രചന : അശോകൻ പുത്തൂർ ✍
ഓർമ്മകളുടെ
നാല്പാമാരച്ചോട്ടിൽ
നമ്മുടെ കല്പനകൾക്ക് ഇളവേൽക്കാൻ
ഒരു ചെന്തെങ്ങ് നടുന്നു
മാർകഴിയിലെ
രാമഞ്ഞുപൂക്കും പാടങ്ങളിൽ
സ്നേഹത്തിൻ ഇളനീർവെള്ളരികൾ
മൊത്തിക്കുടിച്ചെത്തുമ്പോൾ
ചാമരംവീശും
തേങ്ങോലനിഴലിൽ ചായുറങ്ങാൻ
ചന്ദ്രനോട്
ഒരു നിലാവിന്നില കടംചോദിക്കണം
തണുത്തുറഞ്ഞുപോയ ആസക്തികൾ
പ്രജ്ഞയിൽനിന്ന്
പാദത്തിലെ പെരുവിരലിലെത്തും മുൻപേ
പ്രണയം തേവിനിറച്ച
നെഞ്ചകപ്പാടങ്ങളിൽ
വിളകൊയ്തുകേറും
മൊഴിപ്പിറാക്കൾക്ക് രാപ്പാർക്കാൻ
ഒരു മഞ്ഞുകാലവസതി മെടഞ്ഞൊരുക്കണം
പ്രിയനേ……..
നിലാവിൻ അഷ്ടഗന്ധത്താൽ
രാക്കുളിർ
ഉത്തമഗീതം നെയ്യുമീമെത്തയിൽ
പ്രണയത്തിൻ മുന്നൂർക്കുടമുടഞ്ഞ്
നമ്മളങ്ങനെ
പുരുഷാർഥങ്ങളിൽ നിറഞ്ഞു തൂവുമ്പോൾ
നിനക്കുനീരാടാൻ
കാച്ചെണ്ണയും താളിയും മഞ്ഞക്കുറിയുമായിതാ
എന്റെ ഉടലൊരു
ഉമ്മകളുടെ തടാകമാവുന്നു
അരയോളം നീറ്റിൽ
നീയതിൽ മുങ്ങിനിവരുക……..
മൺവിളക്കണയ്ക്കൂ
പ്രണയരാമഴയിൽ തീയായ്പൂക്കൂ
വെള്ളിടിയായ് പടരൂ…
ചുരമിറങ്ങിയ ജലപാതംപോൽ
വനസ്ഥലികളിൽ നീ തിരയുവതേതുപൂ.
ഇന്ന് പ്രണയത്തിന്നഷ്ടബന്ധം……..
രതിയിൽ ശിലായായ് ഉറയുംവരെ
നീയെന്നെ പുണർന്നുകൊണ്ടേയിരിക്കൂ………