രചന : തോമസ് കാവാലം ✍

അന്തരീക്ഷം ശാന്തമായിരുന്നു. പമ്പ എന്നത്തേതിലും കൂടുതൽ ഉത്സാഹവതിയായി കാണപ്പെട്ടു.പമ്പ അല്ലെങ്കിലും അങ്ങനെയാണ്. അവളുടെ ചെറിയ ചെറിയ അലകളിൽ സ്നേഹം ഒളിപ്പിച്ചു വെയ്ക്കും. കാറ്റടിക്കണം അവളൊന്നനങ്ങാൻ. കിഴക്കൻ വെള്ളം അവളെ ചുവപ്പിക്കും. അപ്പോൾ അവൾ റൗദ്രയായേക്കാം. അത് അവളുടെ കുറ്റമല്ലല്ലോ.ആ സമയങ്ങളിൽ അവൾ ഭയപ്പെടുത്തിയേക്കാം. എങ്കിലും അവൾ പെട്ടെന്ന് ശാന്തയാകുന്നു. അമ്മയെപ്പോലെ. അതോ അച്ഛനെപ്പോലെയോ?. വീണ്ടും വീണ്ടും സ്നേഹം പതച്ച് തലോടും.രുദ്രഭാവം വിടാതെയും തലോടലോ?


അങ്ങകലെ ആകാശത്ത് മഴവില്ല് അത്രതെളിമയില്ലാതെ ഉദിച്ചുനിന്നു. ഇത്ര സുന്ദരമായ ഒരു സായംകാലം ഇതിനു മുൻപ് കണ്ടിട്ടില്ലെന്നു ഗോപാലപിള്ളയ്ക്കു തോന്നി. അയാൾ തന്റെ കൊച്ചുവള്ളം കരയിലേക്കടുപ്പിച്ചു. അതിൽ ഏകദേശം പത്തുകിലയോളം കപ്പയും കുറേ പച്ചക്കറിയും മാത്രമേ അവശേഷിച്ചിരുന്നുള്ളു. അതുകൂടി ആരെങ്കിലും വാങ്ങിയിരുന്നെങ്കിലെന്നു അയാൾ ആശിച്ചുപോയി.അല്ലെങ്കിൽ അത് ചുമന്നു വീട്ടിൽ കൊണ്ടിടണം.വീണ്ടും ചുമന്നു കയറ്റുകയും വേണം പിറ്റേന്ന്.


ജീവിതം ഒരു വഞ്ചിപോലെയാണെന്ന് അയാൾക്ക് തോന്നി. ചിലർ അത് ഒറ്റയ്ക്ക് തുഴയണം. മറ്റു ചിലർക്ക് തുഴയാൻ കൂടെ വളരെയധികം പേരുണ്ടാകും. കുറഞ്ഞത് ഭാര്യയെങ്കിലും. തുഴഞ്ഞു തുഴഞ്ഞ് അവസാനം വഞ്ചി തന്നെ മഞ്ചലാകും. അറുപത്താറു വർഷമായി താൻ ഈ തുഴച്ചിൽ തുടങ്ങിയിട്ടെന്നോർത്തപ്പോൾ അയാൾക്ക്‌ അതിശയവും ദുഃഖവും തോന്നി.


പെട്ടെന്ന് അന്തരീക്ഷം മാറി. ഒരു വൻ കാറ്റ്‌ വള്ളത്തെ പിടിച്ചുലച്ചു.അങ്ങകലെ വേമ്പനാട്ടു കായൽ ഒരു ഭീകരനെപ്പോൽ തിരകളാകുന്ന ആയിരം കൈകൾ ഉയർത്തി അലറി.മഴ കനത്തു. ഗോപാലപിള്ള ആകെ ഉലഞ്ഞു പോയി. എങ്കിലും പിടിച്ചു നിന്നു.
ഗോപാലപിള്ളയ്ക്കു മക്കൾ രണ്ടായിരുന്നു. കൊച്ചനിയൻ പിള്ളയും കൃഷ്ണപിള്ളയും. കൊച്ചനിയന് അഞ്ചു വയസ്സുള്ളപ്പോൾ അമ്മ ഭാനുമതിയമ്മ മരിച്ചുപോയി. എന്തോ പേരറിയാത്ത ദീനമായിരുന്നു. കൃഷ്ണപിള്ളയ്ക്കു അന്ന് വയസ്സ് ഏഴ്. രണ്ടാം ക്ലാസ്സിലേക്ക് കേറിയതേയുള്ളൂ അമ്മ മരിക്കുമ്പോൾ.


