രചന : യഹിയാ മുഹമ്മദ്✍

ഒരുതയ്യൽക്കാരൻ
തൻ്റെസൂചിക്കുഴിയിലൂടെ നൂലു കോർക്കുന്ന പോലെ
സുഖമമാവണമെന്നില്ല
മുടിക്കാടുകൾ ചികഞ്ഞ് ചികഞ്ഞ്
പേനിറുക്കുന്നത്
ഒരോ മുടിയിഴയും എത്ര സൂക്ഷമതയോടെയാവും
അപ്പോളവർവകഞ്ഞു മാറ്റുന്നത്
കരിപുരണ്ട അടുക്കളയിലെ
വേവു കലത്തിന്
മഴ കൊണ്ട് നനഞ്ഞ വിറകുകമ്പുകളെ
ഊതിയൂതി
കത്തിച്ചെടുക്കുന്ന ക്ഷമയെ
സ്വായത്തമാക്കണം.
ഇരട്ടക്കുഴൽ തോക്ക് കൊണ്ട്
കാട്ടുപന്നിയെ നായാടിപ്പിടിക്കുന്നപോലെ എളുപ്പമാവണമെന്നില്ല.
പേനിനെ കൊല്ലുന്നത്.
രണ്ട് തള്ളവിരലുകൾക്കിടയിൽ വെച്ച്
ഇറുക്കി ഇറുക്കിക്കെല്ലുന്നതിൻ്റെ
സൂക്ഷമത നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ?
രണ്ടിടങ്ങളിലെ രണ്ട് തരം മലകളെ എ
ത്ര ജാഗ്രതയോടെയാണവർ
വിരലുകളിലേക്ക് പറിച്ചു നടുന്നത്!
വരാന്തയിൽ നിന്ന്
അടുക്കളയിലേക്ക് ഇടക്കിടക്ക് പാളി എത്തുന്ന
പത്തു മണി വെയിലിൻ്റെ
രൂക്ഷനോട്ടത്തിൽ
ഒരു ചെറു
അനക്കം പോലുമില്ലാതെ,
ജഗ്രതയിൽ, അതിലേറെ ഏകാഗ്രതയിൽ
അതിർത്തിയിലെ പട്ടാളക്കാരനെപ്പോലെ
അവൾ പരിശീലിച്ചതാണീ
സൂക്ഷമത.
പേനെടുക്കുന്നതിൻ്റെ
ചില കണക്കുകൂട്ടലുകൾ
എങ്ങനെയെന്നാണോ
ചട്ടിയിലെ അവസാനത്തെ വറ്റും
ആൺപിറന്നോർക്ക് വിളമ്പിക്കൊടുത്ത്
തിരിച്ചു വരുന്ന എച്ചിലുകളെ
തൻ്റെ വയറുമായി സമപ്പെടുത്തി പഠിച്ചെടുക്കുന്നു.
അടക്കിപ്പിടിച്ചതൊക്കൊ
വെന്തു തൂവിയ ചോറു പോലെ
പുറത്തു വരുന്ന ഒരു നിമിഷമുണ്ട്
മടിയിൽ കിടത്തി അവർ പേനെടുക്കുമ്പോൾ
ചെറുതായെങ്കിലുമെന്ന്
തല വലിച്ചാൽ മതി.
പൊട്ടിയൊലിക്കുന്ന ലാവ പോലെയവളപ്പോൾ
തിളച്ചുമറിയും
പൊട്ടിത്തെറിക്കും.

യഹിയാ മുഹമ്മദ്

By ivayana