രചന : അനിൽകുമാർ നാരായണൻ ✍
മരണമെത്തി നോക്കാത്ത പകലുകളിൽ
നാമിരുവരും കണ്ണിൽ കണ്ണും നട്ടിരുന്നു.
ഒന്നുരിയിടാനാവാതെ;
ചുംബിക്കാനാകാതെ
മൗനത്തിൻ മഞ്ചലിൽ,
നീ വിങ്ങിപ്പൊട്ടാൻ ഒരുമ്പെടും
മേഘ ശലഭം പോലെയും,
ഞാൻ തിരകൾ കവിതയെഴുതാത്ത
തീരം പോലെയും…..
മരണമെത്തി നോക്കും രാത്രിക്കാലങ്ങളിൽ
ചെറുമയക്കത്തിനിതളുകൾ
നിന്നെ തഴുകുമ്പോൾ;
എന്നിൽ നിന്നുയരും ഞരക്കങ്ങൾ
നിന്നിൽ ഭീതിയുടെ തിരകൾ ആഞ്ഞടിക്കാറുണ്ട്…..
നിന്റെ പ്രണയതീരത്തു നിന്നും;
ഞാൻ മരണ കയത്തിലേക്ക്
എടുത്തെറിയപ്പെടുമ്പോൾ;
എന്റെ അവസാന ശ്വാസപൂക്കൾ,
വിടരുന്നുണ്ടാവും നിൻ ഗർഭപാത്രത്തിൽ.