക്കം നൽകണമെന്നാണ് ട്രെഷറർ സ്ഥാനാർഥി ജോഫ്രിൻ ജോസിൻറെ താൽപ്പര്യം. ന്യൂയോർക്കിലെ വിവിധ സംഘടനകളുടെ സാരഥ്യം വഹിച്ചിട്ടുള്ള ജോഫ്രിൻ തന്റെ പ്രായോഗിക ജീവിതത്തിൽ നിന്ന് ലഭിച്ചിട്ടുള്ള ധാരാളം അനുഭവ സമ്പത്തിന്റെ ഉടമയാണ്.
“വണ്ടേഴ്‌സ് (WONDERS)” എന്ന ആപ്‌ത വാക്യത്തിന് മുൻ തൂക്കം നൽകി പ്രവത്തിക്കാനാണ് “ഫോമാ ഫാമിലി ടീമിന്റെ” ആഗ്രഹമെന്ന് വൈസ് പ്രസിഡണ്ട് സ്ഥാനാർഥി സിജിൽ പാലക്കലോടി പറഞ്ഞു. W-O-N-D-E-R-S – ൻറെ ഓരോ അക്ഷരങ്ങൾക്കും നൽകുന്ന പൂർണ രൂപവും സിജിൽ വിശദീകരിച്ചു. W എന്നാൽ Women Friendly; O എന്നാൽ Opportunity To Member Associations; N എന്നാൽ Network Is Net-worth; D എന്നാൽ Dynamic Governance; E എന്നാൽ Empower Youth; R എന്നാൽ Rapport With Family; S എന്നാൽ Selfless Service. ഈ പറഞ്ഞ കാര്യങ്ങളിലൂടെയും നിസ്വാർത്ഥ സേവനത്തിലൂടെയും വണ്ടേഴ്‌സ് (WONDERS) അഥവാ അത്ഭുതങ്ങൾ ഫോമായിൽ അടുത്ത രണ്ടു വർഷം കൊണ്ട് സൃഷ്ടിക്കണം എന്നാണ് “ഫാമിലി ടീം” ആഗ്രഹിക്കുന്നത്. നേതൃപാടവം കൈമുതലായുള്ള സിജിൽ പാലക്കലോടി വൈസ് പ്രസിഡൻറ് ആയി തെരഞ്ഞെടുക്കപ്പെടുമ്പോൾ ഇത്തരം അത്ഭുതങ്ങൾ സൃഷ്ടിച്ചു ഫോമായെ നയിക്കണം എന്നാണ് ആഗ്രഹിക്കുന്നത്.
ഫോമായിൽ ഇപ്പോൾ നിലവിലുള്ള “ഫോമാ ഹെല്പിങ് ഹാൻഡ്‌സ്” എന്ന സാമൂഹിക സേവന പ്രവർത്തന പ്രോജക്ടിന്റെ സെക്രട്ടറിയായി ചുക്കാൻ പിടിക്കാൻ അവസരം ലഭിച്ച ബിജു ചാക്കോ ഫോമാ ജോയിൻറ് സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്നതിന്റെ ഉദ്ദേശം തന്നെ ഹെൽപ്പിങ് ഹാൻഡ്‌സ് പ്രോജെക്ടിനെ കൂടുതൽ ഉന്നതങ്ങളിലേക്ക് എത്തിക്കണം എന്നതാണ്. ന്യൂയോർക്കിലെ സാമൂഹിക സേവന സംഘടനയായ ECHO പോലുള്ള സംഘടനയിലെ പ്രധാന ചുമതല വഹിക്കുന്ന ബിജു ചാക്കോയ്ക്ക് സാമൂഹിക സേവനം ഒരു ഹരമാണ്. സമൂഹത്തിലെ ആവശ്യക്കാർക്ക് പ്രയോജനപ്പെടുന്ന പ്രവർത്തനങ്ങളിലൂടെ ഫോമായെ ജനപ്രിയ സംഘടനായായി കൂടുതൽ ഉയരങ്ങളിലേക്ക് എത്തിക്കാനാണ് ബിജുവിന് ആഗ്രഹം.
ജോയിൻറ് ട്രെഷറർ സ്ഥാനാർഥി ബബ്ലൂ ചാക്കോ മലയാളീ സമൂഹത്തിൽ അറിയപ്പെടുന്ന ഒരു സംഘാടകനാണ്. വിവിധ സംഘടനകളിൽ ഔദ്യോഗിക സ്ഥാനങ്ങൾ അനായാസം കൈകാര്യം ചെയ്യുന്ന ബബ്ലൂ ഫോമായിലേക്കു ഒരു മുതൽക്കൂട്ടാണ്. ബബ്ലുവിന്റെ നിസ്വാർത്ഥ സേവന തല്പരതയും നേതൃപാടവുമാണ് “ഫോമാ ഫാമിലി ടീമിൽ” ചേർത്ത് ജോയിന്റ് ട്രെഷറർ സ്ഥാനത്തേക്ക് മത്സരിപ്പിക്കുവാൻ ടീം അംഗങ്ങൾ തീരുമാനിച്ചത്.
വിജയ സാധ്യതയും ഫോമാ പോലുള്ള സംഘടനയെ നയിക്കുവാൻ പ്രാപ്തിയുള്ളതുമായ സ്ഥാനാർഥികളെ ഒരുമിച്ച് ചേർത്തു നിർത്തി മത്സര രംഗത്ത് പ്രകടനം കാഴ്ച വെക്കുവാൻ സാധിക്കുന്നതാണ് ടീം ലീഡർ ജെയിംസ് ഇല്ലിക്കലിന് ആത്‌മവിശ്വാസം നൽകുന്നത്. എതിർ ടീമിൽനിന്നും ചിലരിലൂടെ അംഗ സംഘടനകളുടെ പ്രസിഡൻറ്മാർക്ക് ഭീഷണിയുടെ സ്വരമുള്ള സന്ദേശങ്ങൾ ലഭിക്കുന്നുണ്ടെങ്കിലും തങ്ങൾ ഫോമാ ഫാമിലി ടീമിനോടൊപ്പം തന്നെയാണ് എന്നുള്ള അവരുടെ വാഗ്ദാനങ്ങളാണ് തങ്ങളുടെ വിജയത്തിനുള്ള ശുഭ പ്രതീക്ഷ നൽകുന്നതെന്ന് ജെയിംസ് ഇല്ലിക്കൽ പ്രസ്താവിച്ചു.