രചന : കല ഭാസ്‌കർ ✍

ജീവിച്ചു മരിച്ചവർക്കും
മരിച്ചു ജീവിക്കുന്നവർക്കും
ജീവിച്ചിരിക്കെ മരിച്ചെന്ന
പോലെ ഭാവിച്ചവർക്കും ….
തീർച്ചയാണ് ,
ഓർമ്മകൾ കൊണ്ടാഘോഷിക്കാവുന്ന
ഉത്സവങ്ങളേയുണ്ടാവൂ !
പല നിറങ്ങളിൽ
പൂക്കളായത് വട്ടംചുറ്റും
ബാല്യം കളം നിറഞ്ഞോണമാവും.
ഇരുട്ടിന്റെ എല്ലാ പൊത്തിലും
മുനിഞ്ഞു കത്തിക്കയറി
പീന്നെ തീ പിടിച്ചു തീർന്ന
കൗമാരമൊരു
ദീപാവലിക്കാലമാവും.
പൂജക്ക് വെച്ചതിൽ നിന്ന്
എന്നെ മാത്രമെന്തേയെടുത്തില്ല
എന്ന് പരിഭവിക്കും
പ്രണയ കാലങ്ങൾ !
എത്ര ഐശ്വര്യത്തോടെ
ഏതു ഭാഷയിൽ
ഹരിശ്രീ കുറിച്ചാലും
മംഗളം എഴുതുമ്പോഴേക്കും
എത്രയാണക്ഷരത്തെറ്റുകൾ
എന്നമ്പരന്നവസാനിക്കുന്ന,
നാണക്കേടുകളുടെ
മറവിയും മരണവുമില്ലാത്ത
നവരാത്രിക്കാലമാവും
യൗവനം .
തുടുത്തും ചെമന്നു ചുണ്ടു ചോപ്പിച്ചും
കരിയെഴുതിയ കണ്ണുനീട്ടിയും
ചിരിച്ച് മോഹിപ്പിച്ച
ആതിരരാവുകൾക്ക് പിന്നാലെ
നീ , ഞാൻ ,നമ്മളെന്ന
ഊഞ്ഞാലാട്ടത്തിൽ നിന്നും
പതിയെ ഞാനെന്ന്
ഇടറിയിറങ്ങിയോടിയ
ഏക്താരയുടെ ചിലമ്പിച്ചൊ –
രീണമാവും, തരളശ്രുതിയാവും
വെളിപാടുകളുടെ മധ്യാഹ്‌നത്തിൽ
ഏതെങ്കിലും ഒരോർമ്മ.
തിളക്കുന്ന വെയിലുരുക്കി
മേട സൂര്യനൊരുക്കും
പൊന്നും പൂവും.
നിന്റെ ചിരിയേ പൊൻകണി –
യെന്നത് കരയുന്ന കണ്ണുപൊത്തും.
കാത്തുകാത്തിരുന്നു
കൺതുറക്കുമ്പോൾ
വലം കൈയ്യിൽ
വന്നു വീണതെല്ലാം
മറ്റാർക്കും
കൊടുത്തൊഴിയാനാവാത്ത
ഓർമ്മകളുടെ കൈനീട്ടങ്ങളാവും.
ഇരുന്നു തുരുമ്പിക്കാതെ
കൂട്ടിയിട്ട് കത്തിച്ചാൽ
കമ്പിത്തിരി, മത്താപ്പ് -പൂച്ചക്രം
പോലത് വെളിച്ചം വിതറി
തനിയെ ചിതറിത്തീരും.
ഒടുക്കം
ഒരു കുഞ്ഞിക്കലശത്തിലെടുക്കാവുന്ന
ചാരവും കരിക്കട്ടകളും ബാക്കിയാക്കും
ജീവിതം.
പിന്നെയൊരിലച്ചീന്തിൽ
ചെമന്ന തെച്ചിയിതളുകളിൽ
നനുത്ത തുളസിയിലപ്പച്ചയിൽ
വെളുത്ത അന്നത്തിൽ
പറ്റി നിൽക്കുന്ന എള്ളിൻ തരിക്കറുപ്പിൽ ,
ചന്ദനം മണക്കുന്ന ആരുടെയോ വിരലുകളിൽ
നിന്നിറ്റു വീഴുന്ന വെള്ളതുള്ളികളുടെ നിറമില്ലായ്മയിൽ …..
എല്ലാ ഉത്സവകാലങ്ങളുടെയും
നിറം തിരയും ഓർമ്മകൾ..
ഏതാണ് വേണ്ടത് ,
ഏതിനായിരുന്നു
നിറം രുചി മണം കൂടുതൽ
എന്ന് സന്ദേഹിയാവുമത്.
വീണ്ടും വരാം .. ചികയാം
തിരഞ്ഞ് കണ്ടെത്തി
തൃപ്തിയാവാമെന്നത്
ഒന്നും തൊട്ടു നോക്കാതെ
തിരിച്ചു പറക്കും.
മരണത്തിനും
മറവിക്കുമപ്പുറം
ഓർമ്മകൾ ഒരു
കയ്യടിയൊച്ച
കാതോർത്തിരിക്കും
എന്നും .

കല ഭാസ്‌കർ

By ivayana