അന്ന് ഒരു ദിവസം മഴ തിമിർത്തു പെയ്തുകൊണ്ടിരിക്കുമ്പോൾ ഗോപാലപിള്ള സ്ഥലത്തെ നാട്ടുവൈദ്യന്റെ വീട്ടിൽ ചെന്ന് എന്തൊക്കെയോ വിവരങ്ങൾ പറഞ്ഞതും വൈദ്യൻ എന്തൊക്കെയോ മരുന്നുകൾ കൊടുത്തതും നാട്ടുകാർക്കറിയാം. പിന്നെ ആ പറമ്പിന്റെ ഒരറ്റത്ത് ചിത ഉയരുന്നതാണ് അവർ കണ്ടത് . അതോടെ ഗോപാലപിള്ളയുടെ കഷ്ടകാലവും തുടങ്ങി.


ഗോപാലപിള്ളയ്ക്കു കച്ചവടമായിരുന്നു തൊഴിൽ.ഒരു കൊച്ചുവള്ളത്തിലായിരുന്നു കച്ചവടം. പച്ചക്കറികളും കപ്പയും ചങ്ങനാശേരിചന്തയിൽ അതേ കൊച്ചുവള്ളത്തിൽ പോയി എടുത്ത് കൊണ്ടുവന്നു കൊച്ചു കൈത്തോടുക്കൾ വഴി തുഴഞ്ഞു പോയി വിൽക്കുക. അങ്ങനെ ഒരുമാതിരി കുടുംബം പച്ചപിടിച്ചു വന്ന സമയത്താണ് ഭാനുമതിയമ്മ മരിച്ചത്.പിന്നെ കച്ചവടം നന്നായി കൊണ്ടുനടക്കാൻ പറ്റാതായി.വീട്ടിൽ പട്ടിണിയും പരിവട്ടവും കൂടി. മക്കളെ നോക്കാൻ വേറേ ആരും ഇല്ലാതിരുന്നതിനാൽ കച്ചവടം വീട്ടുമുറ്റത്തായി ഒതുങ്ങി.അങ്ങിനെ ഇരുപതു വർഷം.ഇന്നു കൊച്ചനിയന് വയസ്സ് ഇരുപത്തിയഞ്ച് .


കപ്പ തലച്ചുമടായി തന്റെ ഓല മേഞ്ഞവീട്ടിലേക്കെടുക്കുകയായിരുന്നു ഗോപാലപിള്ള. ഉടൻ കൊച്ചനിയൻ സഹായത്തിനെത്തി സാധനങ്ങൾ ഏറ്റെടുത്തു.
“എടാ, നിനക്കു മെമ്മോ വന്നോ”
“വന്നച്ഛാ”കൊച്ചനുജൻ ആവേശത്തോടെ പറഞ്ഞു.
“എപ്പോഴാ ജോയിൻ ചെയ്യേണ്ടത്?”
“അതിന് പതിനഞ്ചു ദിവസം സമയം ഉണ്ട്”
“എവിടെയാ പോസ്റ്റിങ്ങ്‌?”
“കണ്ണൂരിൽ”.
ഗോപാലപിള്ള വളരെ ജിജ്ഞാസയോടെ തിരക്കി. കൊച്ചനിയന് സർക്കാർ ജോലി കിട്ടിയിരിക്കുന്നു. വളരെക്കാലത്തെ ഗോപാലപിള്ളയുടെ ആഗ്രഹമായിരുന്നു അത്. എസ് ഐ ആയിട്ട് സെലെക്ഷൻ കിട്ടി.


“എന്നാ നീ പോകുന്നെ?”
“ആദ്യം പോകുന്നത് ട്രെയിനിങ്ങിനാണ്. അതിന് തിങ്കളാഴ്ച പോകണം.അതുകഴിഞ്ഞാണ് ജോലിക്കു കയറുക.”
കൊച്ചനിയൻ പിന്നെ അതിന്റെ തിരക്കിലായിരുന്നു.മുടിയൊക്കെ വെട്ടിയൊതുക്കി. പുതിയ വസ്ത്രസങ്ങളെടുത്തു. പഴയ ചെരുപ്പുകൾ പുറത്തിടാൻ പറ്റാത്തതായിരുന്നു. അതുകൊണ്ട് ഒരുജോഡി ഷൂസ്സെടുത്തു.ഒരു സൂട്ട്കേസ്‌ വാങ്ങി വേണ്ട സാധനങ്ങളൊക്കെ അതിൽ കൊള്ളിച്ചു.അങ്ങനെ കാത്തിരുന്ന തിങ്കളാഴ്ച വന്നു. കൊച്ചനിയൻ യാത്രാതിരിച്ചു.


