രചന : പ്രകാശൻ വി ജെ ✍

“ഒന്നു പോന്നേടാ. കുറെ നാളായി അവന്റെയൊരു പൊന്നാടയും കൊണ്ടു നടക്കുന്നു !.” എന്റെ സുഹൃത്തെന്നെ എന്നും പോലെ ചീത്ത വിളിച്ചു. ഞാനാണെങ്കിൽ പൊന്നാടയണിയിക്കാൻ അർഹതപ്പെട്ടവനെ തേടി നടക്കാൻ തുടങ്ങിയിട്ട് ഒരുപാട് നാളായി !. എല്ലാവരും കളിയാക്കും. ഇവനും ഇവന്റെയൊരു പൊന്നാടയും. എടാ പൊട്ടാ, മിക്കവരും പൊന്നാടയും മറ്റും കിട്ടാനാണ് നടക്കുന്നത്. നീയെന്തേ തലതിരിഞ്ഞു പോയി !. എന്നാലും ഞാനെന്റെ വഴിയിൽ നിന്നും പിൻമാറായില്ല.

പക്ഷെ ഈ പൊന്നാടക്ക് അർഹതപ്പെട്ടവനെ കണ്ടെത്താൻ ഇതുവരെ സാധിച്ചിട്ടുമില്ല.
പൊന്നാട ചുളുങ്ങി തുടങ്ങി. ഈ പരിപാടി നിർത്തിയാലോ എന്ന് തോന്നിത്തുടങ്ങി. അങ്ങനെയിരിക്കെ ഒരു തണുത്ത വെളുപ്പാൻ കാലത്ത് നടക്കാനിറങ്ങിയപ്പോൾ ബസ് സ്റ്റാന്റിന്റെ കെട്ടിടത്തിനകത്തു നിന്നും ഒരു ഞെരക്കം. ഒരു വൃദ്ധൻ തറയിൽ തണുത്തു വിറങ്ങലിച്ചു ചുരുണ്ടു കിടക്കുന്നു. ഉള്ളൊരു പുതപ്പു കൊണ്ട് അടുത്തുള്ള എന്തിനെയോ പുതച്ചു വെച്ചിട്ടുണ്ട്. എനിക്കതിശയമായി !.

എന്തിനാണിയാൾ പുതക്കാതെ തണുപ്പിൽ ഞെരങ്ങുന്നു !. അടുത്തു ചെന്നു നോക്കി. പുതപ്പിനുള്ളിൽ അനക്കമുണ്ട്. മെല്ലെ പൊന്തിച്ചു, ഒരു പട്ടിക്കുട്ടി. നല്ല ഉറക്കമാണ്. ഞാനാ വൃദ്ധനെ നോക്കി. ആ മനുഷ്യൻ എന്നെ ഉണർത്തിയിരിക്കുന്നു. വീട്ടിലേക്ക് തിരിച്ചോടി കയ്യിലുണ്ടായിരുന്ന പൊന്നാട കൊണ്ടുവന്ന് അദ്ദേഹത്തെ പുതപ്പിച്ചു. ഒരു നേരിയ പുഞ്ചിരി ആ മുഖത്ത് ദർശിച്ചുവോ !. പൊന്നാടക്കുള്ള ആളെ കണ്ടെത്തിയതിലുള്ള സന്തോഷത്തോടെ പ്രഭാത സവാരിയും കഴിഞ്ഞു വീട്ടിലെത്തി.
പിറ്റേന്ന് പ്രഭാത സവാരിക്കിടെ അഭിമാനത്തോടെ ബസ് സ്റ്റോപ്പിലേക്ക് നോക്കി.

അതിശയപ്പെടുത്തിക്കൊണ്ട് ആ വൃദ്ധൻ വീണ്ടും തണുപ്പത്ത് !!. ഞാൻ കൊടുത്ത പൊന്നാടയെവിടെ. അടുത്തു കിടക്കുന്ന മറ്റൊരു പട്ടി എന്റെ പൊന്നാടക്കുളളിലൂടെ എന്നെ നോക്കി കളിയാക്കുന്നു. ഞാനാകെ വയ്യാതായും.


ആരിൽ നിന്നും ഒന്നും പ്രതീക്ഷിക്കാത്ത, സഹജീവികളെ തന്നേക്കാളുപരി സ്നേഹിക്കുന്ന ഈ മനുഷ്യൻ പൊന്നാടകളിലല്ല കാര്യമെന്ന് പറയാതെ പഠിപ്പിച്ചിരിക്കുന്നു. ഇങ്ങനെയും മനുഷ്യരോ !. മനസാ നമസ്കരിച്ച് തെറ്റു മനസ്സിലാക്കി മറ്റൊരു പുതിയ വഴിയിലൂടെ ഞാൻ നടന്നു നീങ്ങി.

By ivayana