രചന : മായ അനൂപ്✍
ബന്ധങ്ങളിൽ ഏറ്റവും ഉൽകൃഷ്‌ടമായതും എല്ലാ ബന്ധങ്ങളുടെയും ഉള്ളിൽ എന്നും നിറഞ്ഞു നിൽക്കേണ്ടതുമായ ഒരു വികാരമാണ് സൗഹൃദം. ഏതൊരു ബന്ധങ്ങളിലും പരസ്പരമുള്ള സൗഹൃദം മറഞ്ഞിരിക്കുന്നു എങ്കിൽ, ആ ബന്ധങ്ങൾ എക്കാലവും നില നിൽക്കും. പരസ്പരം എല്ലാം പറയാൻ കഴിയുന്ന, എല്ലാം മനസ്സിലാക്കാൻ കഴിയുന്ന, പരസ്പരം അംഗീകരിക്കാൻ കഴിയുന്ന ഒരു സൗഹൃദം ഉണ്ടായിരിക്കുക എന്നത് എത്ര മനോഹരമാണ്. എന്നാൽ അങ്ങനെയുള്ള സൗഹൃദം ആർക്കും മനപ്പൂർവം ഉണ്ടാക്കിയെടുക്കാൻ നോക്കിയാൽ, ഉണ്ടാക്കാൻ കഴിയുന്നതുമല്ല.
എന്നാൽ,അത് തനിയെ, സ്വാഭാവികമായി ഉണ്ടാകുന്ന സാഹചര്യങ്ങളാൽ ഉണ്ടാവേണ്ടതുമാണ്.ഒന്നിച്ചു വളർന്നു വന്ന അയൽവക്കത്തേ കൂട്ടുകാരെയോ, ഒന്നിച്ച് ഒരേ സ്ക്കൂളിൽ, ഒരേ ക്ലാസ്സിൽ, ഒരേ ബഞ്ചിലിരുന്ന് പഠിച്ചവരെയോ, ഒരുമിച്ച് ജോലി ചെയ്തവരേയൊ മാത്രമല്ല നമ്മൾ നമ്മുടെ സുഹൃത്തുക്കളായി കാണേണ്ടത്. അങ്ങനെയ്യുള്ളവരെല്ലാം തന്നെ,നമ്മുടെ സുഹൃത്തുക്കൾ ആയിക്കൊള്ളണമെന്നുമില്ല, മറിച്ച് ഏതൊരു ബന്ധത്തിലും നമുക്ക് സൗഹൃദം നിലനിർത്തേണ്ടതുണ്ട്. മാതാപിതാക്കളും മക്കളും തമ്മിലായാലും, സഹോദരങ്ങൾ തമ്മിലായാലും ഭാര്യാഭർത്താക്കന്മാർ തമ്മിലായാലും പരസ്പരം അംഗീകരിച്ചു കൊണ്ടുള്ള ഒരു സൗഹൃദപരമായ ബന്ധമാണ് ഉണ്ടാക്കിയെടുക്കേണ്ടത്…
കുട്ടികളുടെ മേൽ അധികാരമുള്ള മാതാപിതാക്കളോ അദ്ധ്യാപകരോ ആണെങ്കിൽ പോലും അവരോട് ആജ്ഞാപിക്കുന്നതിന് പകരം സ്നേഹപൂർവ്വം സൗഹൃദമനോഭാവത്തോടെ അവരോടൊന്ന് പെരുമാറി നോക്കൂ…അങ്ങനെ എങ്കിൽ, എന്ത് കാര്യമാണെങ്കിലും അവരിൽ നിന്നും നമുക്ക് സാധിച്ചെടുക്കാൻ കഴിയും..
കാരണം ഭരിക്കപ്പെടാൻ ആരും തന്നെ ഇഷ്ടപ്പെടുന്നില്ല എന്നുള്ളതാണ് സത്യം..
