രചന : അഡ്വ. അജ്‌മൽ റഹ്‌മാൻ ✍
വട്ടോളി
മൂസാക്ക
മജീഷ്യനാണ്….
വായുവിൽ നിന്നൊരിക്കലയാൾ
രണ്ട് ആപ്പിളെടുത്ത്
സ്‌കൂൾ പടിക്കല്
തെണ്ടാനിരിക്കുന്ന
പ്രാന്തൻ പോക്കർക്ക്
സമ്മാനിച്ചു…..
കടലാസ്സ് കൊണ്ടയാൾ
നൂറിന്റെയും,
അഞ്ഞൂറിന്റെയും
നോട്ടുകളുണ്ടാക്കി,
തൊപ്പിക്കുള്ളിൽ നിന്ന്
ജീവനുള്ള പ്രാവുകളെ
പറത്തിവിട്ടു…..
വലുതാകുമ്പോൾ
വട്ടോളി മൂസാക്കയെപോലെ
ഒരു മജീഷ്യനാവണമെന്ന്
അന്നാട്ടിലെ കുട്ടികൾ
കനവ് കണ്ടു…..
നിറഞ്ഞ സദസുകളിൽ നിന്ന്
കയ്യടികൾ ഉയരുന്നതും,
മൂർച്ചയുള്ള വാളുകൾ
കുത്തിയിറക്കിയിട്ടും
ജീവനോടെയാളുകൾ
പെട്ടിക്കുളിൽ നിന്നും
ഉയർത്തെണീക്കുന്നതുമെല്ലാം
അവരെ ആവേശം കൊള്ളിച്ചു……
മൂസാക്കക്ക്
മകൾ മാത്രമാണെല്ലാം…
മിന്നുവിന്
കൈകൂലികൾ നൽകി
വാപ്പാന്റെ മാജിക്
തന്ത്രങ്ങൾ ചോർത്തിയെടുക്കാൻ
സ്‌കൂളിൽ പ്രത്യേക സംഘങ്ങൾ
പ്രവർത്തിച്ച് പോന്നിരുന്നു !
വായുവിൽ നിന്ന്
സ്നേഹമെടുക്കുന്ന
വാപ്പയുടെ മാജിക്ക് മാത്രം
മിന്നുവിന്
കാണാപാഠം ആയിരുന്നു…..
അതിനാരും
മജീഷ്യന്മാർ
ആവേണ്ടകാര്യമില്ലല്ലോ…..
സ്നേഹമറിഞ്ഞാൽ മതി
അളന്നാൽ മതി…..
ഒരിക്കൽ ഒരുനാൾ
ദീനം വന്ന്
ആശുപത്രിയിലായ
മിന്നുവിനടുത്തേക്ക്
നിറഞ്ഞ സദസ്സ് വിട്ട്
മൂസാക്ക ഓടിവന്നു…..
അയാളുടെ
വലിയ സ്വർണ്ണപ്പിടിയുള്ള
വടിയിലേക്കും
നീണ്ട് തൂങ്ങിയ
തൊപ്പിയിലേക്കും
കണ്ണ് പായിച്ച്
മിന്നു നീട്ടിയൊരു
ശ്വാസമെടുത്തു…..
മൂസാക്ക
വായുവിലേക്ക്
വാടിയെറിഞ്
ജീവനുള്ള പ്രാവിനെ
കാണികൾക്കിടയിലേക്ക്
പറത്തിവിടുന്നത്,
ജീവനുള്ള
മുയലുകളെ
അയാളുടെ നീണ്ട് തൂങ്ങിയ
തൊപ്പിക്കുളിൽ നിന്ന്
പുറത്തെടുക്കുന്നത്
കൂടി നിന്നവരെല്ലാം
ഒരു നിമിഷമോർത്തു…..
മന്ത്രം ചൊല്ലാതെ
വടിയെറിയാതെ
നീണ്ട് തൂങ്ങിയ
തൊപ്പി തൊടാതെ
മൂസാക്ക അവളുടെ
കണ്ണുകളിൽ ഉമ്മവെച്ചു……
ജീവനുള്ള
പ്രാവുകളന്നേരം
അവളുടെ കണ്ണുകളിൽ
തെളിയുന്നത്
മൂസാക്ക കണ്ടു…..
നിറഞ്ഞ സദസ്സിന്റെ കയ്യടികൾ
ഉയരുന്നതും
നിലം തൊടാതെ
അയാൾ ഉയർന്ന്
പൊങ്ങുന്നതും
മൂസാക്കയറിഞ്ഞു…….
വട്ടോളി
മൂസാക്ക
ഒരു നല്ല മജീഷ്യനായിയുന്നു…..!!