വീട്ടിൽ കൃഷ്ണപിള്ളയും അച്ഛനും മാത്രമായി. കൃഷ്ണപിള്ളയ്ക്കു വീട്ടിലിരിക്കാൻ നേരമില്ല രാഷ്ട്രീയ പ്രവർത്തനം തലയ്ക്കുപിടിച്ചു നടന്നു. വീട്ടിൽ വന്നെങ്കിൽ വന്നു. ഇല്ലെങ്കിൽ പാർട്ടി ഓഫീസ്. ഭക്ഷണം വല്ല ഹോട്ടലിലോ മറ്റു പ്രവർത്തകരുടെ വീട്ടിലോ ഒക്കെയായി അങ്ങു നടന്നു.ഗോപാലപിള്ളയാണ് കഷ്ടപ്പെട്ടത്. വീട്ടിലെ പണിയും പച്ചക്കറിവില്പനയും ഒക്കെയായി ജീവിതം അപ്പോഴും ഒരു പ്രശ്നമായി അങ്ങനെ നിന്നു.
സമയം അങ്ങനെ കടന്നുപോകവേ കൊച്ചനിയന് കോട്ടയത്ത് പോസ്റ്റിങ്ങ്‌ ആയി.എല്ലാവരും സന്തോഷിച്ചു. വീട്ടിൽ നിന്നും അധികം ദൂരമില്ലല്ലോ.
കൊച്ചനിയൻ ആദ്യശമ്പളം കിട്ടിയപ്പോൾ അച്ഛനും ചേട്ടനും പുതിയ വസ്ത്രങ്ങൾ വാങ്ങി ഓരോജോഡി ഷർട്ടും മുണ്ടും.പിന്നെ നാട്ടിൽ എല്ലാവർക്കും മധുരവും.


അങ്ങിനെ പച്ചക്കറിക്കാരൻ ഗോപാലപിള്ളയുടെ ജീവിതം പച്ചപ്പിടിക്കാൻ തുടങ്ങി.
അന്നൊരു വെള്ളിയാഴ്ചയായിരുന്നു. കൊച്ചനിയന് പെട്ടെന്നാണ് അന്ന് കോട്ടയം കളക്ടറേറ്റിൽ ഡ്യൂട്ടി കിട്ടിയത്. പ്രതിപക്ഷപാർട്ടിയുടെ പിക്കറ്റിങ്. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടു അവർ കളക്ടറേറ്റ് വളഞ്ഞു. വലിയൊരു ജനാവലി അവിടെഎത്തിയിട്ടുണ്ട്. പോലീസ് വളരെ കുറവായിരുന്നു. ഏകദേശം അൻപതുപേർ . ജനക്കൂട്ടം ഏതാണ്ട് അഞ്ഞൂറുപേരും. കൊച്ചനിയന്റെ ഉള്ളൊന്നു കിടുകിടുത്തു. എന്തും സംഭവിക്കാം. ജനം അക്രമത്തിലേക്കും ഹിംസയിലേക്കും പോയാൽ തന്നെക്കൊണ്ട് അതിന് കടിഞ്ഞാണിടുക സാധ്യമല്ലെന്നു കൊച്ചനിയന് തോന്നി.

കണ്ണീർ വാതകം തയ്യാറായിട്ടുണ്ട്. പിന്നെ ലാത്തി വീശുക. ആ ധൈര്യത്തിൽ കൊച്ചനിയൻ നിലയുറപ്പിച്ചു.സമയം ഏതാണ്ട് ആറുമണിയോടടുത്തു. ജനക്കൂട്ടം പെട്ടെന്ന് പോലീസിന് നേരേ കല്ലെറിഞ്ഞു. അരിശം കൊണ്ട പോലീസ് ലാത്തിവീശി. പക്ഷെ ഒരുവശത്തുക്കൂടി ഓടിയവർ മറുവശത്തുക്കൂടി വീണ്ടും വന്ന് കളക്ടറേറ്റിനുള്ളിലേയ്ക്ക് ഇരച്ചു കയറാൻ നോക്കി. ആരോ കളക്ടറേറ്റിന്റെ വാതിൽക്കൽ നിർത്തിയിട്ടിരുന്ന പോലീസ് വാഹനത്തിനു തീവെയ്ച്ചു.പക്ഷെ,ഫയർ എൻജിൻ സ്ഥലത്തുണ്ടായിരുന്നതുകൊണ്ട് തീ പടർന്നില്ല,അല്പം വൈകിപ്പോയിയെങ്കിലും.കൊച്ചനിയൻ അടുത്തുതന്നെ നിന്ന് ഇതെല്ലാം കണ്ട് നേതൃത്വം കൊടുത്തുകൊണ്ടിരുന്നു. അപ്പോഴാണ് അയാൾ ആ കാഴ്ച കണ്ടത്.

