രചന : ശ്രീകുമാർ എം പി✍

(കർക്കിടക വാവിന് അക്ഷരങ്ങൾ കൊണ്ടൊരു പിതൃതർപ്പണം)

ഇന്നലെവരെയെൻ
വഴികളിൽ പൂക്കൾ
വിതറി നൻമക-
ളേകിയോരെ
ഇന്നലെവരെയെൻ
കാവലായരികിൽ
കണ്ണിമ ചിമ്മാതെ
കാത്തവരെ
ഇന്നലെവരെയെൻ
ക്ഷേമങ്ങൾ തിരക്കി-
ക്കൊണ്ടെന്നോടു കൂടെ
നിന്നവരെ
ഇന്നലെവരെയെൻ
നാളെകൾക്കായി
ഈശ്വരനോടു
തൊഴുതവരെ
ഇന്നലെവരെയെൻ
ശിരസ്സിൽ കൈവച്ചു
അനുഗ്രഹമേകി
പോയവരെ
എന്തിനി ചെയ്യേണ്ടു
നിങ്ങൾക്കായിന്നു ഞാൻ
എങ്ങനെ നന്ദി
പറഞ്ഞിടേണ്ടു
തൃക്കൈകളാൽ നട്ടു
പോറ്റി വളർത്തിയ
പൂമരമൊന്നായി
മാറിയെങ്കിൽ
ഓർത്തിടാം നാളെ
യൊരിയ്ക്കലാരെങ്കിലും
നട്ടുവളർത്തിയാ
ഹസ്തങ്ങളെ.

ശ്രീകുമാർ എം പി

By ivayana