രചന : ചന്ദ്രൻ തലപ്പിള്ളി ✍
കുസുംഷലാലിന്റെ കവിതകൾ വായിക്കുന്ന ഏതൊരനുവാചകനും അനുഭവബോധ്യമാകുന്ന ഒരു സംഗതിയുണ്ട്. അത് അദ്ദേഹത്തിന് ഭാഷയിലുള്ള അപാര പാണ്ഡിത്യം തന്നെ. അക്ഷരങ്ങൾ അദ്ദേഹത്തിന്റെ കൈകളിൽ നടനമാടുകയാണ്. ആ നടനത്തിൽ സുന്ദരമായ ആംഗോപാഗ്യങ്ങൾ കാണാം. ശുദ്ധമദ്ദളത്തി ന്റെ കർണ്ണാനന്ദകരമായ മുഴക്കമുണ്ട്. ഇടയ്ക്ക് ഇടക്കയുടെ ശ്രുതിമധുര നാദം കേൾക്കാം. ചില സന്ദർഭങ്ങളിൽ, പലരെയും അസ്വസ്ഥരാ ക്കുന്ന ചെണ്ടയുടെ ഹൂങ്കാര താളവുമുണ്ട്.
ബലിപ്പകർച്ച എന്ന കാവ്യസമാഹാരത്തിലെ ആദ്യകവിത
:അമൃത ഭാഷ’ മാതൃഭാഷാവന്ദനം കൂടിയാകുന്നു. കവിതയുടെ ആദ്യവരികളിലൂടെ നമുക്കൊന്നു സഞ്ചരിക്കാം.
“അഴകിയോരമ്മമാരായിരമായിര-
മവരിലെന്നമ്മയെന്നമ്മ മാത്രം
ഈറ്റുനോവേറ്റുപെറ്റെ ന്നെയിന്നോളവും
പോറ്റി, ചരിത്രങ്ങളോ-
ർമ്മപ്പെടുത്തിയാ –
ദ്രാവിഡപ്പെൺകൊടി,
യേറെകറുത്തവളെങ്കി- ലുമെന്നിലെയൂർജ്ജ-
മായുണ്മയാ –
യിന്നും തുടിപ്പിതാ
നെഞ്ചു ഞരമ്പിലെ –
യക്ഷയ സ്രോതസ്സു
വാറ്റിയിറ്റിച്ചൊരാ
സ്വപ്നസുഗന്ധി –
യാമെന്റെ ഭാഷ.”
ഒറ്റശ്വാസത്തിൽ കവി പാടി നിറുത്തുന്നു. മാതൃഭാഷയെക്കുറിച്ച് വള്ളത്തോളിനെപ്പോലുള്ള അനവധി കവികളും ഗാനരചയിതാക്കളും എഴുതിയുട്ടുണ്ടെങ്കിലും ഇത്രകാര്യഗൗരവത്തോടെ, മനോഹരമായി, എഴുതിയിട്ടുള്ള വരികളൊന്നുംതന്നെ എന്റെ ശ്രദ്ധയിൽ പെട്ടിട്ടില്ല.
മേലെഴുതിയ ഒൻപതു വരികളിലൂടെ രാമായാണവും ദ്രാവിഡ രാജകുമാരിയും നടന്നു വരുന്നു. മാത്രമല്ല,താടകയെന്ന ആ കറുത്ത പെൺകുട്ടിയിൽനിന്നും ആവാഹിച്ചെടുത്ത ഊർജ്ജവും ഉണ്മയുമാണ് തന്റെ നെഞ്ചുഞരമ്പിലെ അക്ഷയ, അക്ഷര സ്രോതെസ്സന്നും കവി അസന്നിഗ്ദ്ധമായി പ്രഖ്യാപിക്കുന്നു.ഇവിടെകറുത്തനിറമുള്ള താടക
അവഗണിക്കപ്പെട്ട, അടിച്ചമർത്തപ്പെട്ട ഒരു സഞ്ചിതസംസ്കാരത്തിന്റെ, ഭാഷയുടെ പ്രതീകം കൂടിയാണ്.
ആ സംസ്കാരത്തിന്റെ പ്രതിനിധികൂടിയാണ് താനെന്ന് കവി പറയാതെ പറഞ്ഞു വെയ്ക്കുന്നു.
കവിത അവസാനിക്കുന്നത് ഇങ്ങനെയാണ്.
“തിടം ചേർത്ത തേൻകുംഭമാണെനി –
ക്കമ്മയുമാണെനിക്കെന്റെ ഭാഷ!
ഏട്ടെട്ടുഭാരം കനകം ചുരത്തും
സ്യമന്തകമാണെനി-
ക്കെന്റെ ഭാഷ!
സ്വപ്ന സുഗന്ധിയാം സംഗീത മൂറുന്ന
ലാവണ്യ പൂർണ്ണിമയെന്റെ ഭാഷ!!”
വ്യാഖ്യാനിച്ചു, വ്യാഖ്യാനിച്ചു മേലെഴുതിയ വരികളുടെ അനിതരസാധാരണമായ കാവ്യഭംഗി ഞാനായിട്ടുകളയുന്നില്ല.
കവിയുടെ കൈകളിൽ അക്ഷരങ്ങൾ നൃത്തം ചെയ്യുന്നത് നിങ്ങളും കണ്ടുവല്ലോ.ഒരു കവിക്ക് ഇതിൽപ്പരം എന്താണ് തന്റെ മാതൃഭാഷയ്ക്ക് സമർപ്പിക്കാനാവുക?