മാത്യുക്കുട്ടി ഈശോ✍

ന്യൂയോർക്ക്: തെരഞ്ഞെടുക്കപ്പെടുന്നതിനു മുൻപ് തന്നെ അടുത്ത രണ്ടു വർഷത്തിൽ ഫോമാ എന്ന സംഘടനയിൽ നടത്തപ്പെടേണ്ട പ്രോഗ്രാമുകളെ കുറിച്ച് പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനും അവ മുൻകൂട്ടിത്തന്നെ അംഗ സംഘടനകളെ അറിയിക്കുന്നതിനും ആത്മാർഥതയും താൽപ്പര്യവും കാണിക്കുന്ന ടീമാണ് ജെയിംസ് ഇല്ലിക്കലിന്റെ നേതൃത്വത്തിൽ മത്സര രംഗത്തുള്ള “ഫോമാ ഫാമിലി ടീം”. വെറും സുഹൃത് ബന്ധത്തിനുപരി ഒരു കുടുംബ പശ്ചാതലത്തിൽ നിന്നുകൊണ്ട്, കുടുംബ നാഥൻറെ റോളിൽ കുടുംബത്തിലെ അംഗങ്ങളുമായി ആലോചിച്ച് സംഘടനയെ കെട്ടുറപ്പോടെ മുൻപോട്ടു കൊണ്ടുപോകുന്നതിനാണ് “ഫാമിലി ടീം” ആഗ്രഹിക്കുന്നത് എന്ന് പ്രസിഡൻറ് സ്ഥാനാർഥി ജെയിംസ് ഇല്ലിക്കൽ പറഞ്ഞു.

2024-ൽ കുടുംബസമേതം കുട്ടികളുമൊത്തു ഒരു സമ്മർ വെക്കേഷൻ ഡിസ്നി വേൾഡിലെ മാസ്മരിക ലോകത്തു ചിലവഴിക്കുന്നതിനു ഇപ്പോഴേ പ്ലാൻ ചെയ്യുന്നതിനായി അവസരം ഒരുക്കുന്നതിനാണ് അടുത്ത ഫോമാ ദ്വൈവാർഷിക കൺവെൻഷനെപ്പറ്റി “ഫാമിലി ടീം” തെരഞ്ഞെടുക്കപ്പെടുന്നതിനു മുൻപ് തന്നെ ആലോചിക്കുന്നത്. ഏറ്റവും അധികം ആളുകൾക്ക് ഏറ്റവും കുറഞ്ഞ ചിലവിൽ കുടുംബസമേതം ഒരു സമ്മർ അടിച്ചുപൊളിച്ച് ആർത്തുല്ലസിച്ച് ചെലവഴിക്കുന്നതിനുതകുന്ന പദ്ധതികളാണ് ആലോചനയിലുള്ളത്. വെറുതെ മോഹന വാഗ്‌ദാനങ്ങൾ നൽകുന്നതിനോ ഫോമായുടെ ഫണ്ട് മുഴുവൻ ആസ്ഥാന മന്ദിരത്തിനായി ചെലവഴിക്കുന്നതിനോ പകരമായി അംഗ സംഘടനകളിലെ കൂടുതൽ പേർക്ക് ദ്വൈവാർഷിക സമ്മേളനം ആനന്ദപ്രദമാക്കുന്നതിനാണ് “ഫാമിലി ടീമിന്” താൽപ്പര്യം.

നമ്മുടെ രണ്ടാം തലമുറയിലെ യുവതീ-യുവാക്കളെ ഫോമായുടെ പ്രവർത്തനങ്ങളിൽ മുൻ പന്തിയിൽ കൊണ്ടുവന്ന് അവരെ നേതൃത്വത്തിൽ കൂടുതൽ ഭാഗഭാക്കാകുന്നതിനു പ്രേരിപ്പിക്കും വിധം പ്രൊജെക്ടുകളും പ്രോഗ്രാമുകളും ആസൂത്രണം ചെയ്യുന്നതിനും സ്ത്രീ ശാക്തീകരണത്തിന് പ്രാധിനിത്യം നൽകുന്നതിന് ഉതകുന്ന പ്രോഗ്രാമുകൾ കാഴ്ച വയ്ക്കുന്നതിനുമാണ് “ഫാമിലി ടീം” മുൻ‌തൂക്കം നൽകുവാൻ ആഗ്രഹിക്കുന്നത്. ഫോമാ അംഗസംഘടനയിലെ എല്ലാവർക്കും രണ്ടു വർഷത്തിലൊരിക്കൽ ഒത്തുകൂടുന്ന കൺവൻഷൻ ഏറ്റവും ഉല്ലാസപ്രദമാക്കാൻ “ഫാമിലി ടീം” പ്രതിബദ്ധരാണ്.

വിവിധ ഔദ്യോഗിക സ്ഥാനങ്ങളിലേക്ക് “ഫാമിലി ടീമിൽ” നിന്നും മത്സരിക്കുന്ന എല്ലാ സ്ഥാനാർഥികളെയും ഒരു ടീം ആയി തെരഞ്ഞെടുത്താൽ പ്രോഗ്രാമുകളെല്ലാം സുഗമമായി മുൻപോട്ടു കൊണ്ടുപോകുവാൻ സഹായകരമായിരിക്കും എന്ന് ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്ന വിനോദ് കോണ്ടൂർ പറഞ്ഞു. ടീമിലെ മറ്റ് സ്ഥാനാർഥികൾ – ട്രെഷറർ ജോഫ്‌റിൻ ജോസ്, വൈസ് പ്രസിഡൻറ് സിജിൽ പാലക്കലോടി, ജോയിൻറ് സെക്രട്ടറി ബിജു ചാക്കോ, ജോയിൻറ് ട്രഷറർ ബബ്‌ളൂ ചാക്കോ. എല്ലാവരെയും വിജയിപ്പിച്ചു ഫോമായേ കൂടുതൽ ഉന്നതങ്ങളിലേക്ക് എത്തിക്കുവാൻ ഏവരുടെയും സഹകരണം ഉണ്ടാകണമെന്ന് ജെയിംസ് ഇല്ലിക്കൽ അഭ്യർഥിച്ചു.

By ivayana