കൃഷ്ണപിള്ള കളക്ടറേറ്റിന്റെ ഒരു ജനാലവഴി അകത്തേയ്ക്കു കടക്കുന്നു.അയാളുടെ കൈയിൽ ഒരു തീപ്പന്തം ഉണ്ടായിരുന്നു. ഒരു നിമിഷം കൊച്ചനിയൻ ആലോചിച്ചു. കൈ അരക്കെട്ടിൽ ഒന്നു പരതി. പിന്നെ ഒന്നാലോചിച്ചു.അയാൾ അകത്തു കടന്നാൽ പിന്നെ ഒന്നിനും നിയന്ത്രണമുണ്ടാവില്ല.അയാളുടെ മനസ്സിലേയ്ക്ക് വന്നത് ഒരു ഇംഗ്ലീഷ് ചൊല്ലണ്. ഹൈസ്കൂളിൽ തന്റെ ഇംഗ്ലീഷ് അധ്യാപകൻ പഠിപ്പിച്ചത്. ‘Blood is thicker than water.’പക്ഷെ, അയാൾക്ക് സ്വന്തം രക്തത്തെ മറക്കേണ്ട സമയമാണെന്ന് തോന്നി.സ്വന്തം സഹോദരൻ അവിടെ അക്രമിയായി തന്റെ ഔദ്യോഗിക ഉത്തവാദിത്തത്തിനു തടസ്സം നിൽക്കുന്നു എന്നു മാത്രമല്ല വലിയൊരു ദുരന്തത്തിനു കാരണഭൂതനാകുന്നു. പിന്നെ തന്റെ അച്ഛൻ തന്ന ഉപദേശവും അയാൾ ഓർത്തു:
“മോനേ, എനിക്കും നാടിനും നീ അഭിമാനമായിരിക്കണം”.
കൊച്ചനിയൻ മൊബൈൽ ഫോണെടുത്തു ആരോടോ സംസാരിച്ചു. പിന്നെ അമാന്തിച്ചില്ല.


പെട്ടെന്ന് കൊച്ചനിയൻ പിസ്റ്റോൾ വലിച്ചെടുത്തു. മുകളിലേയ്ക്കു മൂന്നു വെടിവെച്ചു. അതിൽ ഒരെണ്ണം സ്വന്തം സഹോദരന്റെ നെഞ്ചിൽ തറച്ചു. വെടി കൊണ്ട ഒരു പക്ഷിയെപ്പോലെ കൃഷ്ണപിള്ള താഴേയ്ക്കു പതിച്ചു. അതോടെ ജനം നാലുപാടും ചിതറിയോടി.
ആംബുലൻസ് ഉടൻ കൃഷ്ണപിള്ളയെയും കൊണ്ടു മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പാഞ്ഞു. കൊച്ചനിയൻ പുറകേയും. പക്ഷെ, ആ ജീവൻ രക്ഷിക്കാനായില്ല.


സ്വന്തം ജേഷ്ഠന്റെ ശവം പാർട്ടി പതാക പുതച്ചു കിടക്കുമ്പോൾ കൊച്ചനിയൻ അച്ഛന്റെ മുഖത്തേയ്ക്ക് ഒന്നു നോക്കി. ആ മുഖത്ത് അല്പം പരിഭ്രമവും കുറ്റബോധവും ഉള്ളതുപോലെ കൊച്ചനിയനു തോന്നിച്ചു.പക്ഷെ,ഗോപാലപിള്ള അടുത്തു നിന്ന അയൽക്കാരനോട് പറയുന്നതു അയാൾ കേട്ടു :
“കൊച്ചനിയൻ എന്റെ അഭിമാനം രക്ഷിച്ചു.”
അപ്പോഴും പമ്പ ഒഴുകിക്കൊണ്ടേയിരുന്നു, അവളുടെ മുഖം അല്പം ചുവന്നിരുന്നു.

തോമസ് കാവാലം

By ivayana