പ്രണയബന്ധങ്ങളിലും ഭാര്യാഭർതൃ ബന്ധങ്ങളിലുമെല്ലാം തന്നെ, രണ്ട് പേരും പരസ്പരം അംഗീകരിച്ചു കൊണ്ടുള്ള ഒരു സൗഹൃദം അവർക്കിടയിൽ നിലനിർത്താൻ സാധിക്കുന്നു എങ്കിൽ, അവരുടെ ആ ബന്ധം എന്നും ഊഷ്മളമായി തന്നെ
നിലനിർത്തുവാൻ കഴിയും. എന്നാൽ ഏത് ബന്ധങ്ങളിലായാലും, സ്വന്തം വില അവരേ ബോധ്യപ്പെടുത്താനും അവരുടെ സ്നേഹം സമ്പാദിക്കാനും വേണ്ടി, ഒരാൾ മറ്റൊരാളുടെ പുറകെ പോകുന്നുവെങ്കിലോ,
ആ ബന്ധം നില നിർത്താൻ വേണ്ടി അവർക്ക് അടിമപ്പെട്ട് സ്വന്തം വില കളയുന്നുവെങ്കിലോ…അങ്ങനെയുള്ള ബന്ധങ്ങളിലൊന്നും തന്നെ ആ ബന്ധം ശരിയായ രീതിയിൽനിലനിർത്തിക്കൊണ്ട് പോകുവാൻ കഴിയുന്നതുമല്ല. ഒരാൾക്ക് താൻ മറ്റേയാളുടെ മേലെ ആണെന്നുള്ള ചിന്ത വരുമ്പോഴും അവിടെ പ്രശ്നങ്ങൾ ഉണ്ടാകുവാൻ തുടങ്ങുന്നു. രണ്ട് പേരും പരസ്പരം അംഗീകരിക്കുകയും രണ്ടു പേരും സ്വന്തം വില മറ്റേയാളെ ബോധ്യപ്പെടുത്താൻ ശ്രെമിക്കാതെ തന്നെ, അവർ സ്വയമേ അതറിഞ്ഞ് അത് മനസ്സിലാക്കി പരസ്പരം പെരുമാറുകയും അംഗീകരിക്കുകയും ചെയ്യുന്നു എങ്കിൽ മാത്രമേ ഏതൊരു ബന്ധവും നില നിൽക്കൂ.
വിവാഹ ബന്ധങ്ങളിലും സൗഹൃദം എന്ന വികാരത്തിന് വളരെ പ്രധാനപ്പെട്ട സ്ഥാനമാണ് ഉള്ളത്. അതിനാൽ തന്നെയാവാം, പ്രണയിച്ചു വിവാഹം കഴിച്ച പലർക്കും വിവാഹശേഷം തങ്ങളുടെ പഴയ സ്നേഹബന്ധം നിലനിർത്തിക്കൊണ്ട് പോകാൻ കഴിയാതെ പോകുന്നത്. കാരണം, വിവാഹ ശേഷം വിവാഹത്തിന് മുൻപുണ്ടായിരുന്ന പരസ്പര ബഹുമാനവും സൗഹൃദവും മാറി അവിടെ അവകാശവും അധികാരവും വന്നു ചേരുന്നു. എന്നാൽ അതിന് മുൻപുണ്ടായിരുന്ന അതെ സൗഹൃദ മനോഭാവത്തോടെ പെരുമാറാൻ രണ്ടു പേർക്കും കഴിയുന്നുവെങ്കിൽ വിവാഹ ശേഷവും അവർക്ക് മുൻപുണ്ടായിരുന്ന ഊഷ്മളമായ സ്നേഹബന്ധം തന്നെ എന്നും നിലനിർത്തുവാൻ സാധിക്കും. അതിനാൽ തന്നെയാവാം,
എന്തിലും ഏതിലും കാമുകന്റെ മുന്നിൽ താഴ്ന്നു കൊടുക്കുവാൻ എന്നും ഇഷ്ടപ്പെടുന്ന ഒരു പ്രണയിനിയെ അല്ല, മറിച്ച് പരസ്പരം മനസ്സുകൾ അറിഞ്ഞു മനസ്സിലാക്കിയ പരസ്പരം അംഗീകരിക്കുവാൻ കഴിയുന്ന രണ്ട് ആൺപെൺ സുഹൃത്തുക്കൾ വേണം വിവാഹം കഴിക്കേണ്ടത് എന്ന് അറിവുള്ളവർ പറയുവാനും കാരണം. എന്തെന്നാൽ, വിവാഹത്തിന് മുൻപുണ്ടായിരുന്ന അവരുടെ ആ സൗഹൃദം എക്കാലത്തും നിലനിർത്താൻ ആ സുഹൃത്തുക്കൾക്ക് മുന്നോട്ടും കഴിയും എന്നുള്ളത് കൊണ്ട്.
നമ്മൾ ആരെയാണോ നമ്മുടെ സുഹൃത്തുക്കളായി കരുതുന്നത്,
അവർ തന്നെ ആകണമെന്നില്ലനമ്മുടെ യഥാർത്ഥ സുഹൃത്തുക്കൾ.
മറിച്ച്, ആരാണോ നമ്മുടെ കൂടെ എന്നും..
നമ്മുടെ സന്തോഷങ്ങളിൽ സന്തോഷത്തോടെ നമ്മുടെ കൂടെ
പങ്ക് ചേരാനും….
നമ്മുടെ ഏകാന്തമായ, വിരസമായ നിമിഷങ്ങളെ, തമാശകളാലും പൊട്ടിച്ചിരികളാലും മുഖരിതമാക്കാനും…
നമ്മുടെ ദുഃഖങ്ങളിൽ സഹായത്തിനും ആശ്വാസത്തിനുമായി നമ്മുടെ കൂടെ നിൽക്കുവാനും എന്നുമെന്നും നമ്മുടെ കൂടെയുണ്ടാകുന്നത്….
അവർ മാത്രമായിരിക്കും നമ്മുടെയഥാർത്ഥ സുഹൃത്തുക്കൾ.