രചന : ബാബു ഡാനിയേൽ ✍

ഏതോകുന്നിന്‍ നെറുകയിലുറവയില്‍
എന്നോവന്നു പിറന്നവന്‍ ഞാന്‍
തത്തിക്കളിച്ചും പിച്ചനടന്നും
താഴേ താഴ് വരതന്നിലെത്തി.

ചാഞ്ചാടിയാടിക്കളിച്ചും മറിഞ്ഞും
കളകളംപാടിരസിച്ചും ചിരിച്ചും
സാമോദമാനന്ദനൃത്തമാടി പിന്നെ
കാലങ്ങളനവധി പോയ്മറഞ്ഞു

ബാല്യകൗമാരങ്ങള്‍ പടികടന്നെന്നില്‍
യൗവനമടിവെച്ചടുത്തുവന്നു
വാനത്തെ നിലിമയെന്നിലലിഞ്ഞു-
ഞാനാരും കൊതിയ്ക്കും സുമുഖനായി

കൊഞ്ചിക്കുഴഞ്ഞും കുണുങ്ങിച്ചിരിച്ചും
കുറുനിരച്ചില്ലകള്‍ കാറ്റില്‍പ്പറത്തിയും
കടക്കണ്ണെറിഞ്ഞും മലര്‍ശരമെയ്തും
കാമിനിമങ്കമാരെത്തിയെന്‍ ചാരേ

ആമലര്‍സായക മേറ്റെന്‍മനസ്സില്‍
അനുരാഗവല്ലി തളിര്‍ത്തുവന്നൂ.
ആരുംകൊതിക്കുന്നപെണ്‍കൊടിയാളവള്‍
ആക്കൊച്ചുചില്ലയില്‍ കൂടുകൂട്ടീ

തമ്മില്‍പ്പുണര്‍ന്നും ഒന്നായലിഞ്ഞും
അനുരാഗത്തോണി തുഴഞ്ഞുഞങ്ങള്‍.
ഇണങ്ങിയും പിണങ്ങിയും
ആമലര്‍വാടിയില്‍
സൗഭഗ സുദിനങ്ങള്‍ തീര്‍ത്തുഞങ്ങള്‍.

ഏതോതപോവന കന്യകയാളവള്‍
എന്നിലലിഞ്ഞങ്ങൊഴുകിമെല്ലേ.
പാര്‍വതീശങ്കര സംഗമമെന്നപോല്‍
അര്‍ദ്ധനാരീശ്വരനായീ.

സുരലോകസുദിനങ്ങള്‍ തീര്‍ത്തുഞങ്ങള്‍
പാരില്‍ മറ്റൊരു നാകംചമച്ചു.
അതിദ്രുതംപായുന്ന കാലത്തിന്‍ തേരില്‍
അന്നുവന്നുപതിച്ചങ്ങശനിപാതം..!

ദിഗന്തം നടുങ്ങി, മലകള്‍ വിറച്ചൂ
വാനത്തിന്‍ നെറുകയില്‍ കരിമേഘമലറി.
ധരിത്രിതന്‍മാറില്‍ പ്രളയം വിതച്ചു
വര്‍ഷമേഘങ്ങളാടി ത്തിമിര്‍ത്തു.

മാമരംവേരറ്റു കടപുഴകിവീണു.
കാട്ടാറിന്‍ തീരങ്ങള്‍ കരകവിഞ്ഞൊഴുകീ.
കുടിലുകൊട്ടരങ്ങള്‍ നിലംപൊത്തിവീണു
ആര്‍ത്തനാദങ്ങളെങ്ങും മുഴങ്ങി.

മഴപ്പെയ്ത്തിന്‍ താണ്ഡവം തുടര്‍ന്നൂ നിരന്തരം
പ്രളയം ‘പയോധി’ യായീമാറ്റിയെന്നെ.
ഇഴുകിപ്പുണര്‍ന്നൊന്നായൊഴുകിയ
കണ്‍മണി വേര്‍പിരിഞ്ഞെന്നില്‍ നിന്നും.

നദികള്‍തന്‍ മാറില്‍ ഗര്‍ത്തം ചമച്ചവര്‍,
മലകള്‍തന്‍ നെറുകയില്‍ യന്ത്രമോടിച്ചവര്‍,
അരുതുകളൊന്നൊന്നായ് ചെയ്യുന്ന മര്‍ത്ത്യന്‍,
അവനിതന്‍ രോദനം കേള്‍പ്പതുണ്ടോ.?

ബാബു ഡാനിയേൽ

By